Asianet News MalayalamAsianet News Malayalam

ബംഗാളിൽ ബിജെപിയുടെ വളർച്ച സംഭവിച്ചത് ഇങ്ങനെയാണ്

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഭൂപരിഷ്കരണ നിയമം ഫലപ്രദമായി നടത്തിയത് കേരളത്തിലും ബംഗാളിലുമാണ്.  1977ൽ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പാക്കിയ പാട്ട ഭൂമി പരിഷ്ക്കരണങ്ങളും ഭൂമിയുടെ പുനർവിതരണവും സമൂഹത്തിന്‍റെ അടിത്തട്ടിലുള്ള ജനങ്ങളുടെ വരെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിരുന്നു

Lok Sabha Elections 2019: Bengal, BJP set to emerge as main challenger to TMC
Author
West Bengal, First Published Apr 16, 2019, 3:18 PM IST

കൊല്‍ക്കത്ത: മമത ബാനർജി മാർച്ച് 12 ന് തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 10 സീറ്റിങ് എംപിമാർക്ക് സീറ്റ് നൽകിയില്ല. 41%  സ്ഥാനാർത്ഥികൾ സ്ത്രീകൾ.  ബംഗാളിൽ മാറി മാറി സർക്കാരുകളെ പരീക്ഷിക്കൽ ഇല്ല. ഭരണവിരുദ്ധ വികാരം വേഗം ഉണ്ടാവില്ല.  1977 വരെ തുടർച്ചയായ കോൺഗ്രസ് ഭരണം. 1977 മുതൽ 2011 വരെ കമ്മ്യൂണിസ്റ്റ് ഭരണം. പിന്നീടിതുവരെ ദീദി ഭരണം. ജാതി വ്യവസ്ഥ ബംഗാളിൽ ശക്തമാണ്. എന്നാൽ അവിടെ ജാതി രാഷ്ട്രീയമോ സ്വത്വ രാഷ്ട്രീയമോ ഇല്ല.  13 ബ്രാഹ്മണ വിഭാഗങ്ങൾ, 4 തരം ബൈദ്യ, 13 ദളിത് വിഭാഗങ്ങൾ ഒക്കെയായി പ്രധാനമായും 8 ജാതി വിഭാഗങ്ങൾ ബംഗാളിലുണ്ട്

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഭൂപരിഷ്കരണ നിയമം ഫലപ്രദമായി നടത്തിയത് കേരളത്തിലും ബംഗാളിലുമാണ്.  1977ൽ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഭരണം നടപ്പാക്കിയ പാട്ട ഭൂമി പരിഷ്ക്കരണങ്ങളും ഭൂമിയുടെ പുനർവിതരണവും സമൂഹത്തിന്‍റെ അടിത്തട്ടിലുള്ള ജനങ്ങളുടെ വരെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിരുന്നു. ജാതിക്കതീതമായ വർഗ്ഗബോധം വളർത്താൻ കഴിഞ്ഞു.  2007ലെ സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്താകമാനം 21 ലക്ഷം പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമിയുണ്ടെങ്കിൽ അതിൽ പകുതിപ്പേരും ബംഗാളിലാണ്. 

ഭൂവുടമകളായ പട്ടിക വർഗ്ഗക്കാരിൽ 63 ശതമാനം പേരും ബംഗാളിലാണ്. ആഗോളവൽക്കരണവും നവ ഉദാരവൽക്കരണ നയങ്ങളും കാർഷിക മേഖലയിലൂടെ കൈവരിച്ച വളർച്ചയ്ക്ക് കത്തി വെച്ചപ്പോൾ ബദൽ വികസന മാതൃക ഉണ്ടാക്കുന്നതിന് പകരം വൻകിട നിക്ഷേപങ്ങൾക്കും കുത്തക വ്യവസായികൾക്കും പിന്നാലെ ബുദ്ധദേവ് സർക്കാർ പോയപ്പോൾ അടിസ്ഥാന വർഗ്ഗം പാർട്ടിയിൽനിന്ന് അകലാൻ തുടങ്ങി. സിംഗൂർ നന്ദിഗ്രാം വിഷയങ്ങളിൽ കർഷകരുടെ എതിർപ്പ് അവഗണിച്ച് ഭൂമി ഏറ്റെടുത്ത നടപടികളും കർഷകരെയും കർഷകത്തൊഴിലാളികളെയും ഇടതു സർക്കാരിനെതിരാക്കി. 

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനോടും ബിജെപിയോടും മമത മാറി മാറി കൂട്ടുകൂടിയെങ്കിലും സംസ്ഥാനത്ത് ഇടതുപക്ഷത്തോടുള്ള എതിർപ്പിൽ അവർ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. ഫലം, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അസംതൃപ്തരായവർ തൃണമൂലിലേക്ക് തന്നെ വന്നു. ഒപ്പം അവരുടെ വോട്ട് ബാങ്കും. 
ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസും നാരദ ന്യൂസിന്‍റെ ഒളിക്യാമറയിൽ കോഴ വാങ്ങുന്ന മന്ത്രിമാർ കുടുങ്ങിയതുമൊന്നും ദീദിയുടെയും തൃണമൂലിന്‍റെയും വിജയ സാധ്യതകൾക്ക് കുറവ് വരുത്തിയിട്ടില്ല. എന്നാൽ കോൺഗ്രസിനെയും സിപിഎമ്മിനെയും പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിക്കഴിഞ്ഞു.

2009ൽ ബിജെപിയുടെ വോട്ട് വിഹിതം 6%, 2014ൽ മോദി തരംഗത്തിൽ 17% ആയി ഉയർന്നു. എന്നാൽ 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 10%ത്തിലേക്ക് വീണ്ടും ഇടിഞ്ഞു. നിയമസഭയിലേക്ക് 3 സീറ്റിൽ വിജയം - മദിര്‍ഘട്ട്, കര്‍ഗാപ്പൂര്‍ സര്‍ദാര്‍, ബൈസാബ് നഗര്‍. ഇതില്‍ മദിര്‍ഘട്ട്  മണ്ഡലത്തിൽ ബിജെപിയുടെ മനോജ് ടിഗ്ഗ പോൾ ചെയ്തതിലെ 44% വോട്ടുകൾ നേടിയാണ് വിജയിച്ചത്. 2016വരെ ആർ.എസ്.പി കോട്ടയായിരുന്നു ഇവിടം.

കര്‍ഗാപ്പൂര്‍ സര്‍ദാര്‍ മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പരാജയപ്പെടുത്തിയത് 10 പ്രാവശ്യം എംഎൽഎ ആയ കോൺഗ്രസ് നേതാവ് ഗ്യാന്‍ സിംഗ് സോഹന്‍പാലിനെ തോല്‍പ്പിച്ചാണ്.  കോൺഗ്രസ് കോട്ടയായ ബൈസാബ് നഗര്‍ ലാണ് മൂന്നാമത്തെ ബിജെപി വിജയി സ്വാദീന്‍ കുമാര്‍  38% വോട്ട് നേടിയാണ് വിജയിച്ചത്. ബിജെപി – തൃണമൂൽ രഹസ്യധാരണയെന്നാണ് സിപിഎം ആരോപിക്കുന്നത്. 

2018ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 18% വോട്ട് വിഹിതം ബിജെപി നേടി. 2013ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 1% പോലും വോട്ടുവിഹിതം നേടാത്ത പാർട്ടിയായിരുന്നു ബിജെപി. മാർച്ചിൽ ബിജെപി ആർഎസ്എസ് ചുമതലയിൽ നടത്തിയ രാമനവമി റാലികൾ സാമുദായിക സംഘർഷത്തിലും 4 പേരുടെ മരണത്തിലും കലാശിച്ചു. പൗരത്യ പട്ടിക നടപ്പാക്കുമെന്ന് പറഞ്ഞു വലിയ തോതിലുള്ള ധ്രുവീകരണവും ബിജെപി നടത്തുന്നു. 

28% വരുന്ന മുസ്ലീം ന്യൂനപക്ഷമാണ് തൃണമൂലിന്‍റെ ശക്തമായ വോട്ട് ബാങ്ക്. ഇതിലും വിള്ളലുണ്ടാക്കാൻ ന്യൂനപക്ഷ മോർച്ചയിലൂടെ ബിജെപി ശ്രമിക്കുന്നു. പക്ഷെ ബിജെപി സംസ്ഥാനത്തിൽ വളരുന്നതനുസരിച്ച് ന്യൂനപക്ഷ വോട്ടുകൾ തൃണമൂൽ കോൺഗ്രസിൽ കേന്ദ്രീകരിക്കുന്നതായാണ് കാണുന്നത്. ഇത് ഇടിവുണ്ടാക്കുന്നത് ഇടതിന്റെയും കോൺഗ്രസിന്റെയും വോട്ടുവിഹിതത്തിലാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തു നിന്നും വന്‍ വോട്ട് ചോര്‍ച്ചയാണ് ബിജെപിയുടെ വളര്‍ച്ചയെ സഹായിക്കുന്നത്. 2011ന് ശേഷം തൃണമൂലില്‍ നിന്നും ശാരീരികമായി വലിയ ആക്രമണം നേരിട്ട സിപിഎം ആണികള്‍ നേതൃത്വത്തിന്‍റെ നിര്‍ജ്ജീവ അവസ്ഥയില്‍ തൃണമൂലിന് മറുപടി കൊടുക്കാന്‍ ഉള്ള സംവിധാനമായി ബിജെപിയെ കാണുന്നു എന്നാണ് പറയുന്നത്.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നത് 23 സീറ്റുകളാണ്.  2019 ജനുവരി 22ന് അമിത് ഷാ നടത്തിയ റാലിയിലൂടെയാണ് ബംഗാളിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. 310 ചെറുതും വലുതുമായ റാലികളാണ് ബിജെപി ബംഗാളിൽ പദ്ധതിയിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാസത്തിൽ 3 റാലികളെങ്കിലും ബംഗാളിൽ നടത്തുന്നുണ്ട്. നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും ശ്യാമപ്രസാദ് മുഖർജിയെയും ചേർത്തുപിടിച്ചുള്ള പ്രചരണവും മോദി ആദ്യം മുതൽ പയറ്റുന്നുണ്ട്. 

വിജയ സാധ്യത മാത്രം നോക്കിയാണ് ബിജെപി സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ഇതിനായി മണ്ഡലാടിസ്ഥാനത്തിൽ സർവേ നടത്തി ( ഓരോ മണ്ഡലത്തിലും 6500 ആളുകൾ ), ആരാണ് കൂടുതൽ ജനകീയൻ എന്ന് കണ്ടെത്തി സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. അതിനാൽ പല സ്ഥാനാർത്ഥികൾക്കും അവർ ആഗ്രഹിച്ച മണ്ഡലങ്ങളല്ല ലഭിച്ചത്. 

തങ്ങളുടെ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രിയാവാൻ മുൻനിരയിലുണ്ടെങ്കിലും, 2019 മാർച്ചിൽ ഇന്ത്യാ ടുഡേ ചാനൽ സർവേ പ്രകാരം 54 ശതമാനം പേരും ആഗ്രഹിക്കുന്നത് മോദി പ്രധാനമന്ത്രിയാകണമെന്നാണ്. 2018 ഒക്ടോബറിൽ മോദിയുടെ ജനകീയത 46 ശതമാനവും 2019 ജനുവരിയിൽ 49 ശതമാനവുമായിരുന്നു. 

Follow Us:
Download App:
  • android
  • ios