ആറു പതിറ്റാണ്ടായി ഇന്ത്യൻ സിനിമയുടെ തലപ്പൊക്കമുള്ള പേരാണ് അടൂർ ഗോപാലകൃഷ്ണൻ. ലോകസിനിമയുടെ അരങ്ങിലേക്ക് മലയാളത്തെ കൈപിടിച്ച കഥാപുരുഷൻ. 

തിരുവനന്തപുരം: മലയാള സിനിമയെ ലോക വേദികളിലേക്ക് എത്തിച്ച മലയാളത്തിന്‍റെ സ്വന്തം ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് ജന്മദിനം. കാമ്പും കനവും രാഷ്ട്രീയവും നിറഞ്ഞ ചലച്ചിത്രസൃഷ്ടികളിലൂടെ ആറു പതിറ്റാണ്ടായി ഇന്ത്യൻ സിനിമയുടെ തലപ്പൊക്കമുള്ള പേരാണ് അടൂർ. ലോകസിനിമയുടെ അരങ്ങിലേക്ക് മലയാളത്തെ കൈപിടിച്ച കഥാപുരുഷന് ഏഷ്യാനെറ്റ് ന്യൂസിന്റെ പിറന്നാൾ ആശംസകൾ.

സിനിമയോട് മാത്രം വിധേയന്‍. സ്വന്തം ബോധ്യങ്ങളില്‍ ഉറച്ചുനിന്ന കഥാപുരുഷന്‍. അടൂര്‍ ഗോപാലക‍ൃഷ്ണന്‍, മലയാളത്തിന്‍റെ വിശ്വചലച്ചിത്രകാരനാണ്. കഥാപശ്ചാത്തലത്തിന്‍റെ സൂക്ഷ്മതലങ്ങളെ മനസെന്ന ഫ്രെയിമില്‍ പാകപ്പെടുത്തുന്ന സംവിധായകപാടവം. താരപരിവേഷങ്ങള്‍ക്കപ്പുറം അഭിനേതാവില്‍ കഥാപാത്രത്തെ മാത്രം കാണുന്ന ചലച്ചിത്രകാരന്‍. സാങ്കേതിക വളര്‍ച്ചയുടെ കാലത്തും കലാമൂല്യം ചോരാതെ ആസ്വാദകമനസറിഞ്ഞ് സിനിമയൊരുക്കിയ വിസ്മയം

കഥകളി പശ്ചാത്തലമുളള കുടുംബത്തിലാണ് ജനനമെങ്കിലും നാടകത്തോടുള്ള താല്‍പ്പര്യമാണ്ി അടൂരിനെ സിനിമയോട് അടുപ്പിച്ചത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിന് ശേഷം ഫിലിം സൊസൈറ്റി പ്രവര്‍ത്തനവും ഡോക്യുമെന്‍ററി നിര്‍മാണവുമായി മുന്നോട്ടുപോയ അടൂരിന്‍റെ മനസില്‍ സിനിമകളുടെ കാമ്പുള്ള പ്രമേയങ്ങളുടെ വേലിയേറ്റമായിരുന്നു. സ്വയംവരം ആയിരുന്നു ആദ്യ ചിത്രം. അവിടുന്ന് ലോക സിനിമ വേദിയിലേക്ക് സമാനതകളില്ലാത്ത ഒരു സിനിമായാത്രയ്ക്ക് തുടക്കമായി.

രണ്ടാമത് സംവിധാനം ചെയ്ത കൊടിയേറ്റം (1977) ദേശീയ അവാര്‍ഡ് നേടിയ ചിത്രമായി, കാന്‍സ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ചിത്രമായി മാറി മൂന്നാമത്തെ ചിത്രം എലിപ്പത്തായം (1982), മുഖാമുഖം (1984), അനന്തരം (1987), മതിലുകള്‍ (1990), ഇന്നും യുവതലമുറയും വിസ്മയത്തോടെ കാണുന്ന വിധേയന്‍ (1993), കഥാപുരുഷന്‍, നിഴല്‍കൂത്ത്, നാലു പെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും, പിന്നെയും ഇവയെല്ലാം അടൂരിന്‍റെ മുദ്ര പതിഞ്ഞ സൃഷ്ടികളാണ്.

മലയാളത്തിലെ മികച്ച രാഷ്ട്രീയ സിനിമകളിലൊന്നായ മുഖാമുഖവും എന്‍പതുകളില്‍ നവതരംഗ സിനിമകള്‍ക്ക് വിത്തുപാകിയ അനന്തരവും അടൂരിലെ പ്രതിഭയുടെ മാറ്റുകൂട്ടി. അടൂരിനൊപ്പം കൂടിയ മമ്മൂട്ടിയെ ഭാസ്കരപട്ടേലായും വൈക്കം മുഹമ്മദ് ബഷീറായും മാത്രം മലയാളി കണ്ടു.

നിഴല്‍ക്കുത്തും നാലും പെണ്ണുങ്ങളും ഒരു പെണ്ണും രണ്ടാനവും പിന്നേയും കുറെ ചലച്ചിത്രങ്ങള്‍. കാര്‍ക്കശ്യസ്വഭാവവും സത്യസന്ധതയും ഉറച്ച നിലപാടുകളും അടൂരിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കി. സിനിമകളുടെ എണ്ണത്തേക്കാള്‍ അടൂര്‍ ശ്രദ്ധ പതിപ്പിച്ചത് കലാമൂല്യത്തിലും ആഴമേറിയ ഉള്ളടക്കങ്ങളിലുമായിരുന്നു.

അടൂര്‍ ചെയ്ത സിനിമകളുടെ എണ്ണം കുറഞ്ഞെങ്കിലും അദ്ദേഹത്തിന് ലഭിച്ച ലോകോത്തര പുരസ്കാരങ്ങളും പരമോന്നത ബഹുമതികളും നിരൂപക പ്രശംസയും അളവില്ലാത്തതായി. ശതാഭിഷിക്തനാകുമ്പോഴും ജീവിതത്തിന്‍റെ ഫ്രെയിമില്‍ സിനിമയ്ക്കൊപ്പം സഞ്ചാരം തുടരുകയാണ് അടൂര്‍.