കാത്തിരിപ്പിന് ഒടുവില്‍ ഒരു അവസരം വീണുകിട്ടിയിരിക്കുകയാണ്. വൈഭവ് സൂര്യവംശി മുതല്‍ എം എസ് ധോണി വരെ വാഴുന്ന ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ഒരു രണ്ടാം അവസരം
രണ്ട് ദിവസവും 367 മിനുറ്റുകളും. റിസ്വി സ്പ്രിങ് ഫീല്‍ഡിനായി ആ 14 വയസുകാരൻ മുംബൈയിലെ ആസാദ് മൈദാനില്‍ നിലയുറിപ്പിച്ചു. 546 റണ്‍സ്, 85 ഫോറും അഞ്ച് സിക്‌സും. മുംബൈ സ്കൂള്‍സ് സ്പോര്‍ട്‌സ് അസോസിയേഷന് കീഴിലുള്ള ഹാരിസ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റിലായിരുന്നു ഇന്നിങ്സ്. ക്രിക്കറ്റ് ദൈവത്തിന്റെ കരിയറിന് വളമായ അതേ മണ്ണ്. സച്ചിൻ തെൻഡുല്‍ക്കര്‍ 22 വാരയോട് നന്ദി പറഞ്ഞ് അകന്നിട്ട് ദിവസങ്ങള്‍ മാത്രമെ അന്ന് അയിട്ടുള്ളു.
സമാനതകളൊരുപാട് ഉണ്ടായിരുന്നു ഇരുവരുടേയും ശൈലികള്‍ തമ്മില്‍. ഇതിഹാസത്തിന്റെ പേരിനോട് ചേര്‍ത്തുവെക്കുകമാത്രമായിരുന്നില്ല കളിയെഴുത്തുകാര്‍ അന്ന് ചെയ്തത്, പിൻഗാമിയായി വാഴ്ത്തുകയും ചെയ്തു. സച്ചിനോടുള്ള താരതമ്യങ്ങളോട് അന്ന് ആ പയ്യൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അതെല്ലാം ഒരുപാട് അകലത്തിലുള്ള കാര്യങ്ങളാണ്, എളിമനിറഞ്ഞ സച്ചിന്റെ കരിയര്‍ പിന്തുടരാനാണ് എനിക്ക് ഇഷ്ടം. പൃഥ്വി പങ്കജ് ഷാ എന്നായിരുന്നു അവന്റെ പേര്. പൃഥ്വി ഷാ!
ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിരിക്കുന്നു. പൃഥ്വിയുടെ വാക്കുകളിലെ ആദ്യ വാചകം സച്ചിനിലേക്കുള്ള ദൂരമായിരുന്നു. എന്നാല്‍ ഇന്നത് ഇന്ത്യൻ ക്രിക്കറ്റിലേക്ക് തന്നെയുള്ള ദൂരമായി പരിണമിച്ചിരിക്കുന്നു. രാജ്‌കോട്ടില്‍ വിൻഡീസിനെതിരെ ശതകം നേടി പ്രവചനങ്ങളെ സാധൂകരിച്ച് തുടങ്ങിയ അന്താരാഷ്ട്ര കരിയര്‍. ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ആ വലിയ ഭൂപടത്തില്‍ ഇരുപത്തിയാറുകാരൻ ഏതൊ ഒരു കോണിലാണ്. ബിസിസിഐയുടെ റഡാറുകള്‍ക്ക് പോലും എത്തിച്ചേരാൻ കഴിയാത്തത്ര ദൂരത്തില്‍.
പക്ഷേ, കാത്തിരിപ്പിന് ഒടുവില്‍ ഒരു അവസരം വീണുകിട്ടിയിരിക്കുകയാണ്. വൈഭവ് സൂര്യവംശി മുതല്‍ എം എസ് ധോണി വരെ വാഴുന്ന ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ഒരു രണ്ടാം അവസരം. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം. തിരിച്ചുവരവ് സാധ്യമാകുമോ പൃഥ്വി ഷായ്ക്ക്.
പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുൻപ് പൃഥ്വി ഷാ തന്റെ പദ്ധതികള്‍ വ്യക്തമാക്കി കഴിഞ്ഞു. ഞാൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ സംശയങ്ങള്‍ ഇല്ല. അതിന് വേണ്ടിയാണ് ഞാൻ കഠിനാധ്വാനം ചെയ്യുന്നത്. ഭൂതകാലത്തില്‍ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങള്‍, എന്റെ ഭാഗത്തുനിന്ന് 100 അല്ല, 200 ശതമാനം ശ്രമം ഉണ്ടാകും. ഇന്ത്യൻ ടീമിലേക്ക് മടങ്ങാൻ മാത്രമാണ്, ഡല്‍ഹിക്കായി ഐപിഎല്‍ കിരീടം നേടാനും, ഓരോ മത്സരങ്ങള്‍ വിജയിപ്പിക്കാനും, പൃഥ്വി ഷാ പറഞ്ഞു.
എന്നാല്‍, ഐപിഎല്ലില്‍ പൃഥ്വി ഷാ അന്തിമ ഇലവനിലേക്ക് എത്താനുള്ള സാധ്യതകള്‍ തന്നെ ചുരുക്കമാണെന്ന് വിലയിരുത്തേണ്ടി വരും. തന്റെ കരിയറിലുടനീളം ഓപ്പണര്‍ സ്ഥാനം വഹിച്ച പൃഥ്വി ഷായ്ക്ക് ഡല്‍ഹിയുടെ സ്ക്വാഡില്‍ അത് ലഭിക്കാനിടയില്ല. കെ എല്‍ രാഹുല്‍ ഓപ്പണറാകുമെന്ന് ഡല്‍ഹി നായകൻ അക്സര്‍ പട്ടേല്‍ വ്യക്തമാക്കി കഴിഞ്ഞു. രാഹുലിന്റെ പങ്കാളിയായി ബെൻ ഡക്കറ്റോ പാതും നിസങ്കയോ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പുമാണ്.
ഇനി മധ്യനിരയിലേക്ക് വരാം. നിതീഷ് റാണ, കരുണ്‍ നായര്‍, ട്രിസ്റ്റൻ സ്റ്റബ്സ്, അഷുതോഷ് ശര്‍മ, ഡേവിഡ് മില്ലര്‍, അഭിഷേക് പോറല്‍ എന്നിങ്ങനെ ഇന്ത്യൻ താരങ്ങളും വിദേശികളുമായി താരസമ്പന്നമാണ്. ഈ പേരുകളെല്ലാം സമീപകാലത്ത് മൈതാനങ്ങളില്‍ മികച്ച ഫോമില്‍ പ്രകടനങ്ങള്‍ പുറത്തെടുത്തവരുമാണ്. പൃഥ്വി ഷായുടെ കാര്യം ഇവിടെയും വ്യത്യസ്തമാണ്.
രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സെയ്‌ദ് മുഷ്‌താഖ് അലി ടൂര്‍ണമെന്റ്. ഏകദിനം, ടെസ്റ്റ്, ടി20. പൃഥ്വി ഷായുടെ അവസാനത്തെ പത്ത് മത്സരങ്ങളില്‍ ഈ മൂന്ന് ഫോര്‍മാറ്റുകളും ഉള്‍പ്പെടുന്നുണ്ട്. രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ മാത്രമാണ് സമ്പാദ്യം. പക്ഷേ, രഞ്ജി ട്രോഫി സീസണില്‍ താരം തിളങ്ങിയിരുന്നു, 11 ഇന്നിങ്സുകളില്‍ നിന്ന് 537 റണ്‍സുമായി മഹാരാഷ്ട്രയുടെ ടോപ് സ്കോറര്‍. ഒരു ഇരട്ട സെഞ്ചുറിയും മൂന്ന് അര്‍ദ്ധ ശതകങ്ങളും. രഞ്ജിയില്‍ മികവ് പുലര്‍ത്തിയപ്പോള്‍ സെയ്ദ് മുഷ്താഖ് അലിയില്‍ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങളില്‍ നിന്ന് 183 റണ്‍സ് മാത്രം. വിജയ് ഹസാരയില്‍ ആറ് കളികളില്‍ 193 റണ്‍സും.
റെഡ് ബോളില്‍ തിളങ്ങുമ്പോള്‍ വൈറ്റ് ബോളില്‍ നിറം മങ്ങുന്നു. ഇന്ത്യൻ ടീമിലേക്കൊരു തിരിച്ചുവരവ് പൃഥ്വി ഷാ ലക്ഷ്യമിടുമ്പോള്‍ ലഭിക്കുന്ന അവസരങ്ങളില്‍ അസാധരണമായ ഇന്നിങ്സുകള്‍ പുറത്തെടുക്കേണ്ടി വരും. ഒരു സീസണില്‍ അത് സംഭവിച്ചാലും തിരിച്ചുവരവ് അകലെയാകാനാണ് സാധ്യത. ഡല്‍ഹിയുടെ അന്തിമ ഇലവനിലേക്ക് എത്താൻ തന്നെ വലിയ കടമ്പയാണ്, അത് കടന്നാല്‍ സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ അനിവാര്യം. അത് ആവര്‍ത്തിക്കുകയും വേണം. നിലവില്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ടീമുകള്‍ സജ്ജവുമാണെന്നത് യാഥാര്‍ത്ഥ്യമായി മുന്നിലുണ്ട്.
അച്ചടക്കമില്ലായ്മയാണ് പൃഥ്വി ഷായുടെ വീഴ്ചയുടെ പ്രധാന കാരണമായി പലരും ചൂണ്ടിക്കാണിച്ചത്. ഏറ്റവും ഒടുവിലായി ശ്രേയസ് അയ്യരും അത് ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഷാ പത്രത്താളുകളുടെ തലക്കെട്ടുകളില്‍ ഇടം പിടിച്ചത് അച്ചടക്കമില്ലായ്‌മയുടേയും നടുറോഡിലെ സംഘട്ടനങ്ങളുടേയും ശാരീരികക്ഷമതയുടെ അഭാവത്തിന്റെയുമൊക്കെ പേരിലായിരുന്നു. ഐപിഎല്ലില്‍ ഇടമില്ലാതായി. മുംബൈയുടെ രഞ്ജി ടീമില്‍ നിന്ന് തഴയപ്പെട്ടു. കൗണ്ടി ക്രിക്കറ്റിലെ ശോഭയും തുണച്ചില്ല.
തിരിച്ചറിവുകളുടേയും തിരുത്തലുകളുടേയും പാതയിലാണ് പൃഥ്വി ഷാ. കായിക മേഖലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. തിരിച്ചുവരവുകളുടെ മഹത്തായ അധ്യായങ്ങള്‍ പിറക്കുന്ന ഇടമാണിത്. ഇനിയും ഒരു പതിറ്റാണ്ടെങ്കിലും കുറഞ്ഞത് ബാക്കിയുണ്ട്. ആ വലിയ ലക്ഷ്യത്തിനായി പോരാടുമ്പോള്‍ ഓരോ ഇന്നിങ്സിനും അത്രത്തോളം പ്രഹരമുണ്ടായിരിക്കണമെന്ന് മാത്രം.


