അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' എന്ന ചിത്രത്തിന്റെ രചയിതാവായ അബിൻ ജോസഫ്, ചിത്രത്തിന്റെ രാഷ്ട്രീയവും രചനാവേളയിലെ അനുഭവങ്ങളും പങ്കുവയ്ക്കുന്നു. ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സാങ്കൽപ്പിക കഥ, അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം സംസാരിക്കുന്നു.
അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട' തീയറ്ററുകളില്‍ മികച്ച പ്രതികരണം സൃഷ്ടിക്കുകയാണ്. ശക്തമായ പ്രമേയം ആവിഷ്കരിക്കുന്ന ചിത്രം സാമൂഹികമായും രാഷ്ട്രീയമായും വലിയ ചര്‍ച്ചയ്ക്കാണ് വഴിവയ്ക്കുന്നത്. സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നേടിയ എഴുത്തുകാരന്‍ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രാഷ്ട്രീയവും രചനവേളയിലെ അനുഭവങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് അബിന്‍ ജോസഫ്.
ചിത്രത്തിന്‍റെ തുടക്കത്തില്‍ നിയമപരമായ ബാധ്യതയായി 'ഈ കഥ സാങ്കല്‍പ്പികമാണ്' എന്ന മുന്നറിയിപ്പ് നല്‍കാറുണ്ട്. നരിവേട്ടയിലും അതുണ്ട്. എന്നാല്‍ ചിത്രം കഴിയുമ്പോള്‍ അത് ഒരു തമാശയല്ലെ എന്ന് തോന്നും, എഴുത്തുകാരന്‍ എന്ന നിലയില്‍ ചിത്രം ഇറങ്ങി ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് ശേഷം 'ഈ കഥ സാങ്കല്‍പ്പികമാണ്' എന്ന് ഇപ്പോഴും പറയുമോ?
നരിവേട്ട എന്ന സിനിമയിലെ കഥാപാത്രങ്ങളായ വര്‍ഗ്ഗീസ് പീറ്റര്‍, ബഷീര്‍ അല്ലെങ്കില്‍ നാന്‍സിയോ കേശവദാസ് ആയാലും പൂര്‍ണ്ണമായും സാങ്കല്‍പ്പികമായ കഥാപാത്രങ്ങളാണ്. എന്നാല്‍ ആ കഥയും കഥപാത്രങ്ങളും കഥാസന്ദര്‍ഭവും മുന്‍പ് നമ്മുടെ ചരിത്രത്തിന്‍റെ ഭാഗമായ ചിലരെ ഓര്‍മ്മിപ്പിക്കുന്നുണ്ടാകാം. ഞാന്‍ ഇപ്പോഴും അതിനെ അങ്ങനെ തന്നെയാണ് കാണുന്നത്. അത്തരം ചരിത്ര സംഭവങ്ങളെയെ പുനര്‍നിര്‍മ്മിക്കാനോ, ഡോക്യുമെന്‍റ് ചെയ്യാനോ ഉള്ള ശ്രമം ആയിരുന്നില്ല ഈ ചിത്രം. എന്നാല്‍ ചരിത്രത്തിലെ ചില സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് എന്ന രീതിയില്‍ തന്നെയാണ് അതിനെ കാണുന്നത്. അത്തരം ഒരു രീതിയുടെ സാങ്കേതിക പദം എനിക്ക് അറിയില്ല. എന്നാല്‍ ഈ കഥ ഫിക്ഷനാണ്, പക്ഷെ ചരിത്രത്തിലേക്ക് വേരുകള്‍ പടര്‍ത്തുന്നതുമാണ്.
അബിനെക്കുറിച്ചുള്ള, സുഹൃത്തുക്കളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍, എഴുതാതിരിക്കുന്ന എഴുത്തുകാരന്‍ എന്ന വിശേഷണം കണ്ടു. പക്ഷെ കല്ല്യാശ്ശേരി തീസിസിന് ശേഷം ഇപ്പോള്‍ നരിവേട്ടയില്‍ എത്തുമ്പോഴും താമസിച്ചാലും അതിന് ഒരു ഗംഭീര്യവും മനോഹാരികതയും ഉണ്ടെന്ന് തോന്നുന്നു. മനപൂര്‍വ്വമാണോ ഇടവേളകള്‍ ?
എന്‍റെ എഴുത്തിനെക്കുറിച്ച് ആലോചിച്ചാല്‍ വിചിത്രമാണ് കാര്യങ്ങള്‍. ഞാന്‍ കുറേ എഴുതണം, കുറേ കഥാപാത്രങ്ങളെ സൃഷ്ടിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. പല ആശയങ്ങളും ഉണ്ട്. എന്നാല്‍ പിന്നില്‍ നിന്നും ഒരു പിടുത്തം ഉണ്ട്. എഴുതുന്ന കാര്യങ്ങളില്‍ ഓവര്‍ കോണ്‍ഷ്യസാണ് ഞാന്‍ എന്ന് സ്വയം തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ എഴുത്തില്‍ ഞാന്‍ വളരെ വേഗമാണ്. നരിവേട്ടയുടെ തിരക്കഥ നാല് ദിവസത്തിലാണ് പൂര്‍ത്തിയായത്. എന്നാല്‍ എഴുത്ത് തടസ്സപ്പെടുത്തുന്ന ആ കെട്ട്, ചിലപ്പോള്‍ എനിക്ക് ഗുണങ്ങളും ദോഷങ്ങളും നല്‍കിയിട്ടുണ്ട്. വേണമെങ്കില്‍ ദോഷമാണ് കൂടുതല്‍ എന്ന് പറയാം. ശരിക്കും പല കഥകളും കഥപാത്രങ്ങളും തുടര്‍ച്ചയായി പറയുന്നതാണ് നല്ലത്. അത് ചിലപ്പോള്‍ നമ്മുടെ സര്‍ഗാത്മകതയെ ഊര്‍ജ്ജസ്വലമായി നിര്‍ത്തും. ഇനി ആ കെട്ട് പൊട്ടിക്കണം എന്നാണ് കരുതുന്നത്.
നാല് വര്‍ഷത്തെ യാത്രയാണ് ഇതിലെ കഥയ്ക്കും കഥപാത്രങ്ങള്‍ക്കൊപ്പവും അത് എങ്ങനെയായിരുന്നു. കാരണം അത്രയും ഇമോഷണലായ ഒരു കഥയാണ് ആ സഞ്ചാരം ഒരിക്കലും എളുപ്പമായിരിക്കില്ല?
ഇമോഷണലായ കഥകള്‍ എഴുതുമ്പോള്‍ നാം കൂടുതല്‍ ഇമോഷനാകും. നരിവേട്ടയുടെ ആദ്യത്തെ ഭാഗങ്ങള്‍ ലൈറ്റാണ്, പ്രേക്ഷകര്‍ സഞ്ചരിച്ച വഴിയിലൂടെ തന്നെയാണ് ഞാനും സഞ്ചരിച്ചത്. ഈ തിരക്കഥയ്ക്ക് ഒരു സീന്‍ ഓഡര്‍ ഒക്കെയുണ്ടായിരുന്നു. എന്നാല്‍ എഴുതി തുടങ്ങുന്നതോടെ ഞാന്‍ അത് മറക്കാറാണ് പതിവ്. നമ്പറിട്ട് അടുത്തത് ഇത് എന്ന് ആലോചിക്കാറില്ല. സീന്‍ ഓഡര്‍ ഒരു റോഡ് മാപ്പ് മാത്രമാണ്. ഞാന്‍ ഈ പ്രൊസസ്സില്‍ കഥാപാത്രത്തോടൊപ്പം പോവുകയായിരുന്നു. കഥാപാത്രം വികസിക്കുന്നതിന് അനുസരിച്ച് കഥാപാത്രത്തിന്‍റെ അവസ്ഥ എന്‍റെയും മൂഡിനെ മാറ്റിയിട്ടുണ്ട്. കാരണം തലയില്‍ മുഴുവന്‍ ഇതാണല്ലോ. വളരെ വിഷാദം തുളുമ്പുന്ന അവസ്ഥ നമ്മളെയും വിഷാദത്തിലാക്കും. ക്ലൈമാക്സ് എത്തിയപ്പോള്‍ ആതായിരുന്നു അവസ്ഥ, പ്രത്യേകിച്ച് ആ കൊച്ചുകുട്ടിയുടെ സീനും മറ്റും. ചില ദിവസങ്ങള്‍ പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത ഡിപ്രഷനിലായിരുന്നു എന്ന് പറയാം.
ചിത്രത്തിലെ രാഷ്ട്രീയം പലരീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ. അത് കക്ഷി രാഷ്ട്രീയമായും അല്ലെങ്കില്‍ വിശാല അര്‍ത്ഥത്തില്‍ അരികുവത്കരിക്കപ്പെട്ടവര്‍ക്കെതിരായ അതിക്രമമായും കാണുന്നവരുണ്ട്, അബിന്‍റെ രാഷ്ട്രീയ വായന എങ്ങനെയാണ് ചിത്രത്തെക്കുറിച്ച് ?
സത്യത്തില്‍ കക്ഷി രാഷ്ട്രീയവും,അതിലെ കളികളും ഡൈനാമിക്സും എല്ലാം ഇതില്‍ കൊണ്ടുവരാം. ചിത്രത്തിന്‍റെ ചില റിവ്യൂകളില്‍ എല്ലാം പലരും അത് സൂചിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയമായി അത് പറയേണ്ടിയിരുന്നു, ഇത് പറയേണ്ടിയിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു. അതെല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ഞങ്ങളെ സംബന്ധിച്ച് ഈ സിനിമ വര്‍ഗ്ഗീസ് പീറ്റര്‍ എന്ന സാധാരണ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ ജീവിത യാത്രയാണ്. അങ്ങനെ തന്നെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതും. അത് പറയുമ്പോള്‍ പാര്‍ട്ടി പൊളിറ്റിക്സ് പരാമര്‍ശിക്കുകയും, അതിലേക്ക് സൂചന നല്‍കുകയും ചെയ്യുന്നുണ്ട്. അതിനപ്പുറം ഈ പ്ലോട്ടിലേക്ക് അവരെ കൊണ്ടുവന്നാല്‍ ഞങ്ങളുടെ ക്രാഫ്റ്റിന്‍റെ ഫോക്കസ് വിട്ടുപോകും എന്ന ഉത്തമ ബോധ്യം ഉള്ളതിനാലാണ് അത്തരത്തില്‍ ഒരു ഡയറക്ട് കക്ഷി രാഷ്ട്രീയ വായന ചിത്രത്തില്‍ ഇല്ലാത്തത്. ഇതോര് പേഴ്സണല്‍ നരേറ്റീവില്‍ നിന്നും ഒരു വലിയ സോഷ്യല്‍ നരേറ്റീവിലേക്ക് ഇമോഷന്‍ ചേര്‍ത്ത് പറയുന്ന രീതിയാണ് സിനിമ. എന്നാല്‍ ഈ ചിത്രം പൊളിറ്റിക്സ് സംസാരിക്കുന്നുണ്ട്. അത് അടിച്ചമര്‍ത്തപ്പെട്ടവന്‍റെ രാഷ്ട്രീയമാണ്. അത് ഒരു ചെറിയ രാഷ്ട്രീയം പറയലായി ഞങ്ങള്‍ കരുതുന്നില്ല.
ജയ് ഭീം, വിസാരണെ പോലെയുള്ള വളരെ ലൗഡായ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ തമിഴിലും മറ്റും വരുമ്പോള്‍ മലയാളി ആ വഴിക്ക് പോകാന്‍ മടിക്കുന്നു എന്ന വിമര്‍ശനം ഉണ്ടായിരുന്നു. അതിനുള്ള മറുപടി എന്ന നിലയില്‍ 'നരിവേട്ടയെ' കാണുന്നവരുണ്ട്? അത്തരം ഒരു ശ്രമം ഉണ്ടോ, അല്ല ചിത്രത്തിന്‍റെ പ്രമേയം ആ രീതിയില്‍ രൂപപ്പെട്ടതാണോ?
എന്‍റെയും സംവിധായകന്‍ അനുരാജ് മനോഹറിന്‍റെയും ചിന്തയില്‍ തമിഴില്‍ അങ്ങനെ നടക്കുന്നു അതിനാല്‍ ആ വഴി നോക്കാം എന്ന ചിന്തയെ ഉണ്ടായിരുന്നില്ല. ഏറ്റവും സത്യസന്ധമായി ഒരു കഥ പറയുക എന്ന കാര്യമാണ് ആദ്യവും അവസാനവുമായി ഞങ്ങള്‍ ചിന്തിച്ചത്. പിന്നെ ഈ സിനിമ ലൌഡാണ്, അതിന് കാരണമുണ്ട് അത്രയും ലൌഡായ ഒരു ജീവിത യാഥാര്‍ത്ഥ്യം അവതരിപ്പിക്കുന്ന ചിത്രം 'ഹാര്‍ഡ് ഹിറ്റിംഗ്' ആകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അത് നിര്‍മ്മാതാക്കള്‍ക്കും മനസിലായി. അത് ചിത്രത്തിലെ അഭിനേതാക്കള്‍ക്കും വ്യക്തമായി എന്നാണ് എന്‍റെ വിശ്വാസം. അതേ സമയം തന്നെ അതിന് അനുസരിച്ച സ്കെയിലും ബജറ്റും ഉപയോഗിച്ചിട്ടുണ്ട്. തമിഴിലെ ഒരു സാമൂഹ്യ സാഹചര്യമോ, പ്രേക്ഷക അഭിരുചിയോ അല്ല മലയാളത്തില്‍ എന്ന ഉത്തമ ബോധ്യം ഉണ്ട്. ഈ കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന ആഖ്യാനമാണ് ചിത്രത്തിന് നല്‍കിയത്. അതില്‍ ചില ചരിത്ര സംഭവങ്ങളില്‍ നിന്നല്ലാതെ മറ്റൊരു പ്രചോദനം ഇല്ല.
ടൊവിനോയുടെ ഗംഭീരമായ പ്രകടനങ്ങളില്‍ ഒന്നാണ് നരിവേട്ട. മലയാളത്തിലെ ഒരു താരം എന്ന നില നിന്ന് കണ്ടന്‍റിന്‍റെ വിശ്വാസത്തിലാണോ ടൊവിനോ ഈ വേഷത്തിലേക്ക് വന്നത്?
നരിവേട്ട എന്ന സിനിമയിലെ കഥാപാത്രത്തോടും, കഥയോടും അസാധാരണമായ അടുപ്പവും ആത്മാര്‍ത്ഥതയും ടൊവിനോ കാണിച്ചിട്ടുണ്ട്. അതില്‍ ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്. ഒരു അര്‍ധരാത്രിയാണ് ഇതിന്‍റെ ഐഡിയ പറയുന്നത്. അന്ന് മുതല്‍ ഈ ചിത്രത്തിനൊപ്പം ടൊവിനോയുണ്ട്. പിന്നീട് പലപ്പോഴും കാണുമ്പോഴും ഈ വിഷയുമായി ബന്ധപ്പെട്ട തന്‍റെ വായനകളും കണ്ട വീഡിയോകളും എല്ലാം ടൊവിനോ പങ്കുവയ്ക്കും. അത് ഞങ്ങളുടെ എഴുത്തില്‍ ഇന്‍പുട്ട് ആയിക്കോട്ടെ എന്ന രീതിയിലാണ് ഇത്. ഇതാണ് കഥ, ഇതാണ് കഥാപാത്രം, ഇതാണ് പൊളിറ്റിക്സ് എന്ന് പറഞ്ഞിട്ടും ടൊവിനോ എന്ന താരവും നടനും ഞങ്ങള്‍ക്കൊപ്പം നിന്നു ആദ്യം മുതല്‍. ഒപ്പം കഥാപാത്രത്തിന്‍റെ ആര്‍ക്ക് വളരെ അധികം മനസിലാക്കിയാണ് ടൊവിനോ ഒരോ രംഗവും ചെയ്തത്. ചില രംഗങ്ങളില്‍ എന്നെ ഞെട്ടിച്ചിട്ടുണ്ട് ടൊവിനോ. എന്‍റെ സിനിമയായതിനാല്‍ പറയുന്നതല്ല, ടൊവിനോയുടെ മികച്ച ഒരു മൂന്ന് വേഷങ്ങളില്‍ ഒന്ന് നരിവേട്ടയിലെ വര്‍ഗ്ഗീസ് പീറ്ററായിരിക്കും.


