തന്‍റെ വീട്ടില്‍ മോഷണം നടന്നു എന്ന പരാതിയുമായി ചെന്നൈയിലെ തേനംപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് നിരോഷ. 

ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന നടിയായിരുന്നു നിരോഷ. തമിഴിലും മലയാളത്തിലും തെലുങ്കിലും പല ചിത്രങ്ങളിലും നായികയായി നിരോഷ അഭിനയിച്ചിട്ടുണ്ട്. നടി രാധിക ശരത് കുമാറിന്‍റെ ഇളയ അനിയത്തിയായ നിരോഷ നടന്‍ റാംകിയെ 1995 ല്‍ വിവാഹം കഴിച്ചതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 

എന്നാല്‍ അടുത്തിടെ രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലൂടെ കുറേക്കാലത്തിന് ശേഷം നിരോഷ തിരിച്ചുവരുകയാണ്. അതിനിടെയാണ് നിരോഷയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പുറത്തുവരുന്നത്. 

തന്‍റെ വീട്ടില്‍ മോഷണം നടന്നു എന്ന പരാതിയുമായി ചെന്നൈയിലെ തേനംപേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് നിരോഷ. വീട്ടിന്‍റെ ആധാരം അടക്കം രേഖകള്‍ മോഷണം പോയെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിരോഷയും ഭര്‍ത്താവ് റാംകിയും താമസിക്കുന്ന തേനംപേട്ടിലെ ജെമിനി ഹൌസിംഗ് കോംപ്ലക്സിലെ ഇവരുടെ അപ്പാര്‍ട്ട്മെന്‍റിലാണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നിരോഷയുടെയും ഭര്‍ത്താവിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വീട്ടുകാര്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരുകയാണെന്നാണ് പൊലീസ് പറയുന്നത്. 

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സൂപ്പര്‍താരം രജനികാന്തിന്‍റെ മകള്‍ ഐശ്വര്യയുടെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് വീട്ടുജോലിക്കാര്‍ പിടിയിലായിരുന്നു. 

80കളിലും 90കളിലും തമിഴ് സിനിമയിലെ മുൻനിര നടിയായിരുന്നു നിരോഷ. 1988 ൽ പുറത്തിറങ്ങിയ 'അഗ്നി നക്ഷത്രം' എന്ന ചിത്രത്തിലൂടെ നായികയായി നിരോഷ അരങ്ങേറ്റം കുറിച്ചത്. ഇതിനെ തുടർന്ന് സുരസംകാരം, സെന്തുരപൂവേ, പാണ്ഡ്യ നാട്, തങ്കം തുടങ്ങി 50-ലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. വിവാഹ ശേഷമാണ് ഇവര്‍ അഭിനയ രംഗത്ത് സജീവമല്ലാതായത്. എന്നാല്‍ ക്യാരക്ടര്‍ റോളുകളില്‍ സാന്നിധ്യം അറിയിച്ചിരുന്നു. 

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ താൻ കൂടുതൽ ഇമോഷണലാകാറുണ്ട്; അനുഭവം പങ്കിട്ട് ഗൗരി കൃഷ്ണൻ

ഇന്ന് ജയിലര്‍ ലാസ്റ്റ് ഷോ; പാലയിലെ തീയറ്ററില്‍ സിനിമ കാണാന്‍ ഓടിയെത്തി ചാണ്ടി ഉമ്മന്‍.!

Asianet News Live