പറയാതെപോയ പ്രണയത്തിന്റെ വേദനകള്‍ വരച്ചിട്ട നോട്ട് ബുക്ക് എന്ന ഷോര്‍ട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടുന്നു. നവാഗതനായ ദിലീപ് ശശിധരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് കൊളേജ് വിദ്യാര്‍ത്ഥികളുടെ സൗഹൃദവും അവര്‍ പരസ്പരം പറയാതെ പോകുന്ന പ്രണയവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. യുട്യൂബില്‍ റിലീസ് ചെയ്ത് ഒരു ആഴ്ചയ്ക്കകം രണ്ട് ലക്ഷത്തിനടുത്ത് പ്രേക്ഷകരാണ് കൊച്ചുചിത്രം കണ്ടത്.

അങ്കമാലി ഡയറീസിലൂടെ സിനിമാ രംഗത്തെത്തിയ യുവതാരം ആന്റണി വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നോട്ട് ബുക്ക് റിലീസ് ചെയ്തത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷാണ് ടീസര്‍ പുറത്തിറക്കിയത്. ആലുവ കടങ്ങല്ലൂര്‍ സ്വദേശിയായ ദിലീപ് കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ഷോര്‍ട്ട് ഫിലിമാണിത്. പ്രണയത്തിലും സൗഹൃദത്തിനും പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരുക്കുന്നത്. ഒരു ഫീല്‍ഗുഡ് മൂവി ഗണത്തില്‍ ഉള്‍പ്പെത്താവുന്ന ചിത്രം സസ്പെന്‍സോടെയാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

അഞ്ച് ദിവസങ്ങളെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കളറ്റീവ് ഫണ്ട് പിക്ച്ചേഴ്സിന്റെ ബാനറില്‍ അര്‍ഷദ് അലിയാണ് നോട്ട് ബുക്ക് നിര്‍മിച്ചിരിക്കുന്നത്. ആലുവ സ്വദേശി ലക്ഷ്മി രാധാകൃഷ്ണനാണ് നായിക. ആല്‍ബര്‍ട്ട് ഷാജു നായക കഥാപാത്രം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചതും ആല്‍ബട്ട് തന്നെ. 

പുതുമുഖ മലയാള സിനിമ സംവിധായകരില്‍ ബിലഹരി കെ രാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യംചെയ്യുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ  അള്ള് രാമേന്ദ്രന്റെ സംവിധായകനാണ് ബിലഹരി.  സന്ദീപ് ചന്ദ്രന്‍, ഇന്ദുലേഖ, വരുണ്‍ ധാര എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സജി മാര്‍കോസ് സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ജിമ്മി ഡാനിയുടേതാണ് ക്യാമറ.

എറണാകുളത്ത് ഇന്‍ഫോ പാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ദിലീപ് രണ്ട് ഹൃസ്വചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്തിരുന്നു. മലയാളത്തില്‍ വന്‍ഹിറ്റായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷവും കൈകര്യം ചെയ്തിട്ടുണ്ട്. നോട്ട് ബുക്കിനൊപ്പം പുറത്തിറങ്ങിയ കൊയ്ത്ത് എന്ന ഹൃസ്വചിത്രത്തില്‍ സുപ്രധാന വേഷവും ദിലീപിന്റേതായുണ്ട്. 

നോട്ട് ബുക്കിന് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്ന് ദിലീപ് പറഞ്ഞു. മാത്രമല്ല രണ്ടാം ഭാഗം ഇറക്കണമെന്ന നിര്‍ദേശവും വന്നിട്ടുണ്ട്. സിനിമ തന്നെയാണ് പ്രധാന ലക്ഷ്യമെന്നും സംവിധാനത്തോടൊപ്പം അഭിനവും മുന്നോട്ട് കൊണ്ടുപോവും. എന്നാല്‍ ഇനിയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയ ശേഷം മാത്രമെ സിനിമയെ കുറിച്ച് ചിന്തിക്കൂവെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.