അജിത് കുമാറിന്റെ 64-ാമത് ചിത്രം AK64 നെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. 2026 ഏപ്രിൽ-മെയ് മാസങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർതാരം അജിത് കുമാറിന്റെ 64-ാമത് ചിത്രം AK64 സംബന്ധിച്ച് പുതിയ പ്രഖ്യാപനത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. എക്സില്‍ വരുന്ന സൂചനകള്‍ പ്രകാരം ചിത്രത്തിനെക്കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. എന്നാല്‍ പൊതുവില്‍ ഈ വര്‍ഷം തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം.
അജിത് കുമാറിന്റെ മുൻ ചിത്രമായ ഗുഡ് ബാഡ് അഗ്ലി അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു. 2025 ഏപ്രിൽ 10-ന് തിയേറ്ററുകളിൽ എത്തിയ മാസ്-ആക്ഷൻ എന്റർടെയ്‌നർ വലിയ വിജയം നേടിയിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് അജിതിന്റെ അടുത്ത പ്രോജക്ടായ AK64 നെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചർച്ചകളും സജീവമായത്.
2025-ന്റെ തുടക്കം മുതൽ, ഈ ചിത്രത്തിന്റെ സംവിധായകൻ, നിർമാതാക്കൾ, അഭിനേതാക്കൾ, ഷൂട്ടിംഗ് ഷെഡ്യൂൾ എന്നിവയെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തുവന്ന അജിത്തിന്‍റെ ഒരു അഭിമുഖ പ്രകാരം അടുത്ത ചിത്രം 2025 നവംബറില്‍ ഉണ്ടാകും എന്നാണ് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. AK64
ഒരു ക്വിക്ക് പ്രൊജക്ട് ആയിരിക്കും എന്നാണ് എക്സിലെ ചില അജിത്ത് ഫാന്‍ പേജുകള്‍ പറയുന്നത്. കാറോട്ട സീസണിനായി തയ്യാറെടുക്കുന്ന ഇടവേളയില്‍ വേഗം ഈ പ്രൊജക്ട് തീര്‍ക്കാനാണ് അജിത്തിന് താല്‍പ്പര്യം എന്നാണ് വിവരം. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സ്, സണ്‍ പിക്ചേര്‍സ് എന്നിവരുടെ പേരാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നും കേള്‍ക്കുന്നത്.
ചിത്രം സംവിധാനം ആര് ചെയ്യും എന്ന ചോദ്യത്തിന് പല സംവിധായകരുടെ പേരാണ് കേള്‍ക്കുന്നത്. ഇതില്‍ സാധ്യതയുള്ളവര്‍ സിരുത്തൈ ശിവ, വെങ്കട് പ്രഭു, കാർത്തിക് സുബ്ബരാജ് എന്നിവരാണ് എന്നാണ് ചില അഭ്യൂഹങ്ങള്‍. തന്‍റെ പതിവ് അനുസരിച്ച് വീണ്ടും ആധിക് രവിചന്ദ്രനൊപ്പം അജിത്ത് സിനിമ ചെയ്തേക്കും എന്നും വിവരമുണ്ട്.
ജൂലൈ ആദ്യവാരത്തിലോ, രണ്ടാം വാരത്തിലോ ചിത്രം പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. 2026 ഏപ്രിൽ മെയ് സമ്മര്‍ വെക്കേഷന്‍ ലക്ഷ്യമാക്കിയാകും ചിത്രം എത്തുക എന്നാണ് വിവരം.