സൂപ്പർതാരങ്ങളുടെ പിൻബലം ഏതുമില്ലാതെ ആദ്യ ചിത്രം ഹിറ്റടിച്ചു കാണിച്ചുകൊടുത്ത സംവിധായകൻ ഇന്ത്യയിലെ തന്നെ പേരെടുത്ത സംവിധായകരുടെ ലീഗിലേയ്ക്ക് എത്തിയത് ചുരുങ്ങിയ കാലയളവിൽ
നമ്മളിൽ ഒരാളായിരുന്നു ലോകേഷ് കനഗരാജ്. ബസ് കണ്ടക്ടറായിരുന്ന അച്ഛൻ്റെ മകൻ. പരാപരാധീനതകളറിഞ്ഞു വളർന്ന കുട്ടിക്കാലം. കുടുംബം പുലർത്താൻ നിർബന്ധിതമായി ചെയ്യേണ്ടി വന്ന ജോലി. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യമറിഞ്ഞ് പഠിച്ച, ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയങ്ങൾ. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ അങ്ങനെ ഇതുവരെ സംവിധാനം ചെയ്ത അഞ്ചിൽ അഞ്ച് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ. ഷങ്കറിന് ശേഷം തമിഴിലെ ഏറ്റവും വലിയ ബ്രാൻഡ് ഡയറക്ടറായി ലോകേഷ് കനഗരാജ് എന്ന പേരു മാറിയത് ചുരുങ്ങിയ കാലയളവിലാണ്.

സൂപ്പർതാരങ്ങളുടെ പിൻബലം ഏതുമില്ലാതെ ആദ്യ ചിത്രം ഹിറ്റടിച്ചു കാണിച്ചുകൊടുത്ത സംവിധായകൻ ഇന്ത്യയിലെ തന്നെ പേരെടുത്ത സംവിധായകരുടെ ലീഗിലേയ്ക്ക് എത്തിയത് എട്ടു വർഷക്കാലയളവിൽ. ദളപതി വിജയ്‍യുടെ എക്കാലത്തെയും വലിയ വിജയ ചിത്രമായ 'ലിയോ' ആണ് ലോകേഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്സ് ഇന്ന് തെന്നിന്ത്യയിൽ തന്നെ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന സീരീസ് ഓഫ് സിനിമകളാണ്. രജിനികാന്തിൻ്റെ കൂലി റിലീസിനെത്തുമ്പോൾ തെന്നിന്ത്യയും കടന്ന് രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന സംവിധായകനാണ് അയാൾ..
1986 മാർച്ച് 14ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ കിണത്തുകടവിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിലാണ് ലോകേഷ് കനകരാജ് ജനിച്ചത്. തമിഴ് സിനിമയോടും സിനിമാ താരങ്ങളോടും ആരാധനയായിരുന്നു ചെറുപ്പം തൊട്ടേ ലോകേഷിന്. വിവേക് വിദ്യാലയ മട്രിക്കുലേഷൻ സ്കൂളിലായിരുന്നു പ്രാധമിക വിദ്യാഭ്യാസം. ശേഷം തെരഞ്ഞെടുത്തത് പിഎസ്ജി കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിൽ ഫാഷൻ ടെക്നോളജി. ലോകേഷ് തൻ്റെ സ്വപ്നങ്ങളുടെ തുടക്കമായി പലപ്പോഴും പറഞ്ഞിട്ടുള്ളതും പിഎസ്ജിയെയാണ്. എംബിഎയും പൂർത്തിയാക്കി സിനിമാ സ്വപ്നത്തിലേയ്ക്ക് ചുവടെടുത്തുവയ്ക്കാനിരിക്കെയാണ് വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് ലോകേഷ് ജോലിക്ക് പോകാൻ നിർബന്ധിതനാകുന്നത്. അച്ഛനും അമ്മയും ഭാര്യയും രണ്ടു ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തിനു വേണ്ടി നാലഞ്ച് വർഷത്തോളം തൻ്റെ സിനിമാ സ്വപ്നങ്ങളെയെല്ലാം മാറ്റി വച്ച് ഒരു പ്രൈവറ്റ് ബാങ്കിൽ ലോകേഷ് ജോലി ചെയ്തു.
താൻ സിനിമയിൽ എന്തെങ്കിലും ആകും വരെ കുടുംബം നോക്കാനാകുമോയെന്ന് ലോകേഷ് ചോദിക്കുന്നത് ഭാര്യ ഐശ്വര്യയോടാണ്. താൻ നോക്കിക്കൊള്ളാമെന്ന ഐശ്വര്യയുടെ ഉറപ്പിൽ ലോകേഷ് ബാങ്ക് ജോലി രാജിവച്ചു. പുറമെനിന്ന് എത്ര കംഫർട്ടബിൾ ആയ ജോലിയാണെന്ന് പറഞ്ഞാലും ലോകേഷ് സന്തോഷവാനല്ലെന്ന് ഐശ്വര്യയ്ക്കും അറിയാമായിരുന്നു. ഒരു സുപ്രഭാതത്തിൽ ഭാര്യയുമായി ആലോചിച്ച് ജോലി രാജിവയ്ക്കാൻ ലോകേഷ് എടുത്ത തീരുമാനത്തെ ലോകേഷിൻ്റെ അച്ഛന് അംഗീകരിക്കാനാകുമായിരുന്നില്ല. എന്നാൽ തൻ്റെ തീരുമാനം തെറ്റിയില്ലെന്ന് ഓരോ ചുവടിലും ലോകേഷ് അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
സംവിധായകൻ കാർതിക് സുബ്ബരാജ് വിധികർത്താവായി വന്ന ഒരു ഷോർട്ട് ഫിലിം മത്സരമാണ് എല്ലാത്തിൻ്റെയും തുടക്കം. കാർത്തിക് സുബ്ബരാജിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ലോകേഷിനായി. വൈകാതെ തന്നെ ഒരു സിനിമ ചെയ്യണമെന്നും അതിനുള്ള എല്ലാ പൊട്ടെൻഷ്യലുമുണ്ടെന്നും കാർതിക് പറഞ്ഞത് അയാളുടെ ആത്മവിശ്വാസം കൂട്ടി. ലോകേഷിൻ്റെ തമിഴ് സിനിമയിലെ ആദ്യ ചുവടുവയ്പ്പിനു കാരണമായതും കാർതിക് സുബ്ബരാജ് തന്നെയാണ്. 2016ൽ കാർത്തിക് സുബ്ബരാജിൻ്റെ അവിയൽ എന്ന ആന്തോളജി ചിത്രത്തിൽ കാലം എന്ന ചിത്രം ഡയറക്റ്റ് ചെയ്താണ് മറ്റ് മൂന്നു സംവിധായകർക്കൊപ്പം ലോകേഷ് തമിഴ് സിനിമയിൽ എൻട്രി നടത്തുന്നത്. തുടർന്ന് അവിയലിൻ്റെ നിർമ്മാതാവായ എസ്ആർ പ്രഭു തനിക്ക് വേണ്ടി ഒരു സിനിമ ചെയ്യാൻ ലോകേഷിനെ ഏല്പിച്ചു. താരങ്ങളില്ലാത്ത, തമിഴ് സിനിമയുടെ പതിവ് ഫോർമുകലകളിലൊന്നും ചേരാത്ത മാനഗരം ഉണ്ടാകുന്നത് അങ്ങനെയാണ്. നോൺ-ലീനിയറായി ഹൈപ്പർ ലിങ്ക് ചെയ്തു കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റടിച്ചു. അതേ പ്രത്യേകതകൾ കൊണ്ടുതന്നെ തമിഴകം ആ പുതുമുഖ സംവിധായകനെ ഓർത്തുവച്ചു.
അടുത്ത ചിത്രവും എസ് ആർ പ്രഭുവിനൊപ്പം തന്നെ ചെയ്യാമെന്നായിരുന്നു ലോകേഷിൻ്റെ ഉറപ്പ്. സൂര്യയ്ക്കൊപ്പം തൻ്റെ ഡ്രീം പ്രോജക്ട് 'ഇരുമ്പ് കൈ മായാവി' ചെയ്യാനായിരുന്നു പദ്ധതി. 10 വർഷം മുന്നേ മനസിലുറപ്പിച്ച ആ കഥ പക്ഷേ അപ്പോൾ വേണ്ടവിധം ഡെവലപ്പ് ചെയ്യാൻ ലോകേഷിനായില്ല. ഇക്കാര്യം സൂര്യയെ അറിയിച്ച് തിരികെയെത്താം എന്ന ഉറപ്പും നൽകി പിരിഞ്ഞു.
മറ്റൊരു കഥയ്ക്കായുള്ള ആലോചനകൾക്കിടെ കണ്ട ഒരു പത്രവാർത്തയാണ് കൈതിയിലേയ്ക്കെത്തിച്ചത്. പാട്ടും ഡാൻസും പ്രണയവുമൊന്നുമില്ല. നെടുനീളൻ ഫ്ലാഷ്ബാക്കിനുള്ള സാധ്യതകൾ ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കുന്നില്ല. ഒരൊറ്റ രാത്രിയിലാണ് കഥ നടക്കുന്നത്. ഡാർക്ക് മൂഡിൽ ഒരുങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം ഏതൊരു സിനിമ പ്രേമിയെയും തൃപ്തിപ്പെടുത്തുന്ന കൊമേഷ്യൽ എൻ്റർടെയ്നറായി. മാസിന് തൻ്റേതായ ഡെഫനിഷൻ കൊടുത്ത് ലോകേഷ് ഒരുക്കിയ കൈതി തമിഴ്‌നാടിനു പുറത്തും വിജയം കൊയ്തു.
കൈതിയുടെ ചിത്രീകരണത്തിനിടയിൽ തന്നെ ദളപതി വിജയ്യൊട് കഥപറയാൻ ലോകേഷിന് അവസരം ലഭിച്ചിരുന്നു. 2019 ദീപാവലിയ്ക്ക് വിജയ്- ആറ്റ്‌ലി ചിത്രം ബിഗിലിനൊപ്പമാണ് കൈതി എത്തിയത്. ബിഗിലിനോളം പ്രീ റിലീസ് ഹൈപ്പില്ലാതെ എത്തിയിട്ടും വിജയ് ചിത്രം തിയേറ്ററിൽ നിറഞ്ഞോടിയിട്ടും വിജയ് ആരാധകർ കൈതിയെ പിന്തുണച്ചു. കാരണം ദളപതിയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യാനിരിക്കുന്നത് ലോകേഷ് ആണെന്ന വാർത്ത ഇതിനോടകം തമിഴ്‌നാട്ടിൽ കത്തിപ്പടർന്നിരുന്നു. ഒരു ലോകേഷ്- വിജയ് ചിത്രം എന്ന ഫോർമാറ്റിൽ ആണ് മാസ്റ്റർ എത്തിയത്. വിജയുടെ ജെഡിക്കൊപ്പമോ അതിനു മുകളിലോ പോകുന്ന വിജയ് സേതുപതിയുടെ ഭവാനി എന്ന വില്ലൻ. കൊവിഡ് ലോക്ഡൗണിൽ പ്രതിസന്ധിയിലായിരുന്ന സിനിമ-തിയേറ്റർ വ്യവസായത്തിനു പ്രതീക്ഷയും തണലുമായി 2021ൽ മാസ്റ്ററിൻ്റെ വരവ്.
അതിനിടെ തന്നെ കമൽ ഹാസനൊപ്പം വിക്രം പ്രഖ്യാപിച്ചിരുന്നു ലോകേഷ്. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രത്തിൽ കൈതിയിലെ ചില കഥാപാത്രങ്ങളെയും റെഫറൻസുകളെയും കൊണ്ടുവന്നതോടെ ലോകേഷിൻ്റെ സിനിമാറ്റിക് യൂണിവേഴ്സിന് തുടക്കമായി. റോളെക്സിലൂടെ സൂര്യയെയും ലോകേഷ് തൻ്റെ യൂണിവേഴ്സിലേയ്ക്ക് ഭംഗിയായി ചേർത്തുവച്ചു. ലോകേഷ് എന്ന വിഷനറി സംവിധായകനെ അറിഞ്ഞു തുടങ്ങുകയായിരുന്നു അവിടം മുതൽ പ്രേക്ഷകർ. ഓരോ സിനിമയും അതിന്റെ വിജയവും ലോകേഷ് എന്ന സംവിധായകൻ്റെയും തമിഴ് സിനിമയുടെയും പരിണാമത്തെ കൂടി അടയാളപ്പെടുത്തി. ലോകേഷിൻ്റെ ഒരു സിനിമ വരുമ്പോൾ ആരുതന്നെ നായകനായാലും ലോകേഷ് പടം എന്നത് തന്നെയാണ് സിനിമയ്ക്ക് ലഭിക്കുന്ന ബെസ്റ്റ് ടാഗ് ലൈൻ. വലുപ്പത്തിൻ്റെ കാര്യത്തിൽ മാത്രമല്ല പേഴ്സണൽ സ്റ്റൈൽ നിലനിർത്തിക്കൊണ്ട് സൂപ്പർസ്റ്റാറുകളുമായി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും കഴിവും കൂടിയായിരുന്നു ലിയോ വരെയുള്ള ചിത്രങ്ങൾ. കൂലിയിലേയ്ക്ക് വരുമ്പോഴും തലൈവരെ ലോക്കി സ്റ്റൈലിൽ കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്.
2023ൽ ലിയോയ്ക്ക് ശേഷം 2025ൽ കൂലി വരെ ഡിസ്ട്രാക്ഷനുകൾ പൂർണ്ണമായും ഒഴിവാക്കി തൻ്റെ ഫിലിം മേക്കിങ്ങിൽ കോൺസൻട്രേറ്റ് ചെയ്യുകയായിരുന്നു ലോകേഷ്. ലോകേഷിൻ്റെ ഫ്യൂച്ചർ തമിഴ് സിനിമയുടെ ഫ്യൂച്ചറാകുന്നത് ഇനി സംവിധാനത്തിൽ മാത്രമല്ല. 'റോക്കി', ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ അരുൺ മാതേശ്വരൻ്റെ പുതിയ പ്രൊജക്ടിലൂടെ നായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് ലോകേഷ്. അതിനായി അദ്ദേഹം ആയോധന കലകൾ അഭ്യസിക്കുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. നായകനാവുന്നത് ആദ്യമാണെങ്കിലും തൻറെ തന്നെ ചിത്രങ്ങളിലൂടെയും മ്യൂസിക് വീഡിയോയിലൂടെയുമൊക്കെ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടുള്ള ആളാണ് ലോകേഷ്. തൻ്റെ തന്നെ സംവിധാനത്തിൽ ‘മാസ്റ്ററി’ൽ ലോകേഷ് സ്ക്രീനിൽ എത്തിയിരുന്നു. കമൽ ഹാസൻ വരികൾ എഴുതിയ ‘ഇനിമെയ്’ എന്ന മ്യൂസിക് വീഡിയോയിലും ലോകേഷ് അഭിനയിച്ചു. എന്നാൽ അദ്ദേഹത്തിൻറെ അഭിനയ പ്രതിഭ പരീക്ഷിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചിരുന്നില്ല. നായകനാവുന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് അക്കാര്യം അറിയാനാവും.
‘കൈതി 2’, ‘വിക്രം 2’, സ്റ്റാൻറ് എലോൺ ചിത്രമായ ‘റോളക്സ്’ എന്നിവയായിരിക്കും ഇനി എൽസിയുവിലുണ്ടാവുക എന്നാണ് ലോകേഷ് വ്യക്തമാക്കിയത്. പ്രീ പ്രൊഡക്ഷനിലുള്ള ‘കൈതി 2’ 2026ഓടെ തിയേറ്ററിൽ കാണാമെന്നാണ് പ്രതീക്ഷ. എൽസിയുവിൻ്റെ ഭാഗമായി ഇപ്പോൾ നിർമ്മാണത്തിലുള്ള ‘ബെൻസി’ൽ രാഘവ ലോറൻസ് ആണ് നായകൻ. ചിത്രത്തിൻ്റെ കഥയും നിർമ്മാണ പങ്കാളിത്തവും ലോകേഷിനുണ്ടെങ്കിലും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ‘റെമോ’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ്. ചിത്രത്തിൽ വാൾട്ടർ എന്ന വില്ലൻ വേഷത്തിൽ എത്തുന്നത് നിവിൻ പോളിയും.
ലോകേഷിനൊപ്പം സിനിമ ചെയ്യാൻ പോകുന്നുവെന്ന് ഒരു സിനിമ പ്രൊമോഷനിടെ ആമിർ ഖാൻ സ്ഥിരീകരിച്ചതും അടുത്തകാലത്താണ്.. ഇതൊരു സൂപ്പർഹീറോ സിനിമയാണെന്നും വലിയ ക്യാൻവാസിലുള്ള ആക്ഷൻ ചിത്രമാകുമെന്നുമാണ് ആമിർ പറഞ്ഞത്. പ്രൊജക്ടിൽ താൻ ഒപ്പുവെച്ചുവെന്നും 2026-ന്റെ രണ്ടാം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. ചുരുക്കത്തിൽ തമിഴ് സിനിമയുടെ ഭാവി ലോകേഷിൻ്റെ കൈയ്യിൽ ഭദ്രമാണ്.

