സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് 30കാരിയുടെ പരാതിയില്‍ മുംബൈ പോലീസ് നടന്‍ അജാസ് ഖാനെതിരെ കേസെടുത്തു. 

മുംബൈ: നടന്‍ അജാസ് ഖാനെതിരെ മുംബൈ പൊലീസ് കേസ് എടുത്തു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ഞായറാഴ്ച നടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്.

സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അജാസ് ഖാൻ പലയിടത്തും വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് 30 കാരിയായ സ്ത്രീ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം ബലാത്സംഗം ചെയ്തതിന് നടനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

'ഹൗസ് അറസ്റ്റ്' എന്ന വെബ് ഷോയിലെ അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് ഖാൻ ഉൾപ്പെടെ നിരവധി പേർക്കെതിരെ കേസെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് ബലാത്സംഗത്തിന് നടനെതിരെ എഫ്‌ഐആർ വന്നത്. 

ബജ്‌റംഗ്ദൾ പ്രവർത്തകനായ ഗൗതം റാവ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നടൻ അജാസ് ഖാൻ, 'ഹൗസ് അറസ്റ്റ്' എന്ന വെബ് ഷോയുടെ നിർമ്മാതാവ് രാജ്കുമാർ പാണ്ഡെ, ഉല്ലു ആപ്പിലെ മറ്റ് വ്യക്തികൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. അംബോലി പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. 

പരാതി പ്രകാരം, വെബ് ഷോയിൽ അശ്ലീല ഭാഷ അടങ്ങിയിരുന്നു, കൂടാതെ ഷോയിൽ അവതരിപ്പിച്ച കാര്യങ്ങള്‍ പലതും സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന രീതിയിലാണ് എന്നാണ് പരാതിക്കാരന്‍ പറയുന്നു. നേരത്തെ തന്നെ അഡള്‍ട്ട് കണ്ടന്‍റിന്‍റെ പേരില്‍ വിവാദത്തിലായ ആപ്പാണ് ഉല്ലു. 

'ഹൗസ് അറസ്റ്റ്' എന്ന പരിപാടിയുടെ നിർമ്മാതാവിനും അവതാരകനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, സ്ത്രീകളെ മോശമായി ചിത്രീകരിക്കൽ നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സ്ത്രീകൾ ഉൾപ്പെടെയുള്ള മത്സരാർത്ഥികളോട് ഇന്‍റമേറ്റായി പെരുമാറാന്‍ ഖാൻ സമ്മർദ്ദം ചെലുത്തുന്നതും സ്ത്രീകളോട് അശ്ലീല ചോദ്യങ്ങൾ ചോദിക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പരാതി വന്നതും കേസ് എടുത്തതും. അതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ ബലാത്സംഗ കേസും വന്നിരിക്കുന്നത്.