ഡീയസ് ഈറേ സിനിമയുടെ റിലീസിന് പിന്നാലെ പ്രണവ് മോഹന്‍ലാല്‍ യാത്ര ആരംഭിച്ചുവെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
പ്രണവ് മോഹൻലാൽ. ഈ പേരാണ് ഇന്ന് സോഷ്യൽ മീഡിയയിലേയും മലയാള സിനിമയിലേയും പ്രധാന ചർച്ച. ഡീയസ് ഈറേ എന്ന രാഹുൽ സദാശിവൻ ചിത്രത്തിലൂടെ കരിയറിലെ ദ ബെസ്റ്റ് പെർഫോമൻസ് നൽകിയിരിക്കുകയാണ് പ്രണവ് എന്നത് തന്നെയാണ് അതിന് കാരണം. വലിയൊരു ബ്രേക്കാണ് ഡീയസ് ഈറേ പ്രണവിന് നൽകിയിരിക്കുന്നതെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്. പ്രേക്ഷക-നിരൂപക പ്രശംസകൾക്ക് ഒപ്പം ബോക്സ് ഓഫീസിലും ചിത്രം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നതിനിടെ പ്രണവ് മോഹൻലാലിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കാറിൽ എയർപോർട്ടിൽ വന്നിറങ്ങുന്ന പ്രണവ് മോഹൻലാലിനെയാണ് വീഡിയോയിൽ കാണാനാകുക. ഡിക്കിയിൽ നിന്നും ബാഗും എടുക്കുന്നുണ്ട്. അടുത്ത യാത്രയ്ക്കായി പ്രണവ് പോകുന്നുവെന്ന കുറിപ്പോടെയാണ് വീഡിയോകൾ എക്സ് പ്ലാറ്റ് ഫോമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. "എന്ത് 50 കോടി, 100 കോടി, ബുക് മൈ ഷോയിലെ മണിക്കൂർ സെയിൽസ്, വീക്കെൻഡ് ഗ്രോസ്..ബ്ലാ..ബ്ലാആ!! ബ്രോ തൻ്റെ അടുത്ത യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞു. ഇങ്ങനെ ഒരു മരം കേറി ചെക്കൻ. ഇനി അടുത്ത വെക്കേഷനിൽ വന്ന് അടുത്ത പടം ചെയ്തിട്ട് പോവും". എന്നൊക്കെയാണ് വീഡിയോകളിലെ രസകരമായ ക്യാപ്ക്ഷനുകൾ. എന്നാൽ ഇത് എപ്പോഴുള്ള വീഡിയോ ആണെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ഒക്ടോബര് 31ന് ആണ് ഡീയസ്‍ ഈറേ തിയറ്ററുകളില്‍ എത്തിയത്. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അദ്ദേഹം തന്നെയാണ്. ക്രിസ്റ്റോ സേവ്യര്‍ സംഗീതം നല്‍കിയ ചിത്രം ബോക്സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. റിലീസ് ചെയ്ത് രണ്ട് ദിവസത്തെ കണക്ക് പ്രകാരം 25.50 കോടിയാണ് ആഗോളതലത്തില്‍ ഡീയസ് ഈറേ നേടിയിരിക്കുന്നത്. സാക്നില്‍ക്കിന്‍റെ റിപ്പോര്‍ട്ടാണിത്.

