അരുണാചല്‍ പ്രദേശിലെ അഞ്ജൗ ജില്ലയിലാണ് ഈ 'ഒറ്റയാള്‍' പോളിംഗ് ബൂത്ത്.
ഒരേയൊരു വോട്ടര്‍ക്ക് വേണ്ടി മാത്രമായി ഒരു പോളിംഗ്‌സ്‌റ്റേഷന്‍. അവിടെയെത്താന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ നടക്കേണ്ട സമയമോ 12 മണിക്കൂറിലധികവും!!
അരുണാചല്‍ പ്രദേശിലെ അഞ്ജൗ ജില്ലയിലാണ് ഈ 'ഒറ്റയാള്‍' പോളിംഗ് ബൂത്ത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിവിടം. ജില്ലാഭരണകേന്ദ്രം സ്ഥിതി ചെയ്യുന്നിടത്ത് നിന്ന് 39 കിലോമീറ്റര്‍ ദൂരം അകലെയാണ് ഹയൂലിയാങ് നിയമസഭാ മണ്ഡലത്തിലെ മലോഗാമിലുള്ള ഈ പോളിംഗ് സ്‌റ്റേഷന്‍്. സൊകേല തയാങ് എന്ന 39കാരി മാത്രമാണ് ഇവിടുത്തെ വോട്ടര്‍.
വളരെക്കുറച്ച് കുടുംബങ്ങള്‍ മാത്രമാണ് മലോഗാമില്‍ താമസക്കാരായുള്ളത്. സൊകേല ഒഴികെയുള്ളവരുടെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റ് പോളിംഗ്‌സ്‌റ്റേഷനുകളിലാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ സൊകേലയുടെ ഭര്‍ത്താവ് ജനേലും തയാങിനും ഇവിടെത്തന്നെയായിരുന്നു വോട്ട്. എന്നാല്‍, ചില പ്രത്യേക കാരണങ്ങളാല്‍ ഇക്കുറി അദ്ദേഹത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരു പോളിംഗ് സ്‌റ്റേഷനിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.
"ഒരു ദിവസത്തെ യാത്രക്ക് ശേഷം മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സ്‌റ്റേഷനിലേക്ക് എത്താനാകൂ. അവിടെ അവര്‍ വോട്ടെടുപ്പ് ദിവസം രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഇരിക്കേണ്ടിവരും. സൊകേല എപ്പോഴാണ് വോട്ട് ചെയ്യാന്‍ വരുന്നതെന്നറിയില്ലല്ലോ. നേരത്തെയെത്തണമെന്ന് ഒരു വോട്ടര്‍ക്ക് നിര്‍ദേശം നല്‍കുന്നതും ചട്ടവിരുദ്ധമാണല്ലോ." സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ലികെന്‍ കൊയു പറഞ്ഞു.
അരുണാചല്‍ പ്രദേശില്‍ ലോക്‌സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ് നടക്കുന്നത്.ഏപ്രില്‍ 11നാണ് തെരഞ്ഞെടുപ്പ്.
