കാറിന് എന്തെങ്കിലും പറ്റുമോന്ന് താന്‍ എപ്പോഴും ആശങ്കപ്പെടാറുണ്ടെന്നും താരം പറയുന്നു. 

വാഹനങ്ങളോട് ഏറെ താല്പര്യം ഉള്ളവരാണ് സിനിമാ താരങ്ങൾ. പ്രത്യേകിച്ച് മലയാള സിനിമാ താരങ്ങൾ. ഇവർ വാങ്ങിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ കാർ കളക്ഷനുകൾ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. 

ബിഎംഡബ്ല്യൂ അടക്കമുള്ള വിന്‍റേജ് കളക്ഷനിലെ കാറുകളാണ് നടന്‍ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളായി ഇങ്ങനെ ഒരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ അമിതമായ ചിന്തകള്‍ കാരണം ഒഴിവാക്കുക ആയിരുന്നുവെന്നും വീഡിയോ പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു. 

'കുറേയേറെ നാളായി ഞാൻ ചെയ്യണമെന്ന് വിചാരിച്ചിരുന്ന ഒരു കാര്യമാണിത്. പക്ഷേ പതിവ് പോലെ ഓവര്‍തിങ്ക് ചെയ്ത് മാറ്റിവയ്ക്കുക ആയിരുന്നു. ഞാന്‍ ഇന്‍സെന്‍സിറ്റീവായ ഒരാളാണെന്നോ പൊങ്ങച്ചക്കാരനാണെന്നോ നിങ്ങള്‍ കരുതുമെന്നായിരുന്നു എന്‍റെ ആശങ്ക. പക്ഷേ എന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തു സൂക്ഷിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ടല്ലോ. അവരുമായി ഇടപഴകാന്‍ ഏറ്റവും നല്ല വഴിയിതാണെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. അതുകൊണ്ട് ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി എനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിൽ ചിലത് നിങ്ങൾക്ക് മുൻപിൽ പരിചയപ്പെടുത്തുകാണ്', എന്നാണ് ദുൽഖർ പറയുന്നത്. 

ബിഎംഡബ്ല്യൂവിന്‍റെ 46ാം എഡിഷനായ 'BMW M3' ആണ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട കാറെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. ഈ എഡിഷനാണ് ബിഎംഡബ്ല്യൂവിന്‍റെ ഏറ്റവും മികച്ച കാറായി താന്‍ കാണുന്നതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.
താന്‍ കാറോടിക്കുന്ന രീതിയെ കുറിച്ചും നടന്‍ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. കാറിന് എന്തെങ്കിലും പറ്റുമോന്ന് താന്‍ എപ്പോഴും ആശങ്കപ്പെടാറുണ്ടെന്നും താരം പറയുന്നു. 

ഇത് വിലായത്ത് ബുദ്ധയിലെ 'ഡബിൾ മോഹനൻ', ക്യാരക്ടർ പോസ്റ്റർ എത്തി

എന്തായാലും ദുൽഖറിന്റെ കാർ കളക്ഷൻ വീഡിയോ ആരാധകർ ആഘോഷമാക്കി കഴിഞ്ഞു. 'ഇങ്ങളും Vlog തുടങ്ങിയോ ?നമ്മുടെ കഞ്ഞിയിൽ പാറ്റ ഇടല്ലേ, കുഞ്ഞിക്ക ഇതൊക്കെ വാപ്പച്ചിയുടെ കാറല്ലേ', എന്നൊക്കെയാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.