ദില്ലി: ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 69.43 ശതമാനമായിരുന്നു പോളിങ്. 2014നേക്കാള്‍ നേരിയ കുറവ്. തെലങ്കാനയില്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനം കൂടി. അതേസമയം, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പോളിങ് കൂടിയത്.  ഈ ഘട്ടത്തില്‍തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂട്ടിയും കിഴിച്ചും സാധ്യതകള്‍ വിലയിരുത്തല്‍ തുടങ്ങി. 

നീണ്ട കാല തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വോട്ടിങ് ശതമാനം പ്രധാന ഘടകമായിരുന്നു. പ്രീ പോള്‍ സര്‍വേകളും എക്സിറ്റ് പോള്‍ സര്‍വേകളും വരുന്നതിന് മുമ്പ് പോളിങ് ശതമാനം കണക്കുകൂട്ടിയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ ജയസാധ്യത കണക്കുകൂട്ടിയിരുന്നത്. ഈയൊരു ധാരണക്ക് ഇപ്പോഴും വലിയ ഇളക്കമൊന്നും തട്ടിയിട്ടില്ല. വോട്ടെടുപ്പിന് ശേഷത്തെ പോളിങ് ശതമാനക്കണക്കുകള്‍ ആര് അധികാരത്തിലേറുമെന്ന് മനസ്സിലാക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇപ്പോഴും മുന്നിലാണ്. എന്നാല്‍ ഈ ധാരണക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നതാണ് വസ്തുത. 

ഉയര്‍ന്ന പോളിങ് ഭരണവിരുദ്ധ വികാരമോ? 

ഉയര്‍ന്ന പോളിങ് ശതമാനം ഭരണവിരുദ്ധ വികാരത്തിന്‍റെ പ്രതിഫലനമാണെന്നാണ് സാധാരണക്കാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കരുതുന്നത്. അസംതൃപ്തരായ ജനം ഭരണകൂടത്തെ ഒഴിവാക്കാന്‍ വോട്ടുചെയ്യുമെന്നാണ് ഇതിന് പിന്നിലെ ലളിതമായ യുക്തി. കുറഞ്ഞ പോളിങ് ഭരണവിരുദ്ധ വികാരമില്ലെന്നതിന്‍റെ അടയാളമാണെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, 1980 മുതല്‍ 2012വരെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പഠനവിധേയമാക്കിയ മിലന്‍ വൈഷ്ണവും ജൊനാഥന്‍ ഗയും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് തെരഞ്ഞെടുപ്പ് ഫലവും പോളിങ് ശതമാനവും തമ്മില്‍ ബന്ധമില്ലെന്നാണ്. ഇത് സംബന്ധിച്ച് പഠനം നടത്തിയ യോഗേന്ദ്ര യാദവും ഇതുതന്നെയാണ് അഭിപ്രായപ്പെട്ടത്. 
എന്നാല്‍, രാഷ്ട്രീയക്കാര്‍ക്ക് അങ്ങനെയല്ല. ഉയര്‍ന്ന പോളിങ് എപ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസവും ഭരിക്കുന്ന പാര്‍ട്ടിക്ക് നിരാശയുമാണ്. 

ചില പ്രത്യേക സാഹചര്യങ്ങളില്‍ ഭരിക്കുന്നവര്‍ക്ക് അനുകൂലമായും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്താമെന്നും മുന്‍ അനുഭവങ്ങളുണ്ട്. വലിയ നേതാക്കള്‍ മരിക്കുമ്പോള്‍ ഉണ്ടാകുന്ന സഹതാപ തരംഗം, യുദ്ധം, വര്‍ഗീയ കലാപം, വര്‍ഗീയാടിസ്ഥാനത്തിലുള്ള ഏകീകരണം എന്നീ ഘടകങ്ങള്‍ പോളിങ് ശതമാനം ഉയര്‍ത്താന്‍ കാരണമാകുമെന്നും പഠനങ്ങളില്‍ പറയുന്നു.