രണ്ടര മാസമെടുത്ത് ഏഴു ഘട്ടങ്ങളിലായി,നടത്തിയ പോളിംഗ് എന്ന ഭഗീരഥപ്രയത്നം. 542  സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്. ഇന്ന് രാവിലെ എട്ടുമണി മുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ആദ്യ ലീഡ് നിലകൾ ഉച്ചയ്ക്കുള്ളിൽ അറിയാം. വോട്ടെണ്ണൽ എന്ന ഈ സങ്കീർണ്ണ പ്രക്രിയ നടക്കുക ഇപ്രകാരമാണ്. 

ആരാണ് എല്ലാം നിയന്ത്രിക്കുക.. ?

തെരഞ്ഞെടുപ്പ കമ്മീഷൻ ചട്ടങ്ങൾ പ്രകാരം റിട്ടേണിങ്ങ് ഓഫീസർ ആണ് വോട്ടെണ്ണൽ നടത്തേണ്ടുന്നത്. സാധാരണഗതിയിൽ ഈ സ്ഥാനത്തിരിക്കുന്നത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് അഥവാ ജില്ലാ കളക്ടർ ആയിരിക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർക്കും ഇക്കാര്യത്തിൽ അടുത്ത ചുമതകൾ നിര്‍വഹിക്കേണ്ടതുണ്ട്. 
 
എവിടെ വെച്ചാണ് എണ്ണുന്നത്..? 

The Conduct of Election Rules, 1961-ലെ അമ്പത്തൊന്നാം അനുച്ഛേദം പറയുന്നത്, ' വോട്ടെണ്ണലിന് ഒരാഴ്ച മുമ്പ് തന്നെ റിട്ടേണിങ്ങ് ഓഫീസർ വോട്ടെണ്ണാനുള്ള ഇടം കണ്ടെത്തി ഉറപ്പിക്കേണ്ടതുണ്ട്..' എന്നാണ്. 'വോട്ടെണ്ണലിന്റെ സമയവും, തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണയിക്കുമ്പോൾ, വോട്ടെണ്ണേണ്ട സ്ഥലം RO നിശ്ചയിക്കുന്നു ' എന്നാണ്   Handbook for Returning Officer, February 2019 എന്ന മാനുവൽ പറയുന്നത്. സ്ഥലം സാധാരണഗതിക്ക് പ്രദേശത്തെ റിട്ടേണിംങ് ഓഫീസറുടെ ആസ്ഥാനമായ കലക്ടറേറ്റ് ആയിരിക്കും. അത് അതാതു പ്രദേശത്തെ സൗകര്യം അനുസരിച്ച് റിട്ടേണിങ്ങ് ഓഫീസര്‍ നിശ്ചയിക്കുന്നതിൽ തെറ്റില്ല. 

ഒരു പാർലമെന്റ് മണ്ഡലത്തിലെ ഓരോ അസംബ്ലി മണ്ഡലങ്ങളും വെവ്വേറെ ഹാളിൽ എണ്ണണം എന്നാണ് കമ്മീഷന്റെ നിബന്ധന. ഒരു കാരണവശാലും രണ്ടു അസംബ്ലി മണ്ഡലങ്ങളിലെ വോട്ട് ഒരു ഹാളിൽ എണ്ണുവാൻ പാടുള്ളതല്ല എന്നും കമ്മീഷൻ പറയുന്നു. ഓരോ മുറിയും നാലു ചുവരുകളുള്ള വെവ്വേറെ മുറികളായിരിക്കണം. ഓരോ മുറിയിലേക്കും പ്രവേശിക്കാനും നിർഗമിക്കാനുമുള്ള വാതിലുകൾ വെവ്വേറെ ആയിരിക്കുകയും വേണം. വെവ്വേറെ മുറികൾ പ്രദേശത്തു ലഭ്യമല്ലെന്നുണ്ടെങ്കിൽ വലിയ ഹാളുകളിൽ പാർട്ടീഷൻ ചെയ്തു തിരിച്ച് മേല്പറഞ്ഞരീതിയിലുള്ള സജ്ജീകരണങ്ങൾ ഒരുക്കാവുന്നതാണ്. ഒരു കൗണ്ടിങ് ഹാളിൽ റിട്ടേണിങ്ങ് ഓഫീസറുടെ ടേബിളിനു പുറമേ 14-ൽ കൂടുതൽ കൗണ്ടിങ് ടേബിളുകൾ ഉണ്ടാവാൻ പാടില്ല. 

കൗണ്ടിങ് സെന്ററുകളുടെ സുരക്ഷാസംവിധാനങ്ങളെപ്പറ്റി 

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും 100 മീറ്റർ വ്യാസത്തിൽ ഒരു പെരിഫറി ബാരിക്കേഡ് ചെയ്ത് സുരക്ഷിതമാക്കണം. അതിനുള്ളിലേക്ക് അനാവശ്യമായി ആരെയും പ്രവേശിപ്പിക്കരുത്. 3 തലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾക്കു ശേഷമേ ആർക്കും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ സാധിക്കാവൂ. അതായത് മൂന്നു തവണ, മൂന്നു ചെക്ക് പോയിന്റുകളിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടന്നു വരുന്നവർ പരിശോധനകൾക്ക് വിധേയരാവണം എന്നർത്ഥം. സാധാരണ ഗതിക്ക് സുരക്ഷാ ചുമതല സ്റ്റേറ്റ് ആംഡ് പോലീസ്, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി  തുടങ്ങിയ ഏതെങ്കിലും സൈന്യത്തിനായിരിക്കും. 


 
വോട്ടിങ് മെഷീനുകൾ സ്ട്രോങ്ങ് റൂമിൽ നിന്നും വോട്ടെണ്ണൽ മുറികളിലേക്ക് കൃത്യമായും സമയത്തിനും എത്തിക്കാൻ വേണ്ടി വഴി കൃത്യമായി ബാരിക്കേഡ് ചെയ്യണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നുണ്ട്. ആ ബാരിക്കേഡ് മുറിച്ചു കടക്കാൻ ആർക്കും അനുവാദമില്ല. 

വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ നിൽക്കാനുള്ള അനുവാദം ആർക്കൊക്കെ ?

കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ്  കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ മുറിയ്ക്കുള്ളിലേക്ക് പ്രവേശിക്കാനുള്ള അധികാരമുള്ളത്. മറ്റുള്ള പോലീസ് ഓഫീസർമാരോ, അല്ലെങ്കിൽ മന്ത്രിമാരോ ഒന്നും ഈ വകുപ്പിൽ പെടില്ല. അവരാരും തന്നെ അനാവശ്യമായി വോട്ടെണ്ണുന്നിടത്ത് ചുറ്റിപ്പറ്റി നിൽക്കാനും പാടുള്ളതല്ല. 

മൊബൈൽ ഫോൺ ആർക്കൊക്കെ .. ?

വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും തന്നെ, സ്ഥാനാർത്ഥിക്കോ, റിട്ടേണിങ് ഓഫീസർക്കോ, അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോപോലും, മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അധികാരമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. 

ആരാണ് ഈ വോട്ടുകൾ 'എണ്ണു'ന്നത്.. ?

എണ്ണാനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കലക്ടറാണ്. വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ എണ്ണം എത്ര വോട്ടെണ്ണൽ മുറികളുണ്ട്, ഓരോ മുറിയിലും എത്ര വോട്ടെണ്ണൽ മേശകളുണ്ട്  എന്നതിനെ ആശ്രയിച്ചിരിക്കും. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പർവൈസർ ഉണ്ടാവും. കമ്മീഷൻ നിബന്ധന പ്രകാരം അത് ഒരു ഗസറ്റഡ് റാങ്കുള്ള ഓഫീസർ ആയിരിക്കും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തലാണ് മൈക്രോ ഒബ്സർവറുടെ നിയോഗം. 

വോട്ടെണ്ണൽ ഉദ്യോഗസ്ഥർ അവരവരുടെ ഡ്യൂട്ടികളിൽ നിയോഗിക്കപ്പെടുന്നത് മൂന്നു ഘട്ടമുള്ള ഒരു പ്രക്രിയയാണ്. ആദ്യഘട്ടം : ഒരാഴ്ച മുമ്പുതന്നെ വേണ്ട സ്റ്റാഫിനെ കണ്ടെത്തി വിവരം അറിയിക്കുന്നു. വേണ്ടതിലും 20 ശതമാനം പേരെ അധികമായി നിയോഗിക്കും. രണ്ടാം ഘട്ടം: 24  മണിക്കൂർ മുമ്പ് നിയമസഭാ മണ്ഡലം അനുസരിച്ച് അവരെ വേർതിരിക്കും. മൂന്നാം ഘട്ടം : വോട്ടെണ്ണൽ ദിനം പുലർച്ചെ 5  മണിക്ക് അവർക്ക് വോട്ടെണ്ണൽ മേശയുടെ വിശദാംശങ്ങൾ ലഭ്യമാക്കും. 

വോട്ടെണ്ണൽ എങ്ങനെ...?

വോട്ടെണ്ണൽ തുടങ്ങുന്ന നേരമാവുമ്പോൾ സ്ട്രോങ്ങ് റൂമുകൾ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ/അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ മാത്രമേ സ്‌ട്രോങ്ങ് റൂം തുറക്കാവൂ. അവിടത്തെ ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വിഡിയോ കവറേജോടെ ലോക്ക് തുറക്കുന്നു.

 The Conduct of Election Rules, 1961 -ന്റെ അറുപതാം അനുച്ഛേദപ്രകാരം  അതിനു ശേഷം തുടർച്ചയായി എണ്ണിക്കൊണ്ടിരിക്കണം .ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും, പോസ്റ്റൽ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. അതിനുള്ളിൽ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്നാലും ഇല്ലെങ്കിലും. 

ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ  അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് ലേഖപ്പെടുത്തിയിരിക്കുന്നത് ശരിയല്ലേ എന്ന് ഉറപ്പു വരുത്തണം. അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി, ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ പ്രഖാപിച്ച്, രേഖപ്പെടുത്തതും. 

ഒരു ഘട്ടം തീരുമ്പോൾ, റിട്ടേണിങ് ഓഫീസർ,എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകൾ എടുത്തുമാറ്റി,  അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ 
കൊണ്ടുവരാനുള്ള നിർദേശം നൽകും. 

വിവിപാറ്റ്‌  സ്ലിപ്പുകൾ എണ്ണുമോ ..? 

എല്ലാ നിയമസഭാ മണ്ഡലങ്ങളിളെയും ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണുമെന്നാണ് കണക്ക്. ഇത് നടപ്പിൽ വന്നത് 2017-ലെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പോടെയാണ്. കഴിഞ്ഞ ഏപ്രിൽ എട്ടാം തീയതിയാണ് അത് ഒന്നിൽ നിന്നും അഞ്ചാക്കി സുപ്രീം കോടതി ഉയർത്തിയത്. 
 
എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ്‌ സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ.  ഒരു വിവിപാറ്റ്‌ മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും എടുക്കും. അതിനാൽ അഞ്ചു മണിക്കൂർ എങ്കിലും കാലതാമസം അന്തിമവിധി പ്രഖ്യാപനത്തിന് വന്നേക്കുമെന്നു കരുതുന്നു.