മമ്മൂട്ടി 2009-ൽ എടുത്ത ഒരു സെൽഫി പങ്കുവച്ച് ആഷിക് അബു.

ടെക്നോളജിയിലെ പുതുമകളോട് ഏറെ താല്‍പര്യം സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി. പുതിയ ക്യാമറകളും മൊബൈല്‍ ഫോണുകളുമൊക്കെ വിപണിയില്‍ എത്തിയാലുടന്‍ അദ്ദേഹത്തിന്‍റെ ശേഖരത്തിലേക്ക് എത്താറുണ്ട്. പരിചയക്കാര്‍ക്ക് അവയെക്കുറിച്ച് വിശദീകരിക്കാനും അദ്ദേഹത്തിന് ഏറെയിഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹം എടുത്ത പഴയൊരു സെല്‍ഫി പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ആഷിക് അബു. മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആഷിക് അബുവിന്‍റെ സംവിധാന അരങ്ങേറ്റം. കൊച്ചിയും ഹോങ്കോങുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. ഹോങ്കോങ് ലൊക്കേഷനില്‍ വച്ച് എടുത്തതെന്ന് കരുതുന്ന മമ്മൂട്ടിയുടെ സെല്‍ഫിയാണ് ആഷിക് അബു തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സിഐ ആന്‍റണി സൈമണിന്‍റെ മകനായി അഭിനയിച്ച മാസ്റ്റര്‍ ധനഞ്ജയിനെയും ഈ സെല്‍ഫിയില്‍ കാണാം.

സെല്‍ഫികള്‍ എങ്ങനെ എടുക്കുമെന്ന് ഫോണുകള്‍ മനസിലാക്കുന്നതിനും മുന്‍പേ. 2009: ഫ്രണ്ട് ക്യാമറയോ പ്രിവ്യൂവോ ഇല്ലാതിരുന്ന കാലം, ചിത്രത്തിനൊപ്പം ആഷിക് അബു കുറിച്ചു. അതേസമയം ഡാഡി കൂള്‍ കൂടാതെ മറ്റൊരു ചിത്രത്തിന് വേണ്ടി മാത്രമേ ആഷിക് അബുവും മമ്മൂട്ടിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളൂ. 2014 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ആയിരുന്നു അത്. എന്നാല്‍ ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു ഈ ചിത്രം. റൈഫിള്‍ ക്ലബ്ബ് ആണ് ആഷിക് അബുവിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് 2024 ഡിസംബറില്‍ ആയിരുന്നു.

ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, വിജയരാഘവന്‍, വിനീത് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും അനുരാഗ് കശ്യപ് ആയിരുന്നു.

അതേസമയം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങി വലിയ താരനിരയും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു. മലയാളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ പദയാത്ര, തമിഴില്‍ രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഓം എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന റിലീസുകള്‍. അമരന്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ രാജ്കുമാറിന്‍റെ ഓമില്‍ ധനുഷ് ആണ് നായകന്‍. മമ്മൂട്ടിയുടേത് പ്രധാന കഥാപാത്രമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain