സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി സലിം കുമാര്‍ കേന്ദ്രകഥാപാത്രമായി എത്തിയ താമര എന്ന ഹ്രസ്വചിത്രം. കാലിക പ്രസക്തിയുള്ള  ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഹാഫിസ് മുഹമ്മദാണ്. സമകാലിക വിഷയങ്ങൾ ചര്‍ച്ചചെയ്യുന്ന ചിത്രത്തില്‍  ലുക്ക് മാനും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.

വാട്‍സ് ആപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും പെണ്‍കുട്ടികളുടെ നഗ്നവീഡിയോ ഷെയര്‍ ചെയ്യുന്നതും ഇതുമൂലം ഒരു കുടുംബത്തിന് സംഭവിക്കുന്ന ദുരന്തവുമാണ് ചിത്രത്തിന്‍റെ പ്രമേയം. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ രതീഷ് രവിയാണ് താമരയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു എന്നീ ചിത്രങ്ങളിലേതുപോലെ കരുത്തുറ്റ കഥാപാത്രമായാണ് സലിം കുമാര്‍ താമരയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

ഷിജു എം ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഹ്രസ്വചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്. അബ്ദുള്‍ മനാഫ്, പി ബി മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സലിം കുമാറിനെ കൂടാതെ രവീന്ദ്ര ജയന്‍, സിബി തോമസ്, എന്നിവര്‍ താമരയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.