നന്ദമുരി ബാലകൃഷ്ണയുടെ അഖണ്ഡ 2 ന്റെ ടീസർ പുറത്തിറങ്ങി. മാസ് ആക്ഷൻ രംഗങ്ങൾക്കൊപ്പം വിഎഫ്എക്സ് ട്രോളുകളും സൃഷ്ടിച്ചു. ആരാധകർ ആവേശത്തിലാണെങ്കിലും വിമർശനങ്ങളും ഉയരുന്നുണ്ട്.
കൊച്ചി: തെലുങ്ക് സിനിമയിലെ മാസ് നായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രം ‘അഖണ്ഡ 2’ന്റെ ടീസർ ജൂൺ 9നാണ് പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ 65-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ബോയപട്ടി ശ്രീനുവിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ടീസര്‍ വന്നതിന് പിന്നാലെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുകയാണ്. ടീസറിലെ അതിശയോക്തി നിറഞ്ഞ രംഗങ്ങള്‍ ഇതിനകം തന്നെ പതിവ് പോലെ ട്രോളാകുന്നുണ്ട്.
2021-ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ വൻ വിജയത്തിന് പിന്നാലെയാണ് ‘അഖണ്ഡ 2’ പ്രഖ്യാപിച്ചത്. ടീസറിൽ ബാലകൃഷ്ണയുടെ മാസ് കാഴ്ച തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. വന്‍ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ടീസറില്‍.
എന്നാൽ, ചില രംഗങ്ങൾ അമിതമായ ‘ക്രിഞ്ച്’ ആണെന്നും വിഎഫ്എക്സിന്റെ ഗുണനിലവാരം നിരാശപ്പെടുത്തുന്നതാണെന്നും വിമർശിക്കുന്നവരും സോഷ്യൽ മീഡിയയിൽ ഉണ്ട്. ഒപ്പം ട്രോളുകളും നിറയുന്നുണ്ട്.“ഇതിനേക്കാൾ ഭേദമാണ് ഭോജ്പുരി സിനിമകൾ പോലും” എന്നാണ് ഒരു എക്സ് ഉപയോക്താവിന്റെ കമന്റ്.
മറുവശത്ത്, ബാലകൃഷ്ണയുടെ ആരാധകർ ടീസറിനെ “മാസ്” എന്ന് വിശേഷിപ്പിച്ച് ആവേശത്തോടെ സ്വീകരിക്കുന്നുമുണ്ട്. “ബാലയ്യ കത്തിക്കയറി!” എന്നും “അഖണ്ഡ താണ്ഡവം തിയേറ്ററുകളിൽ തകർക്കും!” എന്നും ആരാധകർ എക്സിൽ കുറിച്ചു.
ടീസറിലെ വർണ്ണാഭമായ ദൃശ്യങ്ങളും അതിശക്തമായ ആക്ഷൻ രംഗങ്ങളും ബാലയ്യ ആരാധകർക്ക് പതിവ് ആവേശം പകർന്നു. ‘അഖണ്ഡ 2’ 2025 സെപ്റ്റംബർ 25-ന് ദസറ ആഘോഷത്തോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ബാലകൃഷ്ണയുടെ സാന്നിധ്യവും ബോയപട്ടി ശ്രീനുവിന്റെ പതിവ് മാസ് മസാല ശൈലിയും ചേർന്ന് ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ, ടീസറിനെതിരെ വിഎഫ്എക്സില്‍ അടക്കം ഉയർന്ന വിമർശനങ്ങൾ ചിത്രത്തിന്റെ റിലീസിന് മുമ്പ് അണിയറപ്രവർത്തകർ പരിഗണിക്കേണ്ടതുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍.


