Asianet News MalayalamAsianet News Malayalam

'കഥയല്ല ജീവിതമാണ്'; ഓസ്കർ നേടാനായി യഥാർത്ഥ ചരിത്രം പറയുന്ന മൂന്നു ചിത്രങ്ങളും

 ചിക്കാഗോ പ്രതിഷേധം, ബ്ലാക്ക് പാന്തേഴ്സ്, സിറ്റിസൺ കേയ്ൻ എന്നിവ അടിസ്ഥാനമാക്കിയുള്ള  ചിത്രങ്ങളാണിവ. നോമിനേഷൻ‌ പട്ടികയിലുള്ള മറ്റൊരു ചിത്രമാകട്ടെ സംവിധായകന്റെ ആത്മകഥാംശമുള്ളതാണ്.

about three films which are in oscar nomination list
Author
Thiruvananthapuram, First Published Apr 23, 2021, 11:01 AM IST


തിരുവനന്തപുരം: മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന സിനിമകളുടെ കൂട്ടത്തിൽ മൂന്നെണ്ണം യഥാർത്ഥ സംഭവങ്ങളെയും വ്യക്തികളെയും ആസ്പദമാക്കി ഉള്ളതാണ്. ചിക്കാഗോ പ്രതിഷേധം, ബ്ലാക്ക് പാന്തേഴ്സ്, സിറ്റിസൺ കേയ്ൻ എന്നിവ അടിസ്ഥാനമാക്കിയുള്ള  ചിത്രങ്ങളാണിവ. നോമിനേഷൻ‌ പട്ടികയിലുള്ള മറ്റൊരു ചിത്രമാകട്ടെ സംവിധായകന്റെ ആത്മകഥാംശമുള്ളതാണ്.

"സിനിമ കാണുമ്പോൾ ഏതെങ്കിലും വ്യക്തികളുമായോ സംഭവങ്ങളുമായോ സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃച്ഛികം"- സിനിമ തുടങ്ങും മുമ്പുള്ള ഈ വാചകം എന്തായാലും JUDAS AND THE BLACK MESSIAH, MANK , The Trial of the Chicago 7 എന്നീ സിനിമകൾക്ക് ചേരുന്നതല്ല. ബ്ലാക്ക് പാന്ത‍ർ നേതാവായിരുന്ന ഫ്രെ‍ഡ് ഹാംപ്ടണും ഹാംപ്ടണിന്റെ കൂട്ടരുടെ ഇടയിൽ നുഴഞ്ഞുകയറാൻ എഫ്ബിഐ നിയോഗിച്ച വില്യം ഓ നീലും ആണ് സിനിമയുടെ പേര് സൂചിപ്പിക്കുന്ന യൂദാസും കറുത്ത മിശിഹയും. ഷാക്ക കിങ് ആണ് സംവിധാനവും നിർമാണവും. ഷാക ഒഴികെ ചിത്രം തയ്യാറാക്കാൻ പ്രവർത്തിച്ചവരെല്ലാം കറുത്ത വംശജരാണ്.

ബ്ലാക് പാന്തർ പാർട്ടിയുടെ സ്ഥാപകനേതാവായ റോബർട്ട് ജോർജ് സീൽ എന്ന ബോബി സീലിനെ വംശീയ വിദ്വേശം ബാധിച്ച ജഡ്ജി ജൂലിയസ് ഹോഫ്മാൻ കയ്യും കാലും കെട്ടാൻ ഉത്തരവിടുന്ന രംഗങ്ങളുള്ള The Trial of the Chicago 7 പറയുന്നത് 1968ലെ ചിക്കാഗോ പ്രതിഷേധമാണ്. വിയറ്റ്നാം യുദ്ധത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ പല സംഘടനയിൽ പെട്ട ഏഴുപേർ അക്രമമുണ്ടാക്കിയതിന് കുറ്റക്കാരാകുന്നതും അവരുടെ വിചാരണയുമാണ് സിനിമ പറയുന്നത്. അഭിപ്രായം പറയാനും പ്രതിഷേധം അറിയിക്കാനുമുള്ള സ്വാതന്ത്ര്യം ഉറക്കെ ഓർമപ്പെടുത്തുന്ന സിനിമയുടെ രചനയും സംവിധാനവും ആരൺ സോർകിൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്.

മാൻക് പറയുന്നത് സിനിമാചരിത്രത്തിലെ നാഴികക്കല്ലായ സിറ്റിസൺ കേയ്ൻ ഉണ്ടായ കഥയാണ്. തിരക്കഥാകൃത്തായ ഹെർമൻ ജെ മാൻകിവിക്സ് നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളുമെല്ലാം സിനിമ പറയുന്നു. 1930-40കളിലെ ഹോളിവുഡിലെ പല പ്രമുഖരും സിനിമയിൽ കഥാപാത്രങ്ങളാകുന്നു. അച്ഛൻ ജാക് ഫിഞ്ചറിന്റെ തിരക്കഥയെ ആശ്പദമായി ഡേവിഡ് ഫിഞ്ചർ ആണ് സിനിമ ചെയ്തിരിക്കുന്നത്.

നല്ല ജീവിതം ആഗ്രഹിച്ച് അമേരിക്കയിലേക്ക് കുടിയേറിയ കൊറിയൻ കുടുംബത്തിന്റെ കഥ പറയുന്ന മിനാരിക്ക് പ്രചോദനം സംവിധായകൻ ലീ ഐസക്ക് ചുങ്ങിന്റെ ജീവിതം തന്നെയാണ്. രചനയും സംവിധായകൻ തന്നെ. അവലംബിത തിരക്കഥയാണെങ്കിലും നൊമാ‍ഡ് ലാൻ‍ഡിൽ അഭിനയിക്കുന്ന പലരും യഥാർത്ഥത്തിൽ നാടോടി ജീവിതം നയിക്കുന്നവരാണ്. Promising Young Woman, Sound of Metal, The Fatherഎന്നിവയാണ് മികച്ച സിനിമയാകാൻ മത്സരിക്കുന്ന മറ്റ് ചിത്രങ്ങൾ. 


 

Follow Us:
Download App:
  • android
  • ios