ഏഷ്യാനെറ്റിലെ സീതാകല്ല്യാണം എന്ന പരമ്പരയില്‍ നിന്ന് ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അനൂപ് കൃഷ്ണൻ എന്ന പട്ടാമ്പിക്കാരന്‍. പരമ്പരയിലും ബിഗ് ബോസിലും പൊതുവേ സൗമ്യനായ അനൂപിന് സോഷ്യല്‍ മീഡിയയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. പരമ്പരകളിൽ തിളങ്ങിനിന്ന അനൂപിന് ബിഗ് ബോസ് വീട്ടിലേക്കുള്ള ക്ഷണം വഴിത്തിരിവായി. മികച്ച മത്സരാർത്ഥിയായ അനൂപ് ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ഇടംപിടിച്ചിരുന്നു. 

ഇപ്പോഴിതാ അനൂപിന്‍റെ വീട്ടിലെത്തിയ വിശേഷങ്ങള്‍ യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുകയാണ് സുഹൃത്തായ ഗോവിന്ദ് പത്മസൂര്യ. ജിപിയുടെ ചാനലിലൂടെ എത്തിയ വീഡിയോയിൽ അനൂപിന്‍റെ വീട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം, ബിഗ് ബോസ് വീട്ടിൽ അനൂപ് പലപ്പോഴായി പറഞ്ഞ സഹോദരിയെയും സഹോദരനെയും അമ്മയെയും എല്ലാം ജിപി പരിചയപ്പെടുത്തുന്നു.

ബിഗ് ബോസ് വിശേഷങ്ങളും വീട്ട് പരിസരവുമാണ് വീഡിയോയുടെ ഹൈലൈറ്റ്. കുഞ്ഞൻ മാവും പ്ലാവും നായയുമെല്ലാം അടക്കം രസകരമായ നിമിഷങ്ങളാണ് ജിപി പങ്കുവച്ചിരിക്കുന്നത്. എല്ലാത്തിനുമുപരിയായി ഏറെനാളായി കാണാത്ത സുഹൃത്തിനെ കാണാനുള്ള യാത്രയായിരുന്നു അതെന്ന് ജിപി പറയുന്നു.

കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിന്‍റെ ചിത്രീകരണം അവസാനിപ്പിച്ചിരുന്നു. അവസാന എട്ടില്‍ ഇടംപിടിച്ച മത്സരാര്‍ഥികളില്‍ നിന്ന് ടൈറ്റില്‍ വിജയിയെ കണ്ടെത്താന്‍ ഏഷ്യാനെറ്റ് വോട്ടിംഗും നടത്തിയിരുന്നു. കൊവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഫിനാലെ നടത്തുമെന്നും വിജയിയെ പ്രഖ്യാപിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona