കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള (IFFK) മുപ്പതാം വയസ്സിലേക്ക്. മേളയെക്കുറിച്ചും മേളയ്‌ക്കൊപ്പമുള്ള നടത്തങ്ങളെക്കുറിച്ചും ഒരോര്‍മ്മക്കുറിപ്പ്. കെ. പി റഷീദ് എഴുതുന്നു | IFFK 2025
നിത്യജീവിതപ്പെരുക്കങ്ങളുടെ ചെടിപ്പിക്കുന്ന കരയില്‍നിന്നും സിനിമാനദിയുടെ പെരുമീന്‍ കലക്കങ്ങളിലേക്ക് ഒരു പെരും ചാട്ടം. മഞ്ഞുകാലത്തിന്റെ തുടക്കത്തിലോ ഒടുക്കത്തിലോ സംഭവിക്കാറുള്ള കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള എന്നും ആത്മാവിനെ തൊട്ടത് ഈ വഴിക്കായിരുന്നു.
സമാനഹൃദയരായ മനുഷ്യരിലേക്കും കൂടിച്ചേരലുകളുടെ ആരവങ്ങളിലേക്കുമുള്ള മുങ്ങാംകുഴിയിടല്‍. അവിടെനിന്നും മുങ്ങിനിവരുന്നത് കത്തിമുനയുടെ മൂര്‍ച്ചയുള്ള ജീവിതാനുഭവങ്ങളിലേക്കാണ്. ലോകത്തിന്റെ ഏതൊക്കെയോ കരകളിലെ മനുഷ്യജീവിതങ്ങളുടെ നിറഞ്ഞുതുളുമ്പലുകള്‍. ഏകാന്തത, വേദന, പ്രണയം, രതി, സൗഹൃദം, ജീവിതകാമനകള്‍, കല, നൃത്തം, സംഗീതം, യുദ്ധം, പലായനം, വിപ്ലവം, കൊടിയപീഡനങ്ങള്‍ എന്നിങ്ങനെ അതിന് അനേകം അടരുകള്‍. ഒപ്പം, പല ഭാഷകളുടെ തുളുമ്പല്‍, പല സംസ്‌കാരങ്ങളുടെ അതിശയവഴികള്‍, പല പ്രതിസന്ധികളുടെ മുനമ്പുകള്‍, പല വഴിത്തിരിവുകളുടെ കലമ്പലുകള്‍, ദാര്‍ശനിക അന്വേഷണങ്ങളുടെ പല വിടരലുകള്‍, പല വേഗങ്ങള്‍, പല താളങ്ങള്‍, പല പാട്ടുകള്‍, പ്രണയരതിമൃതികളിലേക്കുള്ള പല മാതിരി ദേശാടനങ്ങള്‍.
ഒരു സിനിമാ കാഴ്ചയില്‍നിന്നും മറ്റൊന്നിലേക്കുള്ള സമയദൂരം ഏറെ ചെറുത്. ഒരനുഭവത്തില്‍നിന്നും മറ്റൊന്നിലേക്കുള്ള യാത്രയും ഹ്രസ്വം. ഒരു സിനിമയില്‍നിന്നും ഉറയൂരി മറ്റൊന്നിലേക്ക് ചേക്കേറുമ്പോഴേക്കും ആദ്യ അനുഭവം പാടെ മറന്നിരിക്കും. അങ്ങനെ ഒരു ദിവസം, പല സിനിമകള്‍. പല നാടുകള്‍, പല മനുഷ്യര്‍. സിനിമയില്‍ മുങ്ങിപ്പൊങ്ങി ഒടുവില്‍ നിവര്‍ന്നെണീക്കുന്നത്, മേളയുടെ അവസാന സന്ധ്യയിലേക്കാണ്. അതു കഴിഞ്ഞ്, വന്നിടത്തേക്കുള്ള മടക്കങ്ങള്‍. താല്‍ക്കാലികമായി ഉപേക്ഷിച്ചുപോന്ന സ്വന്തം ജീവിതപ്പഴക്കങ്ങളിലേക്കുള്ള തിരിച്ചുപോക്കുകള്‍. ആ യാത്രയിലാണ് നേരത്തെ ചെന്നുതൊട്ട സിനിമകളെല്ലാം 'ഞാനിവിടെ ഉണ്ടേ' എന്നുറക്കെ വിളിച്ചു പറഞ്ഞ് ഉള്ളില്‍ വന്ന് നിറയുന്നത്. ഏതൊക്കെയോ ഭാഷകള്‍ സംസാരിക്കുന്ന മനുഷ്യരുടെയും അവരുടെ ജീവിതത്തിലെ പ്രവചനാതീതമായ കടലിളക്കങ്ങളുടെയും വിചിത്രമായ സമാഹാരമായി മാറിയിരിക്കും അപ്പോഴേക്കും മനസ്സ്. വരാനിരിക്കുന്ന കാലങ്ങളില്‍ ഓര്‍ക്കാനും കൂട്ടിവായിക്കാനും ചേര്‍ത്തുവെക്കാനുമുള്ള നിക്ഷേപങ്ങളായി ഉള്ളിലങ്ങനെ ഉറഞ്ഞുകിടക്കും ആ വര്‍ഷത്തെ സിനിമകള്‍.
വര്‍ഷം തോറും ആവര്‍ത്തിക്കുന്ന ഈ മുങ്ങാംകുഴിയിടലുകള്‍ ഒന്നൊന്നായി തുന്നിവെച്ച പുസ്തകമാണ് വാസ്തവത്തില്‍ ഫെസ്റ്റിവല്‍ സ്മൃതികള്‍. ഒരു വര്‍ഷം മുന്നോട്ടു നടക്കാനുള്ള ഇന്ധനമാണ് മേള ഓരോരുത്തരിലും നിറയ്ക്കുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും വഴി കാട്ടാനുള്ള കൈചൂണ്ടിപ്പലകകള്‍. കാഴ്ചയിലും ജീവിതവീക്ഷണങ്ങളിലും സ്വയം അപ്‌ഡേറ്റ് ചെയ്യാനുള്ള കീവേഡുകള്‍. സ്വയം പുതുക്കാനുള്ള വഴിമരുന്നുകള്‍.

ഷാജി എന്‍ കരുണ്‍
രണ്ട്
തൊണ്ണൂറുകളുടെ അവസാനം, ബ്രണ്ണന്‍ കോളജ് പഠനകാലത്താണ് നല്ല സിനിമയിലേക്ക് മാമോദീസ മുങ്ങുന്നത്. പല കാലങ്ങളിലെ പുസ്തകങ്ങള്‍ അന്തിയുറങ്ങുന്ന ബ്രണ്ണനിലെ പഴയ ലൈബ്രറിയില്‍നിന്നും കണ്ടെടുത്ത 'നല്ല സിനിമ'യെക്കുറിച്ചുള്ള ചില പുസ്തകങ്ങള്‍ നേരത്തെ ആ സ്വപ്‌നങ്ങളിലേക്ക് വഴി തുറന്നിരുന്നു. 1998-ല്‍, ആയടുത്ത് നിലവില്‍ വന്ന ചലച്ചിത്ര അക്കാദമിയുടെ മുന്‍കൈയില്‍ തലശ്ശേരിയില്‍ നടന്ന ഒരു ചലച്ചിത്ര ശില്‍പ്പശാല കാഴ്ചയുടെ ഖനിയിലേക്ക് കൈപിടിച്ചിറക്കി. 1922-ല്‍പുറത്തിറങ്ങിയ നാനൂക്ക് ഓഫ് ദി നോര്‍ത്ത് എന്ന ആദ്യ നിശ്ശബ്ദ ഡോക്യുമെന്ററിയിലായിരുന്നു തുടക്കം. റോബര്‍ട്ട് ജെ ഫ്‌ലഹേര്‍ട്ടി എന്ന പര്യവേഷകന്‍ പകര്‍ത്തിയ ഉത്തര ധ്രുവപ്രദേശത്തെ എസ്‌കിമോ വര്‍ഗ്ഗക്കാരുടെ ജീവിതമായിരുന്നു സ്‌ക്രീനില്‍. പിന്നെയും വന്നു പല സിനിമകള്‍. ചലച്ചിത്രകലയുടെ പരിണാമദശകള്‍ അടയാളപ്പെടുത്തിയ ഏടുകള്‍.
സിനിമാനിരൂപണങ്ങളില്‍ നിറഞ്ഞുജീവിക്കുന്നതിനിടയില്‍ പൊടുന്നനെ വേര്‍പിരിഞ്ഞുപോയ കറന്റ് ബുക്‌സിലെ ഒപി രാജ്‌മോഹന്‍, സിനിമയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ മുഴുകിയിരുന്ന വി.കെ ജോസഫും ജിപി രാമചന്ദ്രനും, എന്‍ ശശിധരന്‍ മാഷ് എന്നിങ്ങനെ പലരുമുണ്ടായിരുന്നു ആ ശില്‍പ്പശാലയില്‍. ആ വര്‍ഷത്തെ കോളജ് മാഗസിനില്‍, ജര്‍മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ അഗിരെ ദി റാത്ത് ഓഫ് ഗോഡ് (Aguirre, the Wrath of God) എന്ന സിനിമയെക്കുറിച്ചും അതില്‍ വെരുകിനെപ്പോലെ പാഞ്ഞുനടന്ന ക്ലോസ് ക്ലിന്‍സ്‌കി (Klaus Kin-ski) എന്ന നടനെക്കുറിച്ച് എഴുതാനായത്, ആ ശില്‍പ്പശാല തന്ന തെളിഞ്ഞ കാഴ്ചയിലാണ്.
അതിനു തൊട്ടുമുമ്പത്തെ വര്‍ഷം, 1997-ല്‍ ചലച്ചിത്ര അക്കാദമി എന്ന സങ്കല്‍പ്പത്തെക്കുറിച്ച്, അതിന്റെ ആദ്യ ചെയര്‍മാന്‍ ഷാജി എന്‍ കരുണുമായി ഒരഭിമുഖം നടത്തിയിരുന്നു. ടി പത്മനാഭനും കെ സച്ചിദാനന്ദനും ശേഷം, ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ നടത്തിയ മൂന്നാം അഭിമുഖം. കോളജ് മാഗസിനു വേണ്ടി നടത്തിയ ആ സംഭാഷണത്തില്‍, ഷാജി സാര്‍ ഊന്നിപ്പറഞ്ഞത്, മേളയും അക്കാദമിയും ചേര്‍ന്ന് മാറ്റിമറിക്കാന്‍ പോവുന്ന പുതിയ കാലത്തെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു. അതങ്ങനെ തന്നെ സംഭവിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍നിന്നും പൊട്ടിമുളച്ച കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള എന്ന സ്വപ്നം, മലയാളിയുടെ കാഴ്ചാശീലങ്ങളെ മാറ്റിയെഴുതി. മലയാള സിനിമയുടെ അകംപുറങ്ങളെ ഏറ്റവും പോസിറ്റീവായി വഴി തിരിച്ചുവിട്ടു.

ക്രിസ്റ്റഫ് സനൂസി
മൂന്ന്
അതേ വര്‍ഷം തന്നെയാണ്, 1998-ല്‍ പരീക്ഷച്ചൂടും പലവിധ ആധികളും അരികിലേക്ക് വകഞ്ഞുമാറ്റി, തിരുവനന്തപുരത്തേക്ക്, ആദ്യമായൊരു ഫെസ്റ്റിവല്‍ സ്വപ്‌നത്തിലേക്ക് ഒരുമ്പെട്ടിറങ്ങിയത്. തിങ്ങിനിറഞ്ഞ മലബാര്‍ എക്‌സ്പ്രസിന്റെ ഓര്‍ഡിനറി കമ്പാര്‍ട്ട്‌മെന്റില്‍ ഒട്ടുമുറങ്ങാത്ത യാത്ര. താമസസൗകര്യമടക്കം ഒന്നും പ്ലാന്‍ ചെയ്തിരുന്നില്ല. കൈയില്‍ കാശും കുറവ്. എന്നിട്ടും നാലുദിവസം അവിടെ നിന്നു. അരിസ്‌റ്റോ ജംഗ്ഷനിലെ ചെറിയൊരു ലോഡ്ജില്‍, മേളയ്ക്കിടെ കണ്ടുമുട്ടിയ ഒരു നല്ല മനുഷ്യന്‍, മുറി പങ്കിടാന്‍ അനുവദിച്ചു. മേളയുടെ നടത്തിപ്പ് ചലച്ചിത്ര അക്കാദമി ഏറ്റെടുത്ത വര്‍ഷമായിരുന്നു അത്. അത് വരെ കെ എസ് എഫ് ഡി സി ആയിരുന്നു ഫെസ്റ്റിവല്‍ നടത്തിയിരുന്നത്. അതിന്റെ വ്യത്യാസം മേളയ്ക്കുണ്ടായിരുന്നു എന്ന് അവിടെ കണ്ട പലരും പറഞ്ഞു.
പോളിഷ് സംവിധായകന്‍ ക്രിസ്റ്റഫ് സനൂസിയായിരുന്നു ആ വര്‍ഷത്തെ താരം. കമ്യൂണിസവും ക്രിസ്തീയ ആത്മീയതയും മുഖാമുഖം നില്‍ക്കുന്ന തീപാറുന്ന ചര്‍ച്ചയായിരുന്നു പ്രധാന ഹൈലെറ്റ്. മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ അന്ന് സനൂസിയും കമ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപ്പിള്ളയും നേരിട്ട് ഏറ്റുമുട്ടി. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായ സനൂസി പോളണ്ടിന്റെ അനുഭവം മുന്‍നിര്‍ത്തി കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ നിശിതമായി വിമര്‍ശിച്ചു. ലോകത്തിലാദ്യമായി കമ്യൂണിസ്റ്റ് ഭരണകൂടം ബാലറ്റിലൂടെ അധികാരത്തിലെത്തിയ കേരളത്തിന്റെ അനുഭവങ്ങളുടെ ബലത്തില്‍ പി ഗോവിന്ദപ്പിള്ള സനൂസിയെ നേരിട്ടു. 'കമ്യൂണിസത്തിന്റെ ഇരയായ ഒരു നാട്ടില്‍നിന്നാണ് ഞാന്‍ വരുന്നത്. കമ്യൂണിസം കൊണ്ട് ആവുന്നത്ര അനുഭവിച്ച ഞങ്ങള്‍ക്ക്, ഒരിന്ത്യന്‍ കമ്യൂണിസ്റ്റില്‍ നിന്നും സാരോപദേശം സ്വീകരിക്കേണ്ട ആവശ്യമില്ല.' എന്ന് സനൂസി പറഞ്ഞു. അമേരിക്കന്‍ ക്യാപിറ്റലിസ്റ്റ് അജണ്ടയുടെ ഭാഗമായാണ് പോളണ്ട് കമ്യൂണിസത്തെ കൈയൊഴിഞ്ഞതെന്നും കാത്തോലിക്ക സഭയുടെ ലോക വീക്ഷണത്തിലൂടെയാണ് സനൂസി ലോകത്തെ കാണുന്നതെന്നും പി ഗോവിന്ദപ്പിള്ള മറുപടി പറഞ്ഞു. ആ സംവാദം അവിടെ നിന്നില്ല. അത് ഇന്റര്‍നാഷനല്‍ തലക്കെട്ടായി മാറി. മലയാളത്തിെല ആനുകാലികങ്ങളില്‍ മേള കഴിഞ്ഞിട്ടും ആ സംവാദം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ചര്‍ച്ചയായി. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് സനൂസിക്കെതിരെ നിലപാട് എടുക്കുകയും ഇരു നിലപാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയു ചെയ്‌തെങ്കിലും, സനൂസിയുടെ സിനിമകള്‍ മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദരവോടെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഋത്വിക് ഘട്ടക്കിന്റെ റെട്രോസ്‌പെക്ടീവ് ആയിരുന്നു ആ മേളയുടെ ഐശ്വര്യം. ഘട്ടക്ക് സിനിമകളില്‍ ആണ്ടുപോയ നാളുകള്‍. സത്യജിത് റേയുടെ സിനിമകളില്‍നിന്നും ഘട്ടക്കിന്റെ സിനിമകളിലേക്കുള്ള പരിണാമത്തെക്കുറിച്ചായിരുന്നു അന്ന് കേട്ട ഒരു ചര്‍ച്ച. ആ വ്യത്യാസം ഭീമമായിരുന്നുവെന്ന് ഇപ്പോഴറിയാം. രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയാണ് ഘട്ടക്കിന്റെ സിനിമകളെ നിശിതമായ കാഴ്ചകളാക്കി മാറ്റിയത്. ഇരുണ്ട കാലത്തിന്റെ ചുവരെഴുത്തുകളായിരുന്നു അത്.
നാസി കാലഘട്ടത്തിന്റെ ഭീകരതയെ കൊടും തമാശയാക്കി മാറ്റി ഓസ്‌കര്‍ നേടിയ റോബര്‍ട്ടോ ബെനീഞ്ഞിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' ആ മേളയിലാണ് കണ്ടതെന്നാണ് ഓര്‍മ്മ. എന്താവും എന്നറുപ്പില്ലാത്ത ഒരു പുറപ്പെടലിന്റെ അനിശ്ചിതത്വങ്ങള്‍ ആയിരുന്നില്ല സിനിമ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഉള്ളില്‍ ബാക്കിയായത്. അനേകം സിനിമാപ്പുറപ്പാടുകളിലേക്കുള്ള ധൈര്യമായിരുന്നു. മേളയിലേക്ക് വന്ന ആളായിരുന്നില്ല തിരിച്ചുപോയത്. ലോകത്തിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള പുതിയ കാഴ്ചകള്‍, മനുഷ്യ ബന്ധങ്ങളുടെ വൈചിത്ര്യങ്ങളെക്കുറിച്ചുള്ള പുതിയ തിരിച്ചറിവുകള്‍. അതായിരുന്നു ആ മേള തിരികെ തന്നത്.

പി ഗോവിന്ദപ്പിള്ള
നാല്
കൊച്ചിയിലായിരുന്നു അടുത്ത ഫെസ്റ്റിവല്‍. മൂന്നാല് ദിവസങ്ങള്‍ മാത്രമാണ് അന്നും കൈയിലുണ്ടായിരുന്നത്. പരീക്ഷാപ്പേടികള്‍ ഇറക്കിവെച്ച് തിയറ്ററുകളില്‍ അലഞ്ഞുതിരിഞ്ഞു. ഇത്തവണ കൂടുതല്‍ പരിചയക്കാരുണ്ടായിരുന്നു മേളയില്‍. പുതിയ കാലവുമായുള്ള സിനിമകളുടെ അമ്പരപ്പിക്കുന്ന മുഖാമുഖങ്ങള്‍ കണ്ട് അന്തിച്ചുനിന്നു. ഓര്‍മ്മയിലുള്ളത് മൂന്നാല് സിനിമകളാണ്. അഭിസാരികാ ഗൃഹങ്ങളില്‍നിന്നുള്ള നാല് യുവതികളുടെ കഥ പറയുന്ന 'ഫ്‌ലവേഴ്‌സ് ഓഫ് ഷാങ്്ഹായി' എന്ന തായ്‌വാന്‍ സിനിമ. ലോകത്തിലേറ്റവും പ്രാചീനമായ ഒരു തൊഴിലില്‍ ഏര്‍പ്പെട്ട നാലു സുന്ദരികള്‍. അവരുടെ പ്രണയവും രതിയും മുറിവുകളും. ടര്‍ക്കിയില്‍നിന്നുള്ളതായിരുന്നു മറ്റൊരു സിനിമ. 'ദ സ്‌മോള്‍ ടൗണ്‍'. എല്ലാ നാടുകളിലും കുട്ടികള്‍ അനുഭവിക്കുന്നത് ഒരേ ആകുലതകളും ആധികളുമാണെന്ന് അത് വിളിച്ചുപറഞ്ഞു. രാഷ്ട്രീയമായി പുതിയൊരു തിരിച്ചറിവായിരുന്ന 'ദ വേ' എന്ന ഹംഗേറിയന്‍ സിനിമ. മാവോയുടെ സാംസ്‌കാരിക വിപ്ലവത്തെക്കുറിച്ച് അക്കാലത്ത് കേട്ടുകൊണ്ടിരുന്ന കാല്‍പ്പനിക ധാരണകളെ അത് തച്ചുടച്ചു കളഞ്ഞു.
മേള കഴിഞ്ഞ് മടങ്ങുമ്പോള്‍, പതിവുപോലെ, ഫെസ്റ്റിവലില്‍നിന്നും കൂടെപ്പോന്ന സിനിമകളും കഥാപാത്രങ്ങളും കഥകളുമെല്ലാം വേതാളത്തെപ്പോലെ ഉള്ളില്‍ തൂങ്ങിക്കിടന്നു. പക്ഷേ, ചെന്നു പെട്ടത് ഡിഗ്രി ഫൈനല്‍ പരീക്ഷയുടെ രാപ്പകലുകളിലേക്കാണ്. നടന്നുകണ്ട സിനിമകളെ ഉച്ചാടനം ചെയ്യുക മാത്രമായിരുന്നു പഠിക്കാനുള്ള വഴി. കൊച്ചി ഫെസ്റ്റിവല്‍ ഓര്‍ക്കുമ്പോള്‍ ഇന്നും ഓര്‍മ്മയില്‍ കിടക്കുന്നത് പാഠ്യവിഷയങ്ങളും കണ്ട സിനിമകളും തമ്മിലുള്ള ആ പിടിവലി തന്നെയാണ്.
കോട്ടയത്ത് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ പിജി പഠനകാലത്താണ്, 2000-ലെ കോഴിക്കോട് ഫെസ്റ്റിവല്‍ നടന്നത്. സഹപാഠികള്‍ക്കൊപ്പം ഒരു വിനോദയാത്രപോലെയാണ് ഫെസ്റ്റിവലിലേക്ക് ചെന്നുകയറിയത്. എന്നാല്‍, കളിചിരികളുടെ നേരങ്ങളെയെല്ലാം സിനിമ റദ്ദാക്കിക്കളഞ്ഞു. പിയര്‍ പൗലോ പസോലിനി എന്ന ഇറ്റാലിയന്‍ സംവിധായകന്‍ സ്വന്തമാക്കിയ ഫെസ്റ്റിവലായിരുന്നു അത്. അടിമുടി ഉടച്ചുവാര്‍ക്കുന്ന അനുഭവമായിരുന്നു പസോലിനി സിനിമകള്‍. ഉടലില്‍ തീ കൊണ്ട് കൊത്തിയ സിനിമകള്‍. അന്നു വരെ കാണാത്ത വിധം, പ്രണയത്തിന്റെയും ലൈംഗികതയുടെയും മനുഷ്യബന്ധങ്ങളുടെയും കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു. 'സോളോ' പോലുള്ള സിനിമകള്‍ കണ്ടുതീര്‍ക്കാനാവാതെ ആളുകള്‍ കൂട്ടത്തോടെ തിയറ്റര്‍ വിട്ടിറങ്ങുന്നത് അന്നു കണ്ടു. സിനിമ കണ്ടുകൊണ്ടിരിക്കെ തൊട്ടടുത്ത സീറ്റിലിരുന്ന് ഒരാള്‍ ചര്‍ദ്ദിക്കുന്നത് ഓര്‍മ്മവരുന്നു.
ശരീരകാമനകളും മന:സാക്ഷിയും തമ്മിലുള്ള മല്‍പ്പിടുത്തത്തില്‍ മുറുകിപ്പിടഞ്ഞ ഈഡിപ്പസായിരുന്നു 'ഈഡിപ്പറെ' (Oedipus Rex) എന്ന സിനിമയില്‍. മതം, സമൂഹം, സദാചാരം എന്നിങ്ങനെ നിലനില്‍ക്കുന്ന വ്യവസ്ഥകളെ ആ സിനിമ കുടഞ്ഞുകളയുന്നത് അനുഭവിച്ചറിഞ്ഞു. വായിച്ചും കേട്ടുമറിഞ്ഞ ആയിരത്തൊന്ന് രാവുകളുടെ സിനിമാ ഭാഷ്യമായിരുന്നു 'അറേബ്യന്‍ നൈറ്റ്‌സ്'. അസാധാരണമായ ദൃശ്യപരിചരണ രീതിയാല്‍ ആ സിനിമ കാണികളെ കീഴ്‌മേല്‍ മറിച്ചിട്ടു. മനസ്സും ശരീരവും ആത്മീയവഴിയില്‍ കൊരുത്തിടപ്പെട്ട തിബത്തന്‍ മൊണാസ്ട്രിയിലെ കുട്ടികള്‍ കാല്‍പ്പന്തു കളിയുടെ താളപ്പെരുക്കങ്ങളിലേക്ക് ജ്ഞാനസ്‌നാനം ചെയ്ത കഥ പറയുന്ന 'കപ്പ്' ആയിരുന്നു ആ ഫെസ്റ്റിവലിലെ തിളക്കമുള്ള ഒരോര്‍മ്മ. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും രതിയ്ക്കും പ്രണയത്തിനുമിടയില്‍ വീതംവെക്കപ്പെട്ട മനുഷ്യരുടെ നിസ്സഹായതകളുമായിരുന്നു കോഴിക്കോട് ഫെസ്റ്റിവല്‍ ബാക്കിവെച്ചത്.

പിയര്‍ പൗലോ പസോലിനി
അഞ്ച്
2001 മുതലാണ് തിരുവനന്തപുരം ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായത്. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തുമായി ഓടിക്കൊണ്ടിരുന്ന മേള തലസ്ഥാനനഗരിയില്‍ നങ്കൂരമിട്ട വര്‍ഷം. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍നിന്നും ഒരു സംഘം സഹപാഠികള്‍ക്കൊപ്പമായിരുന്നു അത്തവണ തിരുവനന്തപുരത്ത് ലാന്റ് ചെയ്തത്. ജയനും ഗായത്രിയും രീതിയും ശ്രീകുമാറും ദീപ്തിയും കവിതയും ദീപനും സനീഷും വര്‍ക്കിയും ഡോണും ഉമയുമെല്ലാം പുതിയ ആവേശത്തോടെ സിനിമയെ പുല്‍കി.
ഇറാനിയന്‍ സംവിധായകന്‍ മുഹ്‌സിന്‍ മഖ്മല്‍ബഫിന്റെയും ക്യൂബന്‍ സംവിധായകന്‍ തോമസ് ഏലിയയുടെയും റെട്രോസ്‌പെക്ടീവുകളായിരുന്നു ആ വര്‍ഷത്തെ പ്രധാന സംഭവങ്ങള്‍. ഇറാന്‍ സിനിമയുടെ പരിണാമദശകള്‍ അടയാളപ്പെടുത്തുന്നതായിരുന്നു മഖ്മല്‍ബഫ് സിനിമകള്‍. 'മാര്യേജ് ഓഫ് ദി ബ്ലെസ്ഡും' 'ദി സൈക്ലിസ്റ്റും' 'മൊമന്റ് ഓഫ് ഇന്നസന്‍സും' കഴിഞ്ഞ് മഖ്മല്‍ബഫ് 'കാണ്ഡഹാറി'ലേക്കും 'ദി ഡോറി'ലേക്കും എത്തിയിരുന്നു. സിനിമകളുടെ അടിസ്ഥാന ചേരുവകളില്‍നിന്നും വ്യതിചലിക്കാതെ, ഇറാന്‍ സിനിമ സ്ത്രീപുരുഷ ബന്ധത്തിലെ സങ്കീര്‍ണ്ണതകള്‍ അടയാളപ്പെടുത്തുന്നതിലേക്ക് മാറുന്നത് ഈ സിനിമകള്‍ ബോധ്യപ്പെടുത്തി. ലാറ്റിനമേരിക്കന്‍ സിനിമയുടെ ഉന്‍മാദവും കരുത്തുമായിരുന്നു തോമസ് ഏലിയയുടെ സിനിമകള്‍. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ 'മെമറീസ് ഓഫ് അണ്ടര്‍ ഡെവലപ്‌മെന്റ്'നില്‍ക്കാനിടമില്ലാത്ത തിയറ്റര്‍തിരക്കിലാണ് കണ്ടുതീര്‍ത്തത്. ക്യൂബ കടന്നുപോയ രാഷ്ടീയ മാറ്റങ്ങളെ വ്യക്തിപരമായ തലത്തില്‍ അടയാളപ്പെടുത്തുന്നു ആ സിനിമ. അടിമുടി മാറുന്ന കാലത്ത് ഒറ്റപ്പെട്ടുപോവുന്ന വ്യക്തിസത്ത ഒരു വശത്ത്, വിപ്ലവാനന്തര ക്യൂബയിലെ സാമൂഹിക മാറ്റങ്ങളുടെ രാഷ്ട്രീയവായന മറുവശത്ത്. ഓര്‍മ്മകളുടെ രാഷ്ട്രീയവല്‍ക്കരണമായിരുന്നു ആ സിനിമ. 'ലാസ്റ്റ് സപ്പര്‍', 'ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്' തുടങ്ങിയ സിനിമകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
അടുത്ത മേളകളും തിരുവനന്തപുരത്ത് തന്നെയായിരുന്നു. അപ്പോഴേക്കും സ്ഥിരം ഫെസ്റ്റിവല്‍ തീര്‍ത്ഥാടകരുടെ വലിയ സംഘമായി ഞങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. ആരവങ്ങള്‍ ബാക്കിയാക്കി കാമ്പസുകളില്‍നിന്നിറങ്ങി പല വഴികളിലേക്ക് ചിതറിപ്പോയവര്‍ക്ക് വീണ്ടും കാണാനുള്ള ഇടം, പ്രണയികള്‍ക്ക് ഒത്തുചേരാനുള്ള സ്വപ്‌നസ്ഥലി, ഗാഢസൗഹൃദങ്ങളുടെ മേളപ്പറമ്പ് എന്നിങ്ങനെ പല നിലകളില്‍ ഐ എഫ് എഫ് കെ ജീവിതത്തിന്റെ അനിവാര്യഘടകമായി. സിനിമ കാണുന്നതിനൊപ്പം പ്രധാനമായി, ഒത്തുചേരലുകള്‍. തിയറ്ററുകളും അതിനുപുറത്തുള്ള ഹോട്ടലുകളും നഗരത്തിന്റെ തണലിടങ്ങളുമെല്ലാം അതിനു വേദിയായി മാറി. തിരുവനന്തപുരം നഗരം അപരിചിതത്വം മാറ്റിവെച്ച് പുണര്‍ന്നുതുടങ്ങുന്നത് ആദ്യമായി അനുഭവിച്ചുതുടങ്ങി.

കെ ഷെരീഫ്
ആറ്
ഫെസ്റ്റിവല്‍ യാത്രകളെക്കുറിച്ചുള്ള എന്റെ ഏതാലോചനയും തുടങ്ങുന്നതും ഒടുങ്ങുന്നതും ഷെരീഫിലാണ്. കെ ഷെരീഫ്. പില്‍ക്കാലത്ത് മലയാളം ഇല്ലസ്‌ട്രേഷനെ അടിമുടി മാറ്റിമറിച്ച കലാകാരന്‍. മലയാള ഗദ്യത്തെ സ്വന്തം ഭാഷയുടെ ജൈവപരിസരങ്ങളിലേക്ക് പറിച്ചുനട്ട എഴുത്തുകാരന്‍. അവനന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലി തുടങ്ങിയിട്ടില്ല. പകരം, നാട്ടിലിരുന്ന് കലയില്‍ പലമാതിരി 'ആഭിചാരക്രിയകള്‍' രഹസ്യമായും പരസ്യമായും ചെയ്തുവരികയാണ്. അന്ന് മാര്‍ക്കറ്റ് ലീഡറായിരുന്ന മാധ്യമം ആഴ്ചപ്പതിപ്പില്‍ അവന്റെ ഇല്ലസ്‌ട്രേഷനുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ടായിരുന്നു. ആദ്യകാലം ഒഴിച്ചാല്‍, പിന്നെയുള്ള മേളകളിലെല്ലാം ഷെരീഫായിരുന്നു എന്റെ കൂട്ടുപ്രതി. ആദ്യമൊക്കെ ഫെസ്റ്റിവലില്‍ ഡെലിഗേറ്റ് ആവാന്‍ സിനിമാ താല്‍പ്പര്യം വ്യക്തമാക്കുന്ന ഒരു കുറിപ്പ് അയക്കണമായിരുന്നു. ഒപ്പം ചെറിയൊരു ബയോഡാറ്റയും. ഡെലിഗേറ്റ് പാസ് തപാലില്‍ വരും. അന്ന് കുത്തിപ്പിടിച്ചിരുന്ന് ലേഖനമെഴുതി അയച്ചാണ് ഞങ്ങള്‍ ഫെസ്റ്റിവലിലെ കസേര ഉറപ്പാക്കിയിരുന്നത്. എല്ലാ കാലത്തും ഒന്നിച്ചായിരുന്നു യാത്രകള്‍. എവിടെയെങ്കിലും ഒരു താവളം ഉറപ്പിക്കും. അവിടെനിന്നും സിനിമാ പാച്ചിലുകളുടെ ഒഴുക്കില്‍ കയറും. മിക്കവാറും ഒരേ സിനിമകളാണ് കാണുക. ചിലപ്പോള്‍ രണ്ടുപേരും വ്യത്യസ്ത സിനിമകള്‍ പരീക്ഷിക്കും. ഒന്നിച്ച് ഭക്ഷണം, ഒന്നിച്ചുള്ള കറക്കങ്ങള്‍. രാത്രി വൈകി നാലാമത്തെയോ അഞ്ചാമത്തെയോ സിനിമയും കണ്ട് തിരിച്ചുപോവുമ്പോള്‍ തോരാത്ത വര്‍ത്തമാനങ്ങളില്‍ പൂണ്ടുപോവും. നാട്ടില്‍നിന്നും വേറെയും ആളുകളുണ്ടാവും. പേരാമ്പ്രയില്‍നിന്നും ഹമീദ് മാഷിന്റെയും ഉണ്ണിയുടെയും നേതൃത്വത്തില്‍ ഒരു കൂട്ടമുണ്ടാവും. സിനിമ ഞരമ്പിലോടുന്ന കുറേ മനുഷ്യര്‍. കലയും രാഷ്്രടീയവും, ഒരേ മാതിരിയുള്ള നട്ടപ്രാന്തുകളുമായി ഒറ്റ ഫെസ്റ്റിവലും ഒഴിവാക്കാത്ത തീര്‍ത്ഥാടകര്‍. പലപ്പോഴും ഇവരൊക്കെ ഉണ്ടാവും സിനിമാ പാച്ചിലുകളിലും അനന്തര ചര്‍ച്ചകളിലും.
രാഷ്ട്രീയവും കലയും സാഹിത്യവും എഴുത്തും വായനയും ആക്ടിവിസവും ഒക്കെയായി നാട്ടിന്‍പുറങ്ങളില്‍ തീപ്പിടിച്ച് ജീവിച്ചിരുന്ന ജൈവമനുഷ്യരുടെ അഭയസ്ഥാനങ്ങള്‍ കൂടിയായിരുന്നു ആദ്യകാല ഫെസ്റ്റിവലുകള്‍. വ്യത്യസ്തമായ അഭിരുചികളും നിലപാടുകളും ഇഷ്ടങ്ങളുമുള്ള, പലപ്പോഴും മുഖ്യധാരയ്ക്കുപുറത്തുള്ള ഇടതു നിലപാടുകള്‍ പങ്കുവെക്കുന്ന കൂട്ടമായിരുന്നു അത്. വേറിട്ട നിലപാടുകള്‍ കാരണം നാട്ടിലും വീട്ടിലും ഒരു വിലയുമില്ലാത്ത, പലപ്പോഴും ഭ്രാന്തന്‍മാരെന്ന് പരിഹസിക്കപ്പെട്ടിരുന്ന അത്തരം മനുഷ്യര്‍ക്ക് ഒരു എസ്‌കേപ്പ് റൂട്ടായിരുന്നു ഫെസ്റ്റിവലുകള്‍. മറ്റിടങ്ങളില്‍ സമാനമായി വെന്തുനടക്കുന്ന സമാനമനസ്‌കരെ അവരവിടെ കണ്ടെത്തും. നാട്ടിലാരോടും സംസാരിക്കാതെ മാറ്റിവെയ്ക്കുന്ന കാര്യങ്ങള്‍ പരസ്പരം പറയും. പലപ്പോഴും ഒന്നിച്ചു ഭക്ഷണം കഴിക്കും, ചെറിയ വാടകയുള്ള ലോഡ്ജ് മുറികളില്‍ ഒന്നിച്ചുറങ്ങും, ഒന്നിച്ച് സന്തോഷവും സങ്കടവും നിരാശയും പങ്കുവെയ്ക്കും. സ്വന്തം നാട്ടില്‍ പ്രവാസജീവിതം നയിക്കുന്ന അത്തരം മനുഷ്യരുടെ കൂട്ടംചേരലുകളായിരുന്നു അന്നത്തെ ഫെസ്റ്റിവലുകളുടെ മുഖ്യഊര്‍ജസ്രോതസ്സ്. ചുറ്റുമുള്ളവര്‍ കറുപ്പുടുത്ത് മാലയിട്ട് ശബരിമലയ്ക്ക് പോവുന്നത് പോലെ, ഡിസംബര്‍ മാസങ്ങളില്‍ ഇവര്‍ സ്വരുക്കൂട്ടി വെച്ച ഇത്തിരികാശും അളവറ്റ ആവേശവുമായി ഫെസ്റ്റിവലുകളിലേക്ക് പുറപ്പെടും. ഇന്ന് ഇന്ത്യന്‍ എകസ്പ്രസിന്റെ എഡിറ്റോറിയല്‍ ചുമതലയുള്ള സിതാര പോള്‍ പണ്ടൊരു ഫെസ്റ്റിവല്‍ കാലത്ത് തയ്യാറാക്കിയ ഫീച്ചര്‍ ഇത്തരം തീര്‍ത്ഥാടകരെക്കുറിച്ചായിരുന്നു. നാട്ടില്‍ ഇടമില്ലാത്ത സിനിമാ തീര്‍ത്ഥാടകര്‍.

സൈനുല്‍ ആബിദ്
ഏഴ്
പില്‍ക്കാലത്ത് നാട്ടിലെ പെരിയ ഡിസൈനറായി മാറിയ ഉറ്റ ചങ്ങാതി സൈനുല്‍ ആബിദായിരുന്നു പിന്നീട് ഞങ്ങളുടെ ആതിഥേയന്‍. പി.എം.ജി ജംഗ്ഷനിലെ രസമുള്ളൊരു വാടകവീട്ടിലായിരുന്നു അവന്റെ പാര്‍പ്പ്. ഞാനും ഷെരീഫും പതിവുപോലെ ഒന്നിച്ച് തിരുവനന്തപുരത്തേക്ക് വണ്ടി കയറും. ആബിദിന്റെ വീട്ടില്‍ അപ്പോഴേക്കും ആളുകള്‍ വന്നുതുടങ്ങിയിരിക്കും. ആരാണ്, എന്താണ് എന്നാര്‍ക്കും ഒരു പിടിയുമില്ലാത്ത 'പൂതം ' എന്ന് ആബിദ് പേരിട്ടിരുന്ന തമിഴ് പറയുന്ന ഒരണ്ണന്‍ അന്നവിടെ കുടികിടപ്പുണ്ടായിരുന്നു. ഫെസ്റ്റിവലിന്റെ കഥയൊന്നുമറിയാത്ത 'പൂതം' 'ഇച്ചങ്ങായിമാരെന്താ അങ്ങോട്ടുമിങ്ങോട്ടും അന്തംവിട്ടു പായുന്നത്' എന്നുറക്കെ തന്നെ അതിശയം പ്രകടിപ്പിക്കും. അതുകേള്‍ക്കാനുള്ള നേരമില്ലാതെ ഞങ്ങള്‍ ഫെസ്റ്റിവല്‍ സഞ്ചിയും തോളിലിട്ട്, അന്നു കാണേണ്ട സിനിമകള്‍ മുന്‍കൂട്ടി കണ്ടുവെച്ച് തിയറ്ററുകളിലേക്ക് നടക്കും. രാത്രി വന്നാല്‍ സിനിമാ വര്‍ത്തമാനങ്ങള്‍. പുയിപ്പ് എന്ന് ആബിദ് വിളിക്കുന്ന ചെറുപരദൂഷണങ്ങള്‍. പാട്ടുമാട്ടവും നിറഞ്ഞ പാതിരാകള്‍.
ഒരു തവണ ആബിദിന്റെ വീട്ടില്‍ ചെന്നുകയറുമ്പോള്‍, ആബിദിന്റെ സുഹൃത്തായ ഒരു കഥാകൃത്ത് അവിടെ ഹാജരുണ്ട്. ഡോക്ടറാണ്. അതീവബഹുമാനത്തോടെ കണ്ടുപരിചയപ്പെട്ട ശേഷം ഞങ്ങള്‍ തിയറ്ററോട്ടം തുടങ്ങി. ഡോക്ടര്‍ അവിടെത്തന്നെ കിടന്നു. രാത്രി വന്നപ്പോഴും അദ്ദേഹം അതുപോലെ കിടപ്പുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ ആള്‍ എഴുന്നേറ്റിരുന്നു സംസാരിച്ചു. രാവിലെ കണ്ട ആളേയല്ല. ലഹരി അദ്ദേഹത്തെ കുടിച്ചുവറ്റിച്ചിരിക്കുന്നു. കുഴഞ്ഞ നാവുകൊണ്ട് അദ്ദേഹം രാഷ്ട്രീയം മുതല്‍ തത്വചിന്തവരെ പറഞ്ഞുകൊണ്ടിരുന്നു. അതിനിടയ്ക്ക് പെട്ടെന്ന് സംസാരം മുറിച്ച്, ഉറക്കത്തിലേക്ക് സ്‌കൂട്ടായി. ഇത് എല്ലാ ദിവസവും ആവര്‍ത്തിച്ചു. സിനിമാപ്പൂരത്തിന് കെട്ടുകെട്ടിയിറങ്ങിയ ഡോക്ടറെ ഓരോ ദിവസവും ലഹരി അവിടെത്തന്നെ പിടിച്ചുകെട്ടി. ഒറ്റ സിനിമയും കാണാന്‍ അദ്ദേഹത്തിനായില്ല. മേള കഴിയുന്ന ദിവസം രാവിലെ ഡോക്ടറെ കാണാതായി. 'തിരിച്ചുപോയി' ആബിദ് പറഞ്ഞു. പിന്നൊരു തമാശയും. ഫെസ്റ്റിവലിന് ഡോക്ടര്‍ കൊണ്ടുവന്ന നെടുങ്കന്‍ ബാഗില്‍ ഉണ്ടായിരുന്നത് ഒരേയൊരു ഷര്‍ട്ടാണ്. അതിന്റെ കൂടെയിടാന്‍ എട്ടൊമ്പത് പാന്റുകളും!
എട്ട്
രണ്ട് അകാല മരണങ്ങളുടെ പൊള്ളിപ്പിടയുന്ന ഓര്‍മ്മകളുണ്ട് ജീവിതത്തിന്റെ ഫെസ്റ്റിവല്‍ ബുക്കില്‍. മാധ്യമത്തില്‍ സഹപ്രവര്‍ത്തകനായിരുന്ന രാജേഷ് കുമാറായിരുന്നു അതിലൊരാള്‍. മറ്റേയാള്‍ ദേശാഭിമാനിയില്‍ ജേണലിസ്റ്റായിരുന്ന രാജീവ് കാവുമ്പായി. ഏതപരിചിതരെയും വലിച്ചടുപ്പിക്കുന്ന നിറഞ്ഞുതുളുമ്പുന്ന സൗഹൃദമായിരുന്നു ഇരുവരുടെയും. രാജേഷായിരുന്നു ആദ്യം പോയത്. ഭാഷയിലും നിരീക്ഷണങ്ങളിലും നിലപാടുകളിലും രാഷ്ട്രീയ ബോധ്യങ്ങളിലും പ്രായത്തെ കവിഞ്ഞ പക്വത കാണിച്ചിരുന്ന രാജേഷിന്റെ നഗരമായിരുന്നു തിരുവനന്തപുരം. ഫെസ്റ്റിവലിനെത്തുന്ന കൂട്ടുകാരെല്ലാം ഏറ്റവും സ്വാഭാവികമായി അവനിലേക്ക് എത്തും. സൗഹൃദത്തില്‍ ചുറ്റിപ്പിണയും. പാതിരാവാളും നീളുന്ന കഥകളില്‍ മുഴുകും. അടുത്ത ഫെസ്റ്റിവല്‍ പിറന്നത് അവനില്ലാതെ ആയിരുന്നു. അവനെക്കുറിച്ച് എത്ര പറഞ്ഞാലും തീരാത്ത മനുഷ്യരായാണ് ഞങ്ങള്‍ കൂട്ടുകാര്‍ അടുത്ത ഫെസ്റ്റിവലില്‍ ഒപ്പമിരുന്നത്.
തൊട്ടു പിന്നാലെ, രാജീവനും മടങ്ങി. സൗഹൃദത്തിന്റെ ആഘോഷമായിരുന്നു രാജീവനും. നിലപാടുള്ള മാധ്യമപ്രവര്‍ത്തകന്‍. അവന്റെ ചങ്ങാത്തത്തിന് അതിരുകളില്ലായിരുന്നു. ഒരു ഫെസ്റ്റിവല്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. രാവിലെ അവന്‍ വന്നിറങ്ങിയത് മുതല്‍ ആഘോഷങ്ങളുടെ പുറപ്പാടായി. അവന്റെ തിരുവനന്തപുരത്തെ കൂട്ടുകാര്‍ ഒന്നൊഴിയാതെ വന്ന് ഹാജര്‍ പറഞ്ഞു, വിഭവസമൃദ്ധമായ ഭക്ഷണം വാങ്ങിച്ചുതന്ന് മടങ്ങി. ഫെസ്റ്റിവലിന്റെ അവസാന വൈകുന്നേരം, വലിയൊരു കൂട്ടമുണ്ടായിരുന്നു അവനെ കെട്ടിപ്പിടിച്ച് യാത്രപറയാന്‍. നാട്ടിലേക്കുള്ള രാത്രിവണ്ടിക്ക് കയറിയിരുന്നപ്പോഴും സിനിമയെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുകയായിരുന്നു അവന്‍. അതു കഴിഞ്ഞ് കുറച്ചുനാളുകള്‍. അതിവേഗം ഓടിച്ചൊരു ബൈക്കില്‍ ആദ്യം അബോധാവസ്ഥയിലേക്കും നാലാംനാള്‍ മരണത്തിലേക്കും അവന്‍ മറഞ്ഞു.
അടുത്ത ഫെസ്റ്റിവലിന് അവനില്ലായിരുന്നു.

വി സി ഹാരിസ്
ഒമ്പത്
അതൊരു കിടിലന്‍ കാലമായിരുന്നു. കൈരളി ശ്രീയുടെ പടവുകള്‍ കാണികളെക്കൊണ്ട് തിങ്ങിനിറയും. സിനിമകള്‍ക്ക് കയറുന്നവരേക്കാള്‍ കൂടുതലുണ്ടായിരുന്നു പടവുകളിലെ ആളനക്കം. രാഷ്ട്രീയ ചര്‍ച്ചകള്‍, സിനിമാ വര്‍ത്തമാനങ്ങള്‍, സാഹിത്യ സല്ലാപങ്ങള്‍. കവി എ അയ്യപ്പനെപ്പൊതിഞ്ഞ് പതിവുപോലെ ആരാധകര്‍. പാതി കുഴഞ്ഞ ശബ്ദത്തില്‍ കവി 'ഗ്രീഷ്മമേ സഖി' ഉച്ചത്തില്‍ ചെല്ലുന്നു. അപ്പുറം, ഡി വിനയചന്ദ്രന്‍ നൃത്തം ചെയ്യുന്ന കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ചുവടുവെക്കുന്നു. അപ്പുറം, ഓപ്പണ്‍ ഫോറത്തില്‍, വി സി ഹാരിസ് ചൂടുള്ള ചര്‍ച്ചകളെ ആരും പ്രതീക്ഷിക്കാത്ത വഴികളിലേക്ക് തിരിച്ചുവിടുന്നു. നരേന്ദ്രപ്രസാദ് സാറും പി ബാലചന്ദ്രന്‍ എന്ന ബാലേട്ടനും സംഘവും തിയറ്ററുകളില്‍നിന്നും തിയറ്ററുകളിലേക്കുള്ള ഓട്ടങ്ങളില്‍. ജയനും ഞാനും ഷെരീഫും ആബിദുമെല്ലാം ഒന്നിച്ചും ചിതറിയും തിയറ്ററുകളില്‍ അന്തംവിട്ടിരുന്നു. ചുറ്റും പുഴപോലെ ആളൊഴുക്ക്. ചോള ബാറിനും തിയറ്ററുകള്‍ക്കും ഇടയിലൂടെ പല സാര്‍ത്ഥവാഹകസംഘങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങിക്കൊണ്ടിരുന്നു.
കൂട്ടുകെട്ടിന്റെ ആഘോഷവേളകളായിരുന്നു. കാലങ്ങളായി പരിചയമുള്ള മനുഷ്യര്‍ അവിടെ കണ്ടുമുട്ടി സൗഹൃദങ്ങള്‍ പുതുക്കി. സിനിമ കാണുന്നതിനേക്കാള്‍ തമ്മില്‍ തമ്മില്‍ കാണുന്നതിനായിരുന്നു മുന്‍ഗണന. തിയറ്ററുകളില്‍ എന്നാല്‍, ആള്‍ത്തിരക്ക് ഒഴിഞ്ഞിരുന്നില്ല. ഇപ്പോഴത്തേതില്‍നിന്നും വ്യത്യസ്തമായി, ഏത് തിയറ്ററിലും ആര്‍ക്കും ക്യൂ നിന്ന് കയറാമായിരുന്നു. ഒരു സിനിമ മടുത്താല്‍ അടുത്ത തിയറ്റിലേക്ക് കയറും. അതു മടുത്താല്‍ അടുത്തതില്‍. സീറ്റില്ലാത്ത തിയറ്ററുകളില്‍ പിറകിലെ നിലത്തിരുന്ന് ആളുകള്‍ നിശ്ശബ്ദം സിനിമകളിലേക്ക് സഞ്ചരിച്ചു. ലോകസിനിമകളെക്കുറിച്ച് അറിയാന്‍ ഇന്നത്തെപ്പോലെ അവസരങ്ങള്‍ കുറവായിരുന്നതിനാല്‍ ഫെസ്റ്റിവല്‍ ബുക്ക് മാത്രമായിരുന്നു ശരണം. എങ്കിലും അഞ്ച് വാചകങ്ങളില്‍ സിനിമയെ വിലയിരുത്തുന്ന സിനോപ്‌സിസുകള്‍ പലപ്പോഴും കാണിയെ കബളിപ്പിച്ചു. നല്ലതെന്ന് കരുതിയ സിനിമകള്‍ മടുപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത സിനിമകളില്‍ അതിശയങ്ങള്‍ പെയ്തു.
നാട്ടിലെ സി ക്ലാസ് തിയറ്ററുകളില്‍ ഏപ്പടമായി ഓടിയ ബാലഡ് ഓഫ് നരയാമ എന്ന ജപ്പാനീസ് സിനിമ ഓര്‍ക്കുന്നു. ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ അത് അമ്പരപ്പിക്കുന്ന ദൃശ്യാനുഭവമായി. മരണവും രതിയും തീര്‍ത്ത ഇരുണ്ട ലോകങ്ങളില്‍ ആളുകള്‍ അന്തിച്ചിരുന്നു. ഫെസ്റ്റിവല്‍ കഴിഞ്ഞിറങ്ങിയ കാലത്ത്, വിജയലക്ഷ്മിയുടെ കവിത പുറത്തുവന്നു. ബാലഡ് ഓഫ് നരയാമ ഉള്ളിലുയര്‍ത്തിയ ചെറുഭൂചലനങ്ങളായിരുന്നു ആ കവിത. ഒട്ടും പ്രതീക്ഷിക്കാതെ ചെന്നുകയറി ഇന്നുമോര്‍ക്കുന്ന 'ഗുഡ് ബൈ ഡ്രാഗണ്‍ ഇന്‍' എന്ന തായ്‌വാന്‍ സിനിമയും ഓര്‍മ്മവരുന്നു. അടച്ചുപൂട്ടാന്‍ പോവുന്ന ഒരു തിയറ്ററിലെ അവസാന ഷോ ആയിരുന്നു ആ സിനിമയിലുടനീളം. ഡ്രാഗണ്‍ ഇന്‍' എന്ന പഴയ ആക്ഷന്‍ ചിത്രമായിരുന്നു തിരശ്ശീലയില്‍. പണ്ട് ആ സിനിമയില്‍ അഭിനയിച്ച അഭിനേതാക്കള്‍, ജീവിതം കൊണ്ട് മുറിവേറ്റ് രൂപഭാവങ്ങളാകെ മാറി ആ ഷോയ്ക്ക് വന്നുചേരുന്നുണ്ട്. മടുപ്പും അനിശ്ചിതത്വവും നിരാശയും കലര്‍ന്ന ആ നേരത്തെ അടയാളപ്പെടുത്താന്‍ മടുപ്പിന്റെ ദൃശ്യഭാഷയാണ് സിനിമ ഉപയോഗിച്ചത്. 'അയ്യോ ലാഗ്' എന്ന് ഇന്ന് മനുഷ്യര്‍ നിലവിളിക്കുന്നതിന്റെ പതിന്‍മടങ്ങ് മന്ദതാളത്തില്‍ സിനിമ ഓടി. തിയറ്റിലേക്ക് വന്നു കയറുന്ന ഒരാളെ ക്യാമറ സീറ്റുവരെ അതേ വേഗത്തില്‍ പിന്തുടര്‍ന്നു. ചടുലത മരിച്ചുകിടക്കുന്ന തിയറ്ററിലെ മനുഷ്യാവസ്ഥകളെ, ചലച്ചിത്രശരീരത്തെ മടുപ്പു കൊണ്ട് പകര്‍ത്തിയ ആ സിനിമ തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോഴേ ആളുകള്‍ ഇറങ്ങിപ്പോക്ക് തുടങ്ങി. ബാക്കിയായത് ഞങ്ങള്‍ കുറച്ചുപേരായിരുന്നു. ആദ്യത്തെ മടുപ്പും അനക്കമില്ലായ്മയും അതുപോലെ തുടര്‍ന്നു. പക്ഷേ പതിയെപ്പതിയെ ഞങ്ങള്‍ കാണികളും ആ സിനിമയ്ക്ക് അകത്തേക്ക് കയറിപ്പോയി. ചെന്നുകയറുന്നവര്‍ക്ക് ഒരിക്കലും തിരിച്ചിറങ്ങാന്‍ കഴിയാത്ത രാവണന്‍ കോട്ടപോലെ സിനിമ ഞങ്ങളെ വിഴുങ്ങി. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍, ആ സിനിമ ഞങ്ങളുടെ കൂടെ പോന്നു. ഫെസ്റ്റിവലിനു ശേഷം, അന്നത്തെ കാണികളില്‍ ആരൊക്കെയോ ആ സിനിമാ അനുഭവം എഴുതി. അത്ര ആഴത്തില്‍ ഒരു മടുപ്പും മനസ്സില്‍ സ്ഥിരതാമസമാക്കിയിട്ടില്ലെന്ന് ഇതെഴുതുമ്പോഴും എനിക്ക് സാക്ഷ്യംപറയാനാവും.

പത്ത്
മാറിയ കാലം ഞങ്ങളുടെയെല്ലാം ജീവിതങ്ങളെ വിചിത്രമായ ഏതൊക്കെയോ ലിപികളിലേക്ക് മാറ്റിയെഴുതി. പലരും പല വഴിക്ക് ചിതറി. ലോകം അടിമുടി മാറി, ജീവിതങ്ങളും. പ്രയോറിറ്റികള്‍ മാറി, അഭിരുചികള്‍ മാറി, കൂട്ടുകെട്ടുകളുടെ വ്യാകരണം മാറി. ലോകസിനിമകളും ലോകസാഹിത്യവും വിളിപ്പുറത്തുവന്നു. അറിവുകളും വിവരങ്ങളും കലാ ഉല്‍പ്പന്നങ്ങളും പ്രളയംപോലെ ചുറ്റും നിറഞ്ഞു. ലോകം തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ പുല്‍കാന്‍ തുടങ്ങി. പുതുലോകക്രമം ലക്ഷണമൊത്ത ഉപഭോക്താക്കളായി നമ്മളെയെല്ലാം മാറ്റിമറിച്ചു. ഉറപ്പായും സിനിമയും മാറി. വിസി ഹാരിസ് സാര്‍ മുമ്പൊരു പ്രഭാഷണത്തില്‍ പറഞ്ഞതുപോലെ, 'കച്ചവട സിനിമ- കലാ സിനിമ എന്ന വിഭജനത്തില്‍നിന്നും ഇരു സിനിമകളും കൊണ്ടും കൊടുത്തും പുതിയ ചിലതായി മാറി.' ടെക്‌നോളജി, സിനിമയുടെ അന്നുവരെയുള്ള ജാതകം മാറ്റിക്കുറിച്ചു. സ്വാഭാവികമായും ഫെസ്റ്റിവലും മാറി.
നല്ല സിനിമ കാണാന്‍ ഫെസ്റ്റിവല്‍ വേണ്ടതില്ലാത്ത, ഒടിടിയും ഡിവിഡിയും ബ്ലൂറേയുമെല്ലാം നിറഞ്ഞ ലോകത്തും മനുഷ്യര്‍ ഫെസ്റ്റിവലിലേക്ക് ഒഴുക്കു തുടര്‍ന്നു. പുതിയ മനുഷ്യര്‍, പുതിയ അഭിരുചികള്‍, പുതിയ കാഴ്ചകള്‍. അതിലെവിടെയും സ്വന്തം ഇടം കാണാന്‍ പറ്റാത്തതുകൊണ്ടോ എന്തോ, പഴയ ഫെസ്റ്റിവല്‍ തീര്‍ത്ഥാടകരില്‍ വലിയ പങ്ക് അവിടെ എത്താതായി. അങ്ങനെ പറയാനും പറ്റില്ല, അവരില്‍ ഒരു പങ്ക് ഇപ്പോഴും ഒരു മാറ്റവുമില്ലാതെ, കൊല്ലം തോറും മേളപ്പറമ്പുകളിലേക്ക് വന്നുചേരുന്നുണ്ട്.
മലയാളിയുടെ പ്രിയപ്പെട്ട ഫെസ്റ്റിവല്‍ ഇപ്പോഴുമവിടെയുണ്ട്. മൂന്ന് പതിറ്റാണ്ടിന്റെ പക്വതയും വളര്‍ച്ചയുമായി ഒരുപക്ഷേ, പഴയതിനേക്കാള്‍ ഊര്‍ജസ്വലമായി, പഴയതിനേക്കാള്‍ ആരവങ്ങളോടെ. അതിശയക്കാഴ്ചകളുടെ കാലിഡോസ്‌കോപ്പുമായുള്ള അതിന്റെ നില്‍പ്പ്- അതിനിയും തുടരും.


