പട്‌ന: ഏപ്രില്‍ 11 മുതല്‍ മെയ്‌ 19 വരെ നീളുന്ന വോട്ടെടുപ്പ്‌ കാലം ബീഹാറിലെ ജനങ്ങളെ കുറച്ചൊന്നുമല്ല കുഴപ്പത്തിലാക്കിയിരിക്കുന്നത്‌. സംസ്ഥാനത്ത്‌ ഇത്‌ വിവാഹ സീസണ്‍ ആണ്‌. തെരഞ്ഞെടുപ്പ്‌ മേളങ്ങള്‍ക്കിടയില്‍ വിവാഹാഘോഷങ്ങള്‍ നടത്തുക അത്ര എളുപ്പമായിരിക്കില്ലെന്നതാണ്‌ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്‌. 

ഏപ്രില്‍ 15 മുതല്‍ 26 വരെയുള്ള തുടര്‍ച്ചയായ 12 ദിവസങ്ങളിലും മെയ്‌ 1 മുതല്‍ 23 വരെയുള്ള 15 ദിവസങ്ങളിലുമാണ്‌ ബീഹാറുകാര്‍ക്ക്‌ ഇത്തവണ വിവാഹാഘോഷങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തങ്ങള്‍ ഉള്ളത്‌. 6 ഘട്ടങ്ങളിലായാണ്‌ ബീഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ തീയതികളും മുഹൂര്‍ത്ത ദിവസങ്ങളും ഒരുമിച്ച്‌ വരുന്നതോടെ എന്ത് ചെയ്യണമെന്നാണ്‌ ജനങ്ങള്‍ക്ക്‌ ആശങ്ക. ഏപ്രില്‍ 11, 18, 23, 29, മെയ്‌ 12, 19 തീയതികളാണ്‌ ഇത്തരത്തില്‍ ഒരുമിച്ച്‌ വരിക. ഈ ദിവസങ്ങളില്‍ വിവാഹാഘോഷങ്ങള്‍ നടത്തിയാല്‍ അത്‌ വോട്ടെടുപ്പിനെ ബാധിക്കുമെന്ന്‌ ജനങ്ങള്‍ പറയുന്നു. ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വിവാഹം കൂടണോ ? അതോ വോട്ട്‌ ചെയ്യണോ എന്ന്‌ ചോദിച്ചാല്‍ വിവാഹം കൂടണമെന്നാണ്‌ കൂടുതല്‍ പേരും പറയുക എന്നാണ്‌ റിപ്പോര്‍ട്ട്‌.

വിവാഹപാര്‍ട്ടികള്‍ക്കായി വാഹനങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ്‌ രണ്ടാമത്തെ പ്രശ്‌നം. തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചുള്ള ദിവസങ്ങളിലൊന്നും ബസ്സുകളോ വലിയ വാഹനങ്ങളോ വിവാഹ പാര്‍ട്ടികള്‍ക്കായി വിട്ടുകിട്ടാന്‍ സാധ്യതയില്ല. നഗരപ്രദേശങ്ങളില്‍ ആഡംബര വാഹനങ്ങള്‍ ലഭിക്കുമെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ വലിയ വാഹനങ്ങളെല്ലാം തന്നെ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്കായി ഉപയോഗിക്കപ്പെടും. അതു മാത്രമല്ല ഉള്ള വാഹനങ്ങള്‍ക്ക് തന്നെ വലിയ തുക വാടക ഇനത്തില്‍ നല്‍കേണ്ടി വരും. 

വിവാഹം നടത്താന്‍ ഓഡിറ്റോറിയങ്ങളോ ഹാളുകളോ സ്‌കൂളുകളോ ലഭിക്കില്ലെന്നതാണ്‌ മറ്റൊരു പ്രശ്‌നം. എല്ലായിടവും തെരഞ്ഞെടുപ്പ്‌ ബൂത്തുകളോ തെരഞ്ഞെടുപ്പ്‌ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളാകും. വിവാഹ ആഘോഷങ്ങളോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന കലാപരിപാടികള്‍ക്ക്‌ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനാവില്ലെന്നതും പ്രതിസന്ധിയാണ്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടലംഘനമാകും എന്നതിനാല്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കില്ലല്ലോയെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌. എന്തായാലും വിവാഹമാണോ വോട്ടെടുപ്പാണോ വലുത്‌ എന്ന്‌ ചിന്തിച്ചുകൊണ്ടിരിക്കുകയാണത്രേ ബീഹാറിലെ ജനങ്ങള്‍ !