തെരഞ്ഞെടുപ്പുകളും ജീവിതവും തമ്മിൽ പൊതുവിൽ ഒരു കാര്യമുണ്ട്. രണ്ടിലും ജയിച്ചു കയറുന്നവരുടെ പേരുകൾ മാത്രമേ ഈ ലോകം ഓർത്തുവെക്കൂ. ജീവിതത്തിൽ തോൽക്കുന്നവന് നഷ്ടമാവുന്നത് സമയം മാത്രമാവും, ഒരു പക്ഷേ  ചെയ്തുകൂട്ടിയ അദ്ധ്വാനവും. എന്നാൽ തെരഞ്ഞെടുപ്പിൽ, ഇതിനൊക്കെപ്പുറമെ തോൽവിയുടെ മുറിവുകളിൽ കൊള്ളിവെക്കുന്ന മറ്റൊന്നുകൂടി ചിലപ്പോൾ ഗോദയിലിറങ്ങിയവരെ തേടിയെത്തും.  അതാണ് 'കെട്ടി വെക്കുന്ന കാശ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 'ഇലക്ഷൻ ഡെപ്പോസിറ്റ്'. മാനഹാനി മാത്രമല്ല, ധനനഷ്ടവുമുണ്ട് തെരഞ്ഞെടുപ്പിൽ എന്നുസാരം..  1951-ൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് മുതൽക്കു തന്നെ ഈ സങ്കൽപം നിലവിലുണ്ട്. വഴിയേ പോവുന്നവനും വരുന്നവനും കേറി സ്ഥാനാർത്ഥി ചമയാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊള്ളുന്ന  ഒരു മുൻകരുതലാണ് ഈ സെക്യൂരിറ്റി സംഖ്യ. 

എന്താണീ  കെട്ടിവെച്ച കാശ്..?

1951 -ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ ( Representation of Poeples Act) 34 (1) അനുച്ഛേദം പ്രകാരം ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ അർഹതയുള്ള ഏതൊരു പൗരനും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതോടൊപ്പം   ഒരു സംഖ്യ ഇലക്ഷൻ ഡെപ്പോസിറ്റ് ആയി കെട്ടി വെക്കണം. ആകെ പോൾ ചെയ്യപ്പെടുന്ന വോട്ടുകളുടെ ആറിലൊന്നെങ്കിലും നേടുന്നവർക്ക്‌ മാത്രമേ   നേരത്തെ വാങ്ങിവെക്കുന്ന ഈ തുക തിരിച്ചു കിട്ടുകയുള്ളൂ. ആദ്യമൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തുക വളരെ തുച്ഛമായ ഒരു സംഖ്യയായാണ് നിജപ്പെടുത്തിയിരുന്നത്. വെറും 500 രൂപ. 1996 -ലെ തെരഞ്ഞെടുപ്പോടെയാണ് ഇക്കാര്യത്തിലെ കമ്മീഷന്റെ നയം മാറുന്നത്. അക്കൊല്ലം ഒറ്റയടിക്ക് ഇരുപതിരട്ടിയായാണ് കമ്മീഷൻ ആ സംഖ്യ വർധിപ്പിച്ചത്. എന്തിന് വർധിപ്പിച്ചെന്നോ..? കണക്കുകൾ നോക്കിയാൽ  ഒരു കാര്യം മനസ്സിലാവും.  ചുമ്മാതല്ല,ഗതികെട്ടാണ് കമ്മീഷൻ കെട്ടിവെക്കേണ്ടുന്ന കാശ് കൂട്ടിയത്.  

1951 -ൽ ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നപ്പോൾ  ആകെയുണ്ടായിരുന്ന ലോക്‌സഭാ സീറ്റുകൾ 489.  53  പാർട്ടികളും. അന്നുണ്ടായിരുന്ന 36 കോടി ജനങ്ങളിൽ  വോട്ടവകാശമുള്ള ( അന്ന് 21 വയസ്സായിരുന്നു വോട്ടുചെയ്യാൻ വേണ്ടുന്ന ചുരുങ്ങിയ പ്രായം, പിന്നെയാണ് അത് 18  ആയി കുറച്ചത് )  ജനങ്ങൾ പതിനേഴുകോടിയോളം ആയിരുന്നു. അന്ന് രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്ന 53  പാർട്ടികളിലും കൂടി, ആകെക്കൂടി  തെരഞ്ഞെടുപ്പിൽ  മത്സരിക്കാനുണ്ടായിരുന്നത്  1849  സ്ഥാനാർത്ഥികളായിരുന്നു. 

അത് അന്നത്തെ കണക്ക്. 1996 -ൽ നടന്ന പൊതു തെരഞ്ഞെടുപ്പായപ്പോഴേക്കും എന്തായെന്നോ അവസ്ഥ. ജനസംഖ്യ 36  കോടിയിൽ നിന്നും 95 കോടിയായി വർധിച്ചു. അതിൽ തന്നെ വോട്ടർമാരുടെ ശതമാനം കൂടി.  60  കോടി വോട്ടർമാർ. മണ്ഡലങ്ങളുടെ എണ്ണം 469  -ൽ നിന്നും 543 ആയി കൂടി. അതൊക്കെ ഏറെക്കുറെ ജനസംഖ്യ കൂടുന്നതിനനുസരിച്ചുള്ള   വർധനവായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനെ അലട്ടിയ വർദ്ധനവ് അതൊന്നുമായിരുന്നില്ല.  അത് സ്ഥാനാർത്ഥികളുടെ എന്നുമായിരുന്നു 13,952. പാർട്ടികളുടെ എണ്ണവും 53-ൽ നിന്നും 209 ആയി ഉയർന്നിരുന്നു. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ എണ്ണക്കൂടുതൽ കാരണം ബാലറ്റ് പേപ്പറിനു പകരം പത്തമ്പതുപേജുള്ള ബുക്ക് ലെറ്റായിത്തന്നെ ബാലറ്റ് തയ്യാർ ചെയ്യേണ്ടി വന്നിരുന്നു. ഉദാഹരണത്തിന് ആന്ധ്രപ്രദേശിലെ നൽഗോണ്ട മണ്ഡലത്തിൽ അക്കുറി 480  സ്ഥാനാർത്ഥികളുണ്ടായിരുന്നു മത്സരിക്കാൻ.   ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പേര് മത്സരിച്ചത് ഈ മണ്ഡലത്തിലായിരുന്നു. തൊട്ടടുത്ത സ്ഥാനം കർണ്ണാടകയിലെ ബെൽഗാമിനായിരുന്നു, 454 പേർ. അങ്ങനെ ആകെ മൊത്തം വലഞ്ഞപ്പോഴാണ്, ഒരു പരിഹാരമെന്ന നിലയിൽ, കമ്മീഷൻ കെട്ടിവെക്കുന്ന കാശ് വർധിപ്പിക്കുന്നത്. 

1998 -ൽ നടന്ന തെരഞ്ഞെടുപ്പിൽ എന്തായാലും ആ വർദ്ധനവ് ഒരു പരിധിവരെ ഗുണം കണ്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പതിനായിരം രൂപ കെട്ടിവെക്കണം എന്നായപ്പോൾ തന്നെ പാതിയിലേറെപ്പേർ ആ ഐഡിയ വേണ്ടെന്നുവെച്ചു.  മത്സരിക്കാനിറങ്ങിത്തിരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ തവണത്തെ 13,952 -ൽ നിന്നും 4750-ലേക്ക് ചുരുങ്ങി. അതിൽ തന്നെ പോൾ ചെയ്യപ്പെട്ടതിന്റെ ആറിലൊന്നു വോട്ട് മിനിമം എന്ന വ്യവസ്ഥ പ്രകാരം, 3486 പേർക്കും അവർ കെട്ടിവെച്ച കാശ് നഷ്ടമായി. ആ വകയിൽ, തെരഞ്ഞെടുപ്പ് കമ്മീഷന് ആകെ ലാഭം 3.5  കോടി രൂപാ. 

1999 -ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ  ഏഴ് ദേശീയ പാർട്ടികളിൽ നിന്നുമായി 1,299 സ്ഥാനാർത്ഥികളും, 40  പ്രാദേശിക പാർട്ടികളിൽ നിന്നുമായി 750 സ്ഥാനാർത്ഥികളും മത്സരത്തിനിറങ്ങി. അവർക്കു പുറമേ  അംഗീകാരമുള്ള മറ്റു 40 പാർട്ടികളിൽ നിന്നുമായി 654  സ്ഥാനാർത്ഥികളും,  1945  സ്വതന്ത്ര സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിന്റെ വറചട്ടിയിലേക്കിറങ്ങി അക്കൊല്ലം. ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 4648 . ഇതിൽ 543  പേർക്കല്ലേ ജയിക്കാനാവൂ. അപ്പോൾ, ബാക്കി 4015  പേരും തോറ്റു. പക്ഷേ, അവരിൽ എല്ലാവർക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടൊന്നുമില്ല. കമ്മീഷന്റെ കണക്കുപ്രകാരം 3400  സ്ഥാനാർത്ഥികൾക്ക് ധനനഷ്ടമുണ്ടായി. ആകെ മൊത്തം ലാഭം, കമ്മീഷന് അപ്രാവശ്യവും കിട്ടി 3.4 കോടി. 

2014 -ൽ മത്സരിച്ച പാർട്ടികളുടെ എണ്ണം  464. ആകെ സ്ഥാനാർത്ഥികളുടെ എണ്ണം 8,159  ആയി ഉയർന്നു. ഇതിൽ 85% പേർക്കും കെട്ടിവെച്ച കാശ് നഷ്ടമായി. ഇത്തവണ കെട്ടിവെക്കേണ്ടുന്ന കാശ് 25,000 രൂപയാക്കി ഉയർത്തിയിരുന്നതിനാൽ കാശുനഷ്ടപ്പെട്ട  6959  നിന്നുമായി 16  കോടിയിലധികം രൂപ സമ്പാദിച്ചു കഴിഞ്ഞ കുറി കമ്മീഷൻ. 

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളുടെ എണ്ണവും സ്ഥാനാർത്ഥികളുടെ എണ്ണവും 2014 -ലേതിനേക്കാൾ കൂടുതലാവാനാണ് സാധ്യത. ഇരുപത്തയ്യായിരം രൂപ എന്നത്  പലർക്കും ഒരു വലിയ സംഖ്യയല്ലാത്തതുകൊണ്ട്   മത്സരിക്കുന്നവരുടെ എണ്ണവും ഇക്കുറി കഴിഞ്ഞപ്രാവശ്യത്തേക്കാൾ കൂടുതലാവാൻ തന്നെയാണ് സാധ്യത. തെരഞ്ഞെടുപ്പിൽ ആരൊക്കെ ജയിച്ചാലും തോറ്റാലും, ആർക്കൊക്കെ കെട്ടിവെച്ച കാശ് പോയാലും ഇല്ലെങ്കിലും,   ബാങ്കിലേക്ക് ചിരിച്ചുകൊണ്ട് പോവുന്നത്  ഇത്തവണയും തെരഞ്ഞെടുപ്പ് കമീഷണർ തന്നെയാവും.   പിരിവ് 16  കോടിയിൽ കൂടാൻ തന്നെയാണ് സാധ്യത.