Asianet News MalayalamAsianet News Malayalam

ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ സിനിമ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നു, പരാതിയുമായി 'ബിരിയാണി'യിലെ നടൻ

'ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലതും വളരെ മോശം കമന്‍റുകളോടെ പ്രചരിപ്പിക്കുന്നത്.'

biriyani malayalam movie actor Thonnakkal Jayachandran react on cyberbullying
Author
Thiruvananthapuram, First Published May 13, 2021, 1:17 PM IST

തിരുവനന്തപുരം: ഏതാനും ആഴ്ച മുന്‍പാണ് ദേശീയ പുരസ്കാരം അടക്കം നേടിയ സജിന്‍ ബാബു സംവിധാനം ചെയ്ത് 'ബിരിയാണി' ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ നേരിടുന്ന ഭയനാകമായ അവസ്ഥയുടെ ഞെട്ടലലിലാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍. ഇരുപത്തിയഞ്ച് വര്‍ഷമായി അഭിനയ രംഗത്തുള്ള തോന്നയ്ക്കല്‍ ജയചന്ദ്രന്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ കനി കുസൃതിയുടെ ഭര്‍ത്താവായ 'നാസര്‍' എന്ന വേഷമാണ് ചെയ്തത്. തനിക്ക് നേരിട്ട അനുഭവം ജയചന്ദ്രന്‍ വിവരിക്കുന്നത് ഇങ്ങനെ

'ബിരിയാണിയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്, എന്നാല്‍ ചിത്രം ഒടിടി റിലീസ് ആയതിന് പിന്നാലെ, ചിത്രത്തിലെ ചില രംഗങ്ങള്‍ മാത്രം ചിലര്‍ സോഷ്യല്‍ മീഡിയ വഴിയും, വാട്ട്സ്ആപ്പ് വഴിയും പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലതും വളരെ മോശം കമന്‍റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമ സംബന്ധിച്ച പോസ്റ്റുകള്‍ക്ക് അടിയില്‍ പോലും ഇത്തരം പ്രചാരണം നടത്തുന്നു. ബിരിയാണി എന്ന ചിത്രം കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണ് എന്ന് അറിയാം, ശരിക്കും ഈ ചിത്രം കാണാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവരിലേക്കാണ് ഈ രംഗങ്ങള്‍ എത്തിയത്. അതില്‍ എന്‍റെ നാട്ടുകാരും ബന്ധുക്കളും അടക്കമുണ്ട്' - ജയചന്ദ്രന്‍ പറയുന്നു.

'ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജീവിക്കുന്നത്. അവിടുത്തെ ഭൂരിപക്ഷത്തിനും ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചതാണ് എന്നത് അറിയില്ല. ഇത്തരം രംഗങ്ങള്‍ ലഭിച്ചവര്‍ ആ രീതിയില്‍ അതിനെ കാണുന്നില്ല. ഞാന്‍ വേറെ എന്തോ കെണിയില്‍ പെട്ടു, അത് ചിത്രീകരിക്കപ്പെട്ടുവെന്നാണ് സംസാരം, ശരിക്കും സങ്കടകരമായ കാര്യമാണ് ഇത്. നല്ലൊരു ചിത്രം ചെയ്തിട്ടും അത് ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് തീര്‍ത്തും സങ്കടകരമാണ്"

കൊവിഡ് ലോക്ക്ഡൗണും മറ്റും അയതിനാല്‍ നിയമനടപടിയും മറ്റും എടുക്കാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെങ്കിലും, നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. നാടകവേദിയില്‍ പതിറ്റാണ്ടുകളുടെ അഭിനയ ജീവിതമുള്ള ജയചന്ദ്രന്‍ കോമഡി ഷോകളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയും മിനി സ്ക്രീനിലും അറിയിപ്പെടുന്നയാളാണ്. ഇതിനകം അഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അതേ സമയം ചിത്രത്തിനെ മോശമായി ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമം തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നില്‍ എന്നാണ് ഇത് സംബന്ധിച്ച് പ്രതികരിച്ച 'ബിരിയാണി' സംവിധായകന്‍ സജിന്‍ ബാബു പ്രതികരിച്ചു. സിനിമയെ സിനിമയായി കാണുവാന്‍ സാധിക്കാത്ത ഒരു വിഭാഗം നടത്തുന്ന നീക്കമാണ്. ജയചന്ദ്രന് മാത്രമല്ല, ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും ബാധിക്കുന്ന വിഷയമാണിത്. പൈറസി അടക്കമുള്ള വിഷയങ്ങള്‍ തടയാന്‍ ശക്തമായ സംവിധാനം ഇല്ലാത്തതിന്‍റെ കൂടി ദുരന്തമാണ് ഇത് കാണിച്ചുതരുന്നത് എന്നും സജിന്‍ ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios