Asianet News MalayalamAsianet News Malayalam

'ഇഷ്ടമായില്ലെങ്കിൽ അങ്ങോട്ട് നോക്കാതിരുന്നാൽ പോരേ': രൺവീറിന് പിന്തുണയുമായി വിദ്യാ ബാലൻ

രൺവീറിന്റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്നം എന്നും ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടതെന്നും വിദ്യാ ബാലൻ ചോദിക്കുന്നു.

actress vidya balan support ranveer singh for nude photoshoot controversy
Author
Mumbai, First Published Jul 29, 2022, 10:32 PM IST

താനും ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ (Ranveer Singh) നഗ്ന ഫോട്ടോഷൂട്ട് (Nude Photoshoot) ചിത്രങ്ങൾ പുറത്തുവന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളിലും ബോളിവുഡിന് അകത്തും പുറത്തും ഇത് ചർച്ചകൾക്ക് വഴിവച്ചു. രൺവീറിനെ അനുകൂലിച്ചു കൊണ്ട് ഒരുവിഭാ​ഗവും പ്രതികൂലിച്ച് കൊണ്ട് മറ്റൊരു വിഭാ​ഗവും രം​ഗത്തെത്തി. ഒടുവിൽ താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ രൺവീറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി വിദ്യാ ബാലൻ(Vidya Balan). 

രൺവീറിന്റെ ഫോട്ടോഷൂട്ടിൽ എന്താണ് പ്രശ്നം എന്നും ഒരാൾ ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ അത് ആസ്വദിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടതെന്നും വിദ്യാ ബാലൻ ചോദിക്കുന്നു. മറാഠി ചലച്ചിത്ര പുരസ്കാരത്തിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു വിദ്യ. 

 “ആ ഫോട്ടോഷൂട്ടിൽ ഒരുപ്രശ്നവും ഞാൻ കാണുന്നില്ല. ഒരുപക്ഷേ എഫ്‌ഐആർ ഫയൽ ചെയ്ത ആളുകൾക്ക് കാര്യമായ ജോലിയൊന്നുമുണ്ടാകില്ല. അതുകൊണ്ടാണ് ഈ കാര്യങ്ങളിൽ സമയം കളയുന്നത്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെന്തെങ്കിലും കാര്യം ചെയ്താൽ മതി. ഫോട്ടോകൾ കണ്ട് ആർക്കെങ്കിലും വിഷമം തോന്നിയാൽ അവരത് നോക്കാതിരുന്നാൽ പോരെ", എന്നാണ് വിദ്യാ ബാലൻ ചോദിക്കുന്നത്. 

കഴിഞ്ഞ ദിവസം രൺവീറിനെ പിന്തുണച്ച് കൊണ്ട്  കശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്‌നിഹോത്രിയും രംഗത്തെത്തിയിരുന്നു. 'വളരെ മണ്ടത്തരമായ എഫ്‌ഐആർ ആണ്. ഒരു കാരണവുമില്ലാതെ ശ്രദ്ധ നേടുന്ന രസകരമായ ഒരു കേസാണിത്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് എഫ്‌ഐആറിൽ എഴുതിയിരിക്കുന്നത്. ഇനി പറയൂ, ഇത്രയധികം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വരുമ്പോൾ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? ഇത് വെറും മണ്ടൻ വാദമാണ്', എന്നാണ് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്. 

രണ്‍വീറിന്‍റെ നഗ്ന ചിത്രങ്ങള്‍; ചര്‍ച്ചകള്‍ അവശേഷിപ്പിക്കുന്നത്

ജൂലൈ 21നാണ് രൺവീറിന്റെ ന​ഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രം​ഗത്തെത്തിയിരുന്നു. ശേഷമാണ് താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. എൻജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്. 

1972-ൽ കോസ്‌മോപൊളിറ്റൻ മാസികയ്‌ക്കായി ബർട്ട് റെയ്‌നോൾഡ്‌സിന്‍റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്‍റെ ഫോട്ടോഷൂട്ട്. ’ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. 

Follow Us:
Download App:
  • android
  • ios