മഞ്ജു വാര്യര്‍, ശ്യാമപ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവർ അഭിനയിച്ചിരിക്കുന്നു
ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത ഒരു ചിത്രം വരുന്നു. എന്നാല്‍ ഒരു ഫീച്ചര്‍ ചിത്രമല്ല, മറിച്ച് ഷോര്‍ട്ട് ഫിലിം ആണ് ഇത്. ആരോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് അഭിനയിക്കുന്നത്. രഞ്ജിത്തിന്‍റെ ക്യാപിറ്റോള്‍ തിയറ്ററുമായി ചേര്‍ന്ന് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കുന്നത് എന്നതും പ്രത്യേകതയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്നലെ പുറത്തെത്തിയിരുന്നു. വിവിധ ചലച്ചിത്ര മേളകളിലാവും ചിത്രം പ്രദര്‍ശിപ്പിക്കുക.
ചിത്രത്തിന്‍റെ കഥയും സംഭാഷണവും വി ആര്‍ സുധീഷിന്‍റേതാണ്. കല്‍പ്പറ്റ നാരായണന്‍റെ കവിതയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രന്‍, പശ്ചാത്തല സംഗീതം ബിജിബാല്‍, എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, ഡിഐ ലിജു പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, അസോസിയേറ്റ് ഡയറക്ടേഴ്സ് റിത്വിക് ലിമ രാംദാസ്, വിവേക് പ്രശാന്ത് പിള്ള, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, ബിടിഎസ് സുജിത്ത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്.
2018 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഡ്രാമയ്ക്ക് ശേഷം രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ഫീച്ചര്‍ ലെങ്ത് ചിത്രങ്ങള്‍ ഒന്നും വന്നിട്ടില്ല. എന്നാല്‍ എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജിയിലെ ഒരു ലഘു ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്തിരുന്നു. കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രമായിരുന്നു ഇത്. ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു.
പ്രാഞ്ചിയേട്ടന്‍ ആൻഡ് ദി സെയിന്‍റ്, ബ്ലാക്ക്, പ്രജാപതി, കൈയൊപ്പ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, പുത്തന്‍ പണം എന്നീ ചിത്രങ്ങള്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്.



