തിരുവനന്തപുരം: പുതുമയാര്‍ന്ന വീക്ഷണ കോണിലൂടെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം ആവിഷ്കരിക്കുന്ന ഹ്രസ്വചിത്രം 'എന്നോടൊപ്പം' രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 21 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ ഡി എസ് എഫ് എഫ് കെയിലാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുക. ജൂണ്‍ 25-ന് വൈകിട്ട് ശ്രീ തിയേറ്ററിലാണ് ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദര്‍ശനം. 

ട്രാന്‍സ് വ്യക്തികളും അവരുടെ മാതാപിതാക്കളും തമ്മിലുള്ള ബന്ധവും അവരുടെ സ്വത്വത്തെ കുടുംബം എത്രത്തോളം അംഗീകരിക്കുന്നു എന്നുള്ളതുമാണ് 'എന്നോടൊപ്പ'ത്തിന്‍റെ പ്രമേയം. തിരുവനന്തപുരം നിവാസികളും ട്രാന്‍സ് ദമ്പതികളുമായ ഇഷാന്‍-സൂര്യ എന്നിവരുടെയും എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ മിയ ശിവറാമിന്‍റെയും ജീവിതത്തിലൂടെയാണ് ഡോക്യുമെന്‍ററി മുമ്പോട്ട് പോകുന്നത്. ഇഷാനും രക്ഷിതാക്കളുമായുള്ള ബന്ധം ഡോക്യുമെന്‍ററിയിലൂടെ വ്യക്തമാക്കുന്നു. 

'അവളിലേക്കുള്ള ദൂര'ത്തിന് ശേഷം പി അഭിജിത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഡോക്യുമെന്‍ററിയാണ് 'എന്നോടൊപ്പം'. 'മാധ്യമം' പത്രത്തിലെ സീനിയര്‍ ഫോട്ടോഗ്രാഫറായ പി അഭിജിത്ത് കഴിഞ്ഞ 12 വര്‍ഷങ്ങളായി ഫോട്ടോഗ്രഫിയിലൂടെയും ഡോക്യുമെന്‍ററിയിലൂടെയും ട്രാന്‍സ് സമൂഹത്തെക്കുറിച്ച് വ്യക്തമായി നിരീക്ഷിക്കുന്നയാളാണ്.

'സമൂഹത്തിന് ട്രാന്‍സ് വ്യക്തികളോടുള്ള മനോഭാവത്തില്‍ മുമ്പുള്ളതില്‍ നിന്നും മാറ്റമുണ്ടായിട്ടുണ്ട്. ഇനിയും മാറ്റങ്ങള്‍ അനിവാര്യമാണ്. 2006,2007 കാലയളവില്‍ കേരള സമൂഹത്തില്‍ പുറത്തിറങ്ങി സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭയന്ന ട്രാന്‍സ് കമ്മ്യൂണിറ്റിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസി ഉള്‍പ്പെടെയുള്ളവയ്ക്ക് സാധിച്ചിട്ടുണ്ട്. ട്രാന്‍സ് വ്യക്തിത്വങ്ങള്‍ ആദ്യം പരിഗണിക്കപ്പെടേണ്ടതും അംഗീകരിക്കപ്പടേണ്ടതും അവരുടെ വീടുകളില്‍ തന്നെയാണ്. എങ്കില്‍ മാത്രമെ സമൂഹത്തിലും അത്തരം അംഗീകാരങ്ങള്‍ ലഭിക്കുകയുള്ളൂ'-  പി അഭിജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറ‍ഞ്ഞു.

ഡ്രീം ക്യാപ്ച്ചര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എ ശോഭിലയാണ് ഡോക്യുമെന്‍ററി നിര്‍മ്മിച്ചിരിക്കുന്നത്. അജയ് മധുവാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് അമല്‍ജിത്ത്. സൗണ്ട് മിക്സിങ് ഷൈജു എം. സബ് ടൈറ്റില്‍സ് അമിയ മീത്തല്‍. ഡിസൈന്‍സ് ടി ശിവജി കുമാര്‍.