വിവാഹേത ബന്ധം എങ്ങനെയാണ് ഒരു കുടുംബത്തെ ബാധിക്കുന്നുവെന്ന് പറയുകയാണ് ദി ബെറ്റര്‍ ഹാഫ് എന്ന ഹ്രസ്വ ചിത്രം. ചലച്ചിത്ര താരമായ പ്രിയങ്ക നായര്‍ ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം കൂടിയാണ് ദി ബെറ്റര്‍ ഹാഫ്. ചിത്രം അണിയറപ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ സംഭാഷണമില്ല എന്നൊരു പ്രത്യേകതയുണ്ട്. വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന രണ്ട് പേർ തമ്മിലുള്ള അവിഹിത ബന്ധവും ഒന്നിച്ചു ജീവിക്കാൻ ഇരുവരും  തങ്ങളുടെ ജീവിത പങ്കാളികളെ രാത്രിയിൽ കൊലപ്പെടുത്തുന്നതുമാണ് ബെറ്റർ ഹാഫിന്റെ പ്രമേയം. പ്രിയങ്കയ്‍ക്ക് പുറമേ അനീഷാണ് മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. അഭിലാഷ് പുരുഷോത്തമൻ കഥയെഴുതി നിർമ്മിച്ച  ഹ്രസ്വ ചിത്രം വിഷ്‍ണുവാണ്  സംവിധാനം ചെയ്‍തിരിക്കുന്നത്. മിഥുൻ മുരളിയാണ്  പശ്ചാത്തല സംഗീതം. പ്രശാന്ത് ദീപു , ലിജു എന്നിവർ ചേർന്ന് ക്യാമറ ചെയ്‍ത ചിത്രത്തിന്റെ എഡിറ്റിംഗ് മിഥുനും, എഫക്റ്റ്സ് വിപിനും   ആണ് ചെയ്‍തിരിക്കുന്നത്.