ഒട്ടേറെ ശ്രദ്ധേയ സിനിമകള്‍ക്ക് വിഷയമായിട്ടുള്ള രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ. ഇപ്പോഴിതാ മറവിരോഗം പശ്ചാത്തലത്തില്‍ വരുന്ന ഒരു ഹ്രസ്വചിത്രവും പ്രേക്ഷകശ്രദ്ധ നേടുന്നു. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കൃഷ്ണഭാസ്‌കര്‍ മംഗലശ്ശേരി എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പക്ഷേ മറവിരോഗം മാത്രമല്ല പരാമര്‍ശിക്കപ്പെടുന്നത്. വയോധികരെ പരിചരിക്കാനോ അവശ്യസമയത്ത് വേണ്ട ശ്രദ്ധ നല്‍കാനോ സമയമില്ലാതെ തിരക്കുകളിലേക്ക് ഊളിയിടുന്ന ഒരു തലമുറയ്ക്ക് നേരെയും ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നുണ്ട് ചിത്രം.

കൊച്ചിയിലെയും കോഴിക്കോട്ടെയും പ്രദര്‍ശനങ്ങളില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം യുട്യൂബിലും ഫേസ്ബുക്കിലും റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ഡിമെന്‍ഷ്യ ബാധിച്ച അമ്മയായി സേതുലക്ഷ്മി എത്തുമ്പോള്‍ മക്കളായി സുധി കോപ്പയും ശബരീഷ് വര്‍മ്മയും എത്തുന്നു. ശ്രീധന്യ തെക്കേടത്ത്, മാസ്റ്റര്‍ വര്‍ക്കിച്ചന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 'ചുമടുതാങ്ങി' എന്ന യുവഗായകസംഘം ചിട്ടപ്പെടുത്തി ആലപിച്ച ഗാനം ചിത്രത്തില്‍ അവര്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. 

ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വര്‍. എഡിറ്റിംഗ് വിപിന്‍ വിജയന്‍. പശ്ചാത്തലസംഗീതവും ക്ലൈമാക്‌സിലെ ഗാനവും ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോന്‍. കലാസംവിധാനം നാദന്‍ കെ എസ്. അസോസിയേറ്റ് ഡയറക്ടര്‍ ബിനോയ് കോട്ടക്കല്‍.