ഫഹദിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു കൈ എത്തും ദൂരത്ത്

മലയാള സിനിമ സമീപകാലത്ത് നേടുന്ന വലിയ വിജയങ്ങളുടെ തുടര്‍ച്ചയാണ് ഫഹദ് ഫാസില്‍ നായകനായ ആവേശം. ഫഹദ് ഫാസിലിനെ പുനരവതരിപ്പിക്കുന്നുവെന്ന വിശേഷണവുമായി എത്തിയ ചിത്രത്തില്‍ അതിനെ അന്വര്‍ഥമാക്കുന്ന തരത്തില്‍ ഒരു വേറിട്ട കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രംഗ എന്ന ഗ്യാങ്സ്റ്ററാണ് ഫഹദിന്‍റെ കഥാപാത്രം. സ്പൂഫ് ഘടകങ്ങള്‍ അടങ്ങിയ ഈ കഥാപാത്രത്തിന്‍റെ മീറ്ററില്‍ ഫഹദ് മലയാളത്തില്‍ മുന്‍പൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. തിയറ്ററില്‍ വന്‍ വിജയം നേടുന്ന ചിത്രത്തിന്‍റെ ഒരു പുതിയ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍.

അടുത്ത നിമിഷം എന്ത് ചിന്തിക്കുമെന്നോ പ്രവര്‍ത്തിക്കുമെന്നോ അടുത്ത ആളുകള്‍ക്ക് പോലും മനസിലാവാത്ത തരത്തിലുള്ള ആളാണ് രംഗ. അതേസമയം രസകരമായ പല സ്വഭാവവിശേഷങ്ങളും അയാള്‍ക്കുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തന്‍റെ കലാഭിരുചികളൊക്കെ പ്രദര്‍ശിപ്പിക്കാറുള്ള രംഗയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ പോലും ആരും തനിക്ക് ലൈക്ക് തരുന്നില്ലെന്ന പരാതിയുമുണ്ട്. രംഗ റീല്‍ ആയി ഇട്ട ഒരു വീഡിയോ ആണ് ടാലന്‍റ് ടീസര്‍ എന്ന പേരില്‍ ആവേശത്തിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ ഒരു ഗാനം മൂളുന്ന രംഗയെയും ടീസറില്‍ കാണാം.

ഫഹദിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത് 2002 ല്‍ പുറത്തെത്തിയ കൈ എത്തും ദൂരത്ത്. എന്നാല്‍ ചിത്രം പരാജയമായിരുന്നു. അഭിനയത്തില്‍ നിന്ന് ഏഴ് വര്‍ഷത്തെ ഇടവേള എടുത്ത ഫഹദ് വിദേശത്ത് പഠനത്തിനായി പോവുകയായിരുന്നു. അതേസമയം ആവേശം വലിയ വിജയമാണ് തിയറ്ററുകളില്‍ നേടുന്നത്. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചിത്രം ശ്രദ്ധ നേടുന്നുണ്ട്.

ALSO READ : ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സൂര്യ ജെ മേനോന്‍; ഏറ്റെടുത്ത് ആരാധകര്‍

AAVESHAM | The Talent Teaser | Jithu Madhavan | Fahadh Faasil | Sushin Shyam