'കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് നഷ്ടപ്പെടുക' എന്നുവെച്ചാൽ എന്താണെന്നറിയുമോ...? ഇല്ലെങ്കിൽ കൃഷ്ണമൂർത്തി സാറിനോട് ചോദിച്ചാൽ മതി. വളരെ വ്യക്തമായി പറഞ്ഞു തരും. ഏത് കൃഷ്ണമൂർത്തിയെന്നോ..? 1990 മുതൽ 95 വരെ കേരള സംസ്ഥാനത്തിന്റെ ഗവർണറായിരുന്ന, കർണ്ണാടക രാഷ്ട്രീയത്തിലെ അതികായനായ, ദളിത് കോൺഗ്രസ്സ് നേതാവ് ബി.രാച്ചയ്യയുടെ മകൻ, എ ആർ കൃഷ്ണമൂർത്തി. 
 
ഇന്ത്യൻ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. 'ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ മാർജ്ജിനിൽ ' ഒരു തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ റെക്കോർഡ് അദ്ദേഹത്തിനാണ് . 2004-ൽ കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ, സംതെമാർഹള്ളി മണ്ഡലത്തിൽ, ജനതാദൾ സെക്കുലറിനു വേണ്ടി മത്സരിക്കാനിറങ്ങിയ എ ആർ കൃഷ്ണമൂർത്തി, എതിരാളിയായ കോൺഗ്രസ്സിലെ ആർ. ധ്രുവനാരായണയോട് തോറ്റത് വെറും ഒരൊറ്റ വോട്ടിനാണ്.  
 
മനസ്സിൽ ചാരം മൂടിക്കിടന്നിരുന്ന ആ പഴയ തോൽവിയുടെ ഓർമ്മകൾ എ ആർ കൃഷ്ണമൂർത്തി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനു വേണ്ടി വീണ്ടും പൊടി തട്ടിയെടുത്തു. എൺപതുകളുടെ മധ്യത്തോടെ അച്ഛൻ രാച്ചയ്യയുടെ വഴി പിന്തുടർന്ന് മകൻ കൃഷ്ണമൂർത്തിയും രാഷ്ട്രീയത്തിലെത്തി. കൃഷ്ണമൂർത്തിയുടെ തിരഞ്ഞെടുപ്പിലെ കന്നിയങ്കം 1989 ലായിരുന്നു. '85 വരെ അച്ഛൻ രാച്ചയ്യ ജനതാ പാർട്ടിയുടെ ടിക്കറ്റിൽ നിന്നും മത്സരിച്ചു ജയിച്ചുകൊണ്ടിരുന്ന മണ്ഡലമായിരുന്നു സംതെമാർഹള്ളി. '89 -ൽ അച്ഛൻ മകന് വേണ്ടി വഴിമാറിക്കൊടുത്തു. അവിടെ ജനതാ ദളിന്റെ ബാനറിൽ മകൻ വന്നപ്പോഴേക്കും സീറ്റ് കൈവിട്ടുപോയി. കോൺഗ്രസിലെ സിദ്ധയ്യ പതിനെട്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സംതെമാർഹള്ളി സീറ്റ് ജനതാ പാർട്ടിയിൽ നിന്നും പിടിച്ചെടുത്തു. 

എന്നാൽ അടുത്ത തെരഞ്ഞെടുപ്പായപ്പോഴേക്കും ആശാൻ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞു കഴിഞ്ഞിരുന്നു. സംതെമാർഹള്ളി മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യവും മാറിമറിഞ്ഞു. എന്തായാലും 1994 -ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ, മണ്ഡലത്തിൽ ആകെയുണ്ടായിരുന്ന 82927-ൽ 39905വോട്ടുകളും നേടി കൃഷ്ണമൂർത്തി ജയിച്ചുകേറി. തൊട്ടുപിന്നിലെത്തിയത്  27652 വോട്ടുനേടിയ ബിജെപിയ്ക്കുയുടെ ടി ഗോപാലായിരുന്നു   '89 -ൽ വെറും 765  വോട്ടുമാത്രമാണ് മണ്ഡലത്തിൽ ബിജെപി നേടിയിരുന്നത് എന്നോർക്കണം. ആ ഉലച്ചിലിൽ സിറ്റിങ്ങ് എംഎൽഎ സിദ്ധയ്യ വെറും 3184 വോട്ടുമാത്രം നേടി നാലാം സ്ഥാനത്തേക്ക് പോയി. 

1999-ലും കൃഷ്ണമൂർത്തി തന്റെ വിജയം ആവർത്തിച്ചു. അപ്പോഴേക്കും ജനതാദൾ 'സെക്കുലർ' വിട്ട്  'യുണൈറ്റഡ് ' ആയിക്കഴിഞ്ഞിരുന്നു അദ്ദേഹം. ജനതാദൾ 'സെക്കുലറും' അക്കുറി മത്സരത്തിനുണ്ടായിരുന്നതുകൊണ്ട് കൃഷ്ണമൂർത്തിയുടെ ഭൂരിപക്ഷം കുറഞ്ഞു. അവർ എണ്ണായിരത്തിനു മേലെ വോട്ടുപിടിച്ചു 'സെക്കുലർ'സ്ഥാനാർത്ഥി. എന്നാലും, ബിജെപിയ്ക്കു വേണ്ടി മത്സരിച്ച ആർ. ധ്രുവനാരായണയെ അയ്യായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ച് കൃഷ്ണമൂർത്തി രണ്ടാമതും  നിയമസഭയിലെത്തി.  കൃഷ്ണമൂർത്തിയ്ക്ക് മുപ്പതിനാലായിരത്തോളം വോട്ടു കിട്ടി അന്ന്. രണ്ടാമതെത്തിയ ബിജെപി സ്ഥാനാർത്ഥിക്ക് ഇരുപത്തിയെട്ടായിരത്തോളം വോട്ടും കിട്ടി. കോൺഗ്രസ് സ്ഥാനാർത്ഥിയും പതിനായിരത്തോളം വോട്ട് നേടി സ്ഥിതി മെച്ചപ്പെടുത്തി.   

2004  ആയപ്പോഴേക്കും, സാന്തെമാർഹള്ളി മണ്ഡലത്തിൽ കൃഷ്ണമൂർത്തിയെ പൂട്ടാനുള്ള 'ചക്രവ്യൂഹം'  തയ്യാറായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ ബിജെപിയിൽ ആയിരുന്ന ധ്രുവനാരായണ ഇത്തവണ പാർട്ടിമാറി കോൺഗ്രസ്സിന്റെ  ജഴ്സിയണിഞ്ഞ് തയ്യാർ. കൃഷ്ണമൂർത്തിയുടെ വോട്ടുകൾ അപഹരിക്കാൻ ഒന്നല്ല, രണ്ട് അപരന്മാരും റെഡി. സി എം കൃഷ്ണമൂർത്തി എന്ന പേരിൽ ഒരു അപരനെ ബി എസ് പി യുടെ ബാനറിലും, എം എസ് കൃഷ്ണമൂർത്തി എന്ന പേരിൽ മറ്റൊരു അപരനെ ജനതാ പാർട്ടിയുടെ ബാനറിലും നിർത്തിക്കളഞ്ഞു എതിരാളികൾ. ഇന്ത്യൻ തെരഞ്ഞെടുപ്പിലെ ശേഷാപഹാരകാലത്ത് ഊർജിതമായി നടപ്പിൽ വരുത്താനിറങ്ങിയ പുതിയ പരിഷ്കാരമായിരുന്ന ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ (EVM) എല്ലാ മണ്ഡലങ്ങളിലും ഉപയോഗപ്പെടുത്തുന്ന ആദ്യതിരഞ്ഞെടുപ്പുകളിൽ ഒന്ന്.  റിസൾട്ടു വന്നപ്പോൾ ഒന്നാം അപരൻ, 5742  വോട്ടുകളും, രണ്ടാം അപരൻ 2385 വോട്ടുകളും   കൃഷ്ണമൂർത്തിയുടെ അക്കൗണ്ടിൽ നിന്നും അടർത്തിമാറ്റിക്കളഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുപത്തെട്ടായിരത്തില്പരം വോട്ടുകൾ നേടിയ ബിജെപിയ്ക്ക് അത്തവണ കിട്ടിയ വോട്ട് വെറും മൂവായിരം. ആ ഇരുപത്തയ്യായിരം വോട്ടും ബിജെപിക്കാർ എ ആർ കൃഷ്ണമൂർത്തിയെ മറിച്ചിടാൻ വേണ്ടി കൈപ്പത്തിക്കുമേലെ മറിച്ചുകുത്തി. 

എതിരാളികൾ ഇത്രയൊക്കെ ചെയ്തിട്ടും എ ആർ കൃഷ്ണമൂർത്തി ആ തെരഞ്ഞെടുപ്പിൽ 40751 വോട്ടുകൾ നേടി.  ചക്രവ്യൂഹം ചമച്ച് മൂർത്തിയെപ്പൂട്ടാനിറങ്ങിയ ധ്രുവനാരായണയ്ക്ക്  ഇത്രയും ബഹളം വെച്ചിട്ടും കിട്ടിയ വോട്ടുകളുടെ എണ്ണം 40752. അതായത്, ആകെ ഭൂരിപക്ഷം വെറും ഒരേയൊരു വോട്ട്..!!

ഇന്ന് അതേക്കുറിച്ച് ചോദിച്ചപ്പോൾ കൃഷ്ണമൂർത്തി, " എന്റെ ശത്രുക്കൾക്കുപോലും ഇങ്ങനെയൊരു തോൽവി വിധിക്കരുതേ എന്നുമാത്രമേ ഇന്നെനിക്ക് തോന്നാറുള്ളൂ..." എന്ന ഒരല്പം  താത്വികമായ മറുപടിയാണ് തന്നത്.  തന്നെ തോൽപ്പിക്കാൻ വേണ്ടി വോട്ടുകൾ കോൺഗ്രസ്സിന് മറിച്ചുകുത്തിയ ബിജെപിയോടും, പിന്നെ തനിക്കെതിരായി നിന്ന അപരന്മാരോടും ഒക്കെ അന്ന് രോഷം തോന്നിയിരുന്നു മൂർത്തിയ്ക്ക്. വിധിയെ മറികടക്കാനായി കേസിനു വരെ പോയി. ഹൈക്കോടതി കേസ് അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു.  ധ്രുവനാരായണ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തു. ആ കേസ് വിധിയാകാതെ നീണ്ടു നീണ്ടു പോയി ഒടുവിൽ അടുത്ത തെരഞ്ഞെടുപ്പിനുള്ള സമയമായതിനെത്തുടർന്ന് കേസ് ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്. 

ഈ കഥയിൽ രസകരമായ മറ്റൊരു ട്വിസ്റ്റുമുണ്ട്. വൈകുന്നേരം പോളിങ്ങ് തീരാൻ അരമണിക്കൂർ ശേഷിക്കെ കൃഷ്ണമൂർത്തിയുടെ ഡ്രൈവർ അദ്ദേഹത്തിന്റെ അരികിൽ ചെന്ന് നിന്ന് മുരടനക്കി. " എന്തുവേണം..? " തിരഞ്ഞെടുപ്പിന്റെ ടെൻഷനിൽ നിന്ന അദ്ദേഹം  തെല്ലൊരു നീരസത്തോടെ ചോദിച്ചു. തലചൊറിഞ്ഞു കൊണ്ട് ഡ്രൈവർ പറഞ്ഞു, " സാർ.. എനിക്ക് വോട്ടു ചെയ്യാൻ പോവണമായിരുന്നു.. " നല്ല ചീത്തപറഞ്ഞ് കൃഷ്ണമൂർത്തി ഡ്രൈവറെ തിരിച്ച് വണ്ടിയ്ക്കരികിലേക്ക് പറഞ്ഞയച്ചെന്നും അയാളെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നും പിന്നീട് ആ ഒരു വോട്ടിനാണ് അദ്ദേഹം തോറ്റതെന്നും ഒക്കെ അക്കാലത്ത് കഥകൾ പ്രചരിച്ചു. 

അതേപ്പറ്റിയുള്ള റിപ്പോർട്ടുകൾ പത്രങ്ങളിലും വെബ്ബിലും ഒക്കെ കണ്ടതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, " ഹേ.. അതൊക്കെ ഭാഗികമായ റിപ്പോർട്ടുകൾ മാത്രം. ഞാൻ എന്റെ ഡ്രൈവറെ വോട്ടു ചെയ്യാൻ അനുവദിച്ചില്ലേ എന്ന് ചോദിച്ചാൽ, ഇല്ല..! അതിനു വ്യക്തമായ കാരണങ്ങളും എനിക്കുണ്ട്. അവന്റെ വോട്ട്, ഞങ്ങൾ അപ്പോൾ ഉണ്ടായിരുന്ന ബൂത്തിൽ നിന്നും ഒരുപാട് ദൂരെയുള്ള ഒരു ബൂത്തിലായിരുന്നു. അത് പാർട്ടിയിലും എതിർകക്ഷിയിലും പലർക്കും അറിവുള്ള കാര്യമാണ്. അവൻ വോട്ടുചെയ്യാൻ എന്നോട് അനുവാദം ചോദിച്ച ബൂത്തിൽ അവനു വോട്ടില്ലായിരുന്നു.  അവൻ ചെയ്യാനാഗ്രഹിച്ചത് അവന്റെ വോട്ടുതന്നെ ആയിരുന്നു എങ്കിലും, അത് നടപ്പിൽ വരുത്താൻ നിയമം ലംഘിക്കാതെ സാധിക്കില്ലായിരുന്നു. അങ്ങനെ ഒരു കള്ളത്തരം പാടില്ല എന്ന് ഞാൻ അവനെ വിലക്കി എന്നത് സത്യമാണ്. അതിന്റെ പേരിലാണ് ഞാൻ തോറ്റതെങ്കിൽ, എനിക്കാ തോൽവി സമ്മതമാണ്.. " 

എന്തായാലും ആ തോൽവിയോടെ കൃഷ്ണമൂർത്തി  ജനതാദൾ 'യുണൈറ്റഡ്' വിട്ട് ബിജെപിയിൽ ചേർന്നു. 2008-ലെയും 2014 -ളെയും തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ തോറ്റു.  2014 -ലെ അവസാന തോൽവിക്കു ശേഷം ബിജെപി വിട്ട്  കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഇക്കുറി കൈപ്പത്തി ചിഹ്നത്തിൽ ഒരു ലോക് സഭാ സീറ്റിനായുള്ള പരിശ്രമത്തിലാണ്....!