മധുര വിമാനത്താവളത്തിൽ നടൻ വിജയ്‍യുടെ സുരക്ഷാ ജീവനക്കാരിൽ ഒരാൾ ആരാധകന് നേരെ തോക്ക് ചൂണ്ടിയതായി ആരോപണം.
ചെന്നൈ: മധുര വിമാനത്താവളത്തിൽ നടന്‍ വിജയ്‍യുടെ സുരക്ഷ ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരിൽ ഒരാൾ ഒരു ആരാധകന് നേരെ തോക്ക് ചൂണ്ടുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മെയ് 5 ന് നടന്ന സംഭവം വിജയ് ആരാധകരുടെ പെരുമാറ്റം, തമിഴക വെട്രി കഴകം (ടിവികെ) നേതാവ് കൂടിയായ വിജയിയെ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്കാണ് തമിഴകത്ത് തുടക്കമിട്ടത്.
മധുര വിമാനത്താവളത്തിൽ വിജയ് എത്തിയ ഉടനെ ഒരു ആരാധകൻ സുരക്ഷാ വലയം ഭേദിച്ച് വിജയ് നേരെ പാഞ്ഞടുക്കുന്നത് വീഡിയോയിൽ കാണാം. ഓൺലൈനിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ആശങ്കാജനകമായിരുന്നു. ഉടനെ ഒപ്പം ഉണ്ടായ ബൗണ്‍സര്‍ തോക്ക് എടുത്ത് ആരാധകന്റെ തലയ്ക്ക് നേരെ ചൂണ്ടിയെന്നാണ് വീഡിയോയ്ക്ക് പിന്നാലെ ആരോപണം ഉയര്‍ന്നത്.
എന്നാല്‍ പിന്നാലെ വിജയ്‍യുടെ സുരക്ഷ സംഘം സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് പോലെ സുരക്ഷ ജീവനക്കാര്‍ ഒരിക്കലും ആരാധകനെതിരെ തോക്ക് ചൂണ്ടിയതല്ലെന്നും. വാഹനത്തില്‍ നിന്നും ഇറങ്ങിയ സുരക്ഷ ജീവനക്കാരന്‍ തന്‍റെ കൈയ്യിലുള്ള ആയുധം സുരക്ഷിതമാക്കാന്‍ കൈയ്യില്‍ എടുത്തതാണെന്നും. അതിനിടയില്‍ ആരാധകന്‍ തള്ളികയറി വരുകയായിരുന്നു എന്നുമാണ് ബൗണ്‍സര്‍മാരുടെ വിശദീകരണം.
അതേ സമയം ഇമ്പരാജ് എന്ന ആരാധകനാണ് സുരക്ഷ വലയത്തിലേക്ക് കടന്നത് എന്ന് വ്യക്തമായിട്ടുണ്ട്. താന്‍ ഒരിക്കലും ആവേശത്തില്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. തന്നെ സുരക്ഷ ജീവനക്കാര്‍ തള്ളിയെന്നും. എന്നാല്‍ തന്‍റെ തലയില്‍ തോക്ക് വച്ചതായി കണ്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്.
തന്റെ പാര്‍ട്ടി പരിപാടികളില്‍ അപകടകരമായ പെരുമാറ്റം ഒഴിവാക്കണമെന്ന് വിജയ് ആരാധകരോട് പൊതു അഭ്യർത്ഥന നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം വാര്‍ത്തകളില്‍ നിറയുന്നത്. മെയ് 1 ന് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ആരാധകർ തന്റെ പേരിൽ ഓടുന്ന വാഹനങ്ങളിൽ സ്റ്റണ്ട് നടത്തുന്നതും മറ്റും വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് വിജയ് പറഞ്ഞിരുന്നു.
കുറച്ച് ദിവസം മുന്‍പ് കോയമ്പത്തൂരില്‍ വിജയ്‍യുടെ പ്രചാരണ വാഹനത്തിലേക്ക് ഒരു ആരാധകന്‍ വലിഞ്ഞു കയറിയ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‍യുടെ പ്രസ്താവന വന്നത്.


