തെലുങ്ക് നടൻ വിഷ്ണു മഞ്ചു, 'കണ്ണപ്പ' സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചതിൽ സഹോദരൻ മനോജ് മഞ്ചുവിന് പങ്കുണ്ടെന്ന് ആരോപിച്ചു. 

ചെന്നൈ: 'കണ്ണപ്പ'യുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചതിൽ നടൻ മനോജ് മഞ്ചുവിന് പങ്കുണ്ടെന്ന് തെലുങ്ക് നടൻ വിഷ്ണു മഞ്ചു ആരോപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന ഒരു വാര്‍ത്ത സമ്മേളനത്തില്‍ ഹാർഡ് ഡിസ്ക് മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന രഘുവും ചരിതയും മനോജിനുവേണ്ടി ജോലി ചെയ്യുന്നവരാണെന്ന് വിഷ്ണു ആരോപിച്ചു. 

നാല് ആഴ്ച മുമ്പാണ് സംഭവം നടന്നതെന്നും, എന്നാൽ മനോജിനെയും കൂട്ടാളികളെയും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും അത് നടക്കില്ലെന്ന് മനസിലാക്കിയതോടെയാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും കണ്ണപ്പ ചിത്രത്തിന്‍റെ നിര്‍മ്മാതാവും പ്രധാന നടനും രചിതാവുമായ വിഷ്ണു മഞ്ചു പറഞ്ഞു. വിഷ്ണു മഞ്ചുവിന്‍റെ സഹോദരനാണ് മനോജ് മഞ്ചു. 

വെള്ളിയാഴ്ച ചെന്നൈയിൽ ചിത്രത്തിന്റെ പ്രൊമോഷനായി വിഷ്ണു മഞ്ചുവും 'കണ്ണപ്പ'യിലെ അഭിനേതാക്കളും എത്തിയിരുന്നു. മാധ്യമങ്ങളുമായുള്ള ഒരു സംവാദത്തിനിടെ, 'കണ്ണപ്പ' ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവത്തെക്കുറിച്ചും അടുത്തകാലത്തായി അദ്ദേഹത്തിന്‍റെ കുടുംബത്തിലെ പ്രശ്നം സംബന്ധിച്ചും അദ്ദേഹം ചോദിച്ചു. 

ചോദ്യത്തിന് ഉത്തരം നൽകാൻ സമ്മതിച്ച വിഷ്ണു, തന്റെ കുടുംബ പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഒരു പ്രമോഷണൽ പരിപാടിയിൽ അതിനെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഷ്ടിക്കപ്പെട്ട ഹാർഡ് ഡിസ്കിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ മൂന്ന് ഓഫീസുകളിലാണ് വിഎഫ്എക്സ് ജോലികൾ നടക്കുന്നതെന്ന് വിഷ്ണു മഞ്ചു പറഞ്ഞു. 

"മുംബൈയിൽ നിന്ന് വിഎഫ്എക്സുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് അയച്ചപ്പോൾ, അത് എന്റെ അച്ഛൻ മോഹൻ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിൽ എത്തി. അത് പതിവാണ്. ഞങ്ങൾ മൂന്ന് സഹോദരങ്ങളാണ്, ഞങ്ങളുടെ എല്ലാ പാക്കേജുകളും അവിടെ എത്തും, ഞങ്ങളുടെ മാനേജർമാർ അത് വാങ്ങിവയ്ക്കും. അതുപോലെ, ഹാർഡ് ഡിസ്ക് ഞങ്ങളുടെ അച്ഛന്റെ വസതിയിൽ എത്തി. അത് രഘുവിനും ചരിതയ്ക്കും കൈമാറി, അന്നുമുതൽ അവർ കാണാനില്ല" അദ്ദേഹം വിശദീകരിച്ചു.

മനോജിനുവേണ്ടിയാണ് രണ്ടുപേരും ജോലി ചെയ്തിരുന്നതെന്ന് വിഷ്ണു ആരോപിച്ചു. "ഞങ്ങളുടെ കുടുംബത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഞങ്ങളുടെ സുഹൃത്തുക്കൾ വഴി ഞങ്ങൾ മനോജിനെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. അവർ അത് മോഷ്ടിച്ചതാണോ അതോ ആരുടെയെങ്കിലും പറഞ്ഞിട്ട് ചെയ്തതാണോ ഞങ്ങൾക്ക് അറിയില്ല. ഈ ശ്രമങ്ങൾക്ക് ശേഷമാണ് ഞങ്ങൾ പോലീസിൽ പരാതി നൽകിയത്," അദ്ദേഹം വിശദീകരിച്ചു.

ഹാർഡ് ഡിസ്ക് ഒരു പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. "99 ശതമാനം, നിങ്ങൾക്ക് ഹാര്‍ഡ് ഡിസ്കില്‍ നല്‍കിയിരിക്കുന്ന പാസ്‌വേഡ് തകർക്കാൻ കഴിയില്ല, എന്നിരുന്നാലും ഒരു ശതമാനം സാധ്യതയുണ്ട്. ദൃശ്യങ്ങൾ ചോർത്താൻ അവർക്ക് കഴിഞ്ഞാലും, ചോർന്ന ദൃശ്യങ്ങൾ കാണരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സിനിമയിൽ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ട്" വിഷ്ണു പറഞ്ഞു.

മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന കണ്ണപ്പയില്‍ വിഷ്ണു മഞ്ചു ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. മോഹൻ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.