സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍, പാര്‍ട്ടിയുടെ ശക്തി, നേതാവിന്റെ പ്രഭാവം തുടങ്ങിയവയൊക്കെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ക്ക് വിഷയങ്ങളായിട്ടുണ്ടെന്ന് ചരിത്രം.
തെരഞ്ഞെടുപ്പ് കാലങ്ങള്‍ മുദ്രാവാക്യങ്ങളുടേത് കൂടിയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍, പാര്‍ട്ടിയുടെ മേന്മ, വ്യക്തിപ്രഭാവം തുടങ്ങി മുന്നോട്ട് വയ്ക്കുന്ന പ്രചാരണ ആയുധം എന്ത് തന്നെയായാലും മുദ്രാവാക്യം ഇല്ലാതൊരു തെരഞ്ഞെടുപ്പ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിന്തിക്കാനാവില്ല. ഇക്കുറിയും പതിവ് പോലെ ബിജെപി തന്നെയാണ് പുതിയ മുദ്രാവാക്യങ്ങളുമായി ആദ്യം പ്രചാരണം തുടങ്ങിയത്. മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യം എന്ന് വികസനനേട്ടങ്ങള്‍ അക്കമിട്ട് നിരത്തി ജനങ്ങളോട് ബിജെപി പറയുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള കിടിലന്‍ മുദ്രാവാക്യം എന്താവണമെന്ന ആലോചനയിലാണ് കോണ്‍ഗ്രസ്.
1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഇത്തരം പ്രചാരണ മുദ്രാവാക്യങ്ങളുടെ സ്വാധീനം നമുക്ക് കാണാനാകും. സത്യങ്ങളെ മുന്‍നിര്‍ത്തിയല്ല മുദ്രാവാക്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് അന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കയറിയിട്ടുള്ളതത്രേ. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍, പാര്‍ട്ടിയുടെ ശക്തി, നേതാവിന്റെ പ്രഭാവം തുടങ്ങിയവയൊക്കെ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ക്ക് വിഷയങ്ങളായിട്ടുണ്ടെന്ന് ചരിത്രം.
'ആരാം ഹറാം ഹേ '(വിശ്രമം തനിക്ക് അനുവദനീയമല്ല)എന്നാണ് 1957ല്‍ തെരഞ്ഞെടുപ്പ് കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു ജനങ്ങളോട് ഉറക്കെ പ്രഖ്യാപിച്ചത്. പിന്നാലെ വന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി 1965ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് ദേശീയബോധത്തിലൂന്നി ജനങ്ങളെ ആവേശത്തിലാക്കാന്‍ പര്യാപ്തമായ മുദ്രാവാക്യം മുഴക്കി. 'ജയ് ജവാന്‍ ജയ് കിസാന്‍' എന്നായിരുന്നു ആ മുദ്രാവാക്യം. 1971ല്‍ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പിനെ നേരിട്ടത് 'ഗരീബി ഹഠാവോ' എന്ന വാഗ്ദാനവുമായി ആയിരുന്നു. 1977ല്‍ അതിന്റെ മറുപടിയായി 'ഇന്ദിരാ ഹഠാവോ, ദേശ് ബച്ചാവോ' (ഇന്ദിരയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ) എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യ കേട്ടു.
1984 ഒക്ടോബര്‍ 31ന് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു. ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യം 'ജബ് തക് സൂരജ്-ചാന്ദ് രഹേഗാ, ഇന്ദിരാ തേരാ നാം രഹേഗാ' (സൂര്യചന്ദ്ന്മാര്‍ ഉള്ളിടത്തോളം കാലം ഇന്ദിരയുടെ പേരും ഉണ്ടാകും)എന്നായിരുന്നു. അന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
1996ല്‍ ബിജെപി മുന്നോട്ട് വച്ചത് 'സബ്‌കോ ദേഖാ ബാരി-ബാരി,അബ്കി ബാരി അടല്‍ ബിഹാരി' എന്ന മുദ്രാവാക്യമായിരുന്നു. ഭരണവിരുദ്ധവികാരവും ജനങ്ങളുടെ നിരാശയും ഉച്ചസ്ഥായിയിലായിരുന്ന അന്ന് ജനവിധി ബിജെപിയെ തുണച്ചു. മുദ്രാവാക്യത്തിലേത് പോലെ അത് വാജ്‌പേയിയുടെ സമയം തന്നെയായിരുന്നു. പക്ഷേ,2004ല്‍ 'ഇന്ത്യ തിളങ്ങുകയാണ്' എന്ന് ബിജെപി പറഞ്ഞത് ജനങ്ങള്‍ വിശ്വസിച്ചില്ല എന്നതും ചരിത്രം.
2014ല്‍ ബിജെപി പറഞ്ഞത് 'അച്ഛേ ദിന്‍ ആനേ വാലേ ഹേ' എന്നാണ്. നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്ന വിശ്വാസത്തില്‍ ജനങ്ങള്‍ ബിജെപിക്ക് ഒപ്പം നിന്നപ്പോള്‍ വിജയം നരേന്ദ്രമോദിയെത്തേടിയെത്തി. അന്ന് കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യം 'ഞാന്‍ അല്ല നമ്മള്‍' എന്നതായിരുന്നു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുദ്രാവാക്യങ്ങള്‍ എന്താവണമെന്ന അണിയറ ചര്‍ച്ച കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. പ്രവര്‍ത്തകരില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചെന്ന് പാര്‍ട്ടി വക്താക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ നല്കിയ മുദ്രാവാക്യങ്ങളില്‍ നിന്ന് മികച്ചവ തെരഞ്ഞെടുക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഔദ്യോഗിക മുദ്രാവാക്യം ഇനിയും പുറത്തുവന്നില്ലെങ്കിലും 'കാവല്‍ക്കാരന്‍ കള്ളനാണ്' (ചൗകിദാര്‍ ചോര്‍ ഹേ) എന്ന പ്രയോഗം തെരഞ്ഞെടുപ്പ് കാലത്ത് ഹിറ്റായിട്ടുണ്ട്. ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 'ഞാനും കാവല്‍ക്കാരനാണ്' ക്യാമ്പയിനും തുടങ്ങിക്കഴിഞ്ഞു.
