സുനില്‍ സുഖദ അഭിനയിച്ച വാര്യത്തെ ചക്ക എന്ന ഷോര്‍ട് ഫിലിം ശ്രദ്ധ നേടുന്നു.

കൊവിഡ് കാലത്തെ വീട്ടിലിരിപ്പ് പാചകപരീക്ഷണങ്ങളുടെ കൂടെ കാലമായിരുന്നു. പലതരം വിഭവങ്ങള്‍ ഉപയോഗിച്ചുള്ള പാചകപരീക്ഷണങ്ങള്‍. ഓരോ പാചകപരീക്ഷണങ്ങളും ഓണ്‍ലൈനില്‍ തരംഗമായി. കൊവിഡ് കാലത്ത് ചക്കക്കുരു കൊണ്ടുണ്ടാക്കുന്ന ഷെയ്‍ക്ക് അടക്കമുള്ളവയായിരുന്നു മലയാളികളുടെ പ്രിയ വിഭവങ്ങള്‍. അടുക്കളയില്‍ പലതരം വിഭവങ്ങള്‍ സമ്മാനിച്ച ചക്ക ഇതാ ഷോര്‍ട് ഫിലിമായി യൂട്യൂബിലും താരമായി മാറുന്നു.

വാര്യത്തെ ചക്ക എന്ന ഷോര്‍ട് ഫിലിമാണ് ശ്രദ്ധ നേടുന്നത്. ഏറെ നിഗൂഢതകളുള്ള പ്ലാവിലെ ചക്ക സുനിക്കുട്ടൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ ചില നിർണായക രംഗങ്ങൾ സൃഷ്‍ടിക്കുന്നതാണ് ഷോര്‍ട് ഫിലിമിന്റെ പ്രമേയം. റിലീസ് ചെയ്‍ത് ഏതാനും മണിക്കൂറിനുള്ളിൽ ട്രെൻഡ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തി വാര്യത്തെ ചക്ക. വളരെ മനോഹരമായി പറഞ്ഞു പോകുന്ന ചിത്രം ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലും മികച്ചു നിൽക്കുന്നു. ശരത് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. തിരക്കഥ സംവിധായകനും നിംസും ചേർന്ന് എഴുതിയിരിക്കുന്നു. അക്ഷയ് ഇ എൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുനിൽ സുഖദ, കലേഷ് കണ്ണാട്ട്, പ്രമോദ് വെളിയനാട്, സുനിൽ മേലേപ്പുറം, സൂരജ് സത്യൻ, വിനു വിജയകുമാർ, ദൃശ്യ കെ ശശി, നന്ദു കൃഷ്‍ണൻ, അഖിൽ സാജ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ശ്രീകാന്ത് മുരളിയുടെ ശിഷ്യനായ ശരത്കുമാർ അനൂപ് മേനോൻ സംവിധാനം ചെയ്‍ത കിംഗ് ഫിഷ്, ജോസ് തോമസിന്റെ ഇഷ എന്നീ ചിത്രങ്ങളിലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. വളരെയധികം നിരൂപക പ്രശംസ നേടിക്കൊടുത്ത വെയിൽ മായും നേരം എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകനും കൂടിയാണ് ശരത്കുമാർ.