തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. ഒരിക്കലെങ്കിലും അല്ലുവിനെ കാണാൻ എല്ലാവരും ആ​ഗ്രഹിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഓട്ടോ​ഗ്രാഫ് വേണമെന്ന കുട്ടി ആരാധകന് സർപ്രൈസ് നൽകിയിരിക്കുകയാണ്  അല്ലു. 

ഹൈദരാബാദിലെ അനാഥാലയത്തിൽ കഴിയുന്ന സമീറിനാണ് പ്രിയതാരത്തിൽ നിന്ന് സർപ്രൈസ് ലഭിച്ചത്. ക്രിസ്മസ് സമ്മാനമായി അല്ലു അർജുന്റെ ഓട്ടോഗ്രാഫ് സമ്മാനമായി കിട്ടണമെന്ന് സമീർ വല്ലാതെ ആഗ്രഹിച്ചിരുന്നു. സമീറിന്റെ ആഗ്രഹമറിഞ്ഞ താരം പിന്നെ ഒട്ടും വൈകിയില്ല, ഓട്ടോഗ്രാഫും കൈനിറയെ സമ്മാനങ്ങളുമായി സ്വന്തം മകനെ സമീർ താമസിക്കുന്ന അനാഥാലയത്തിലേക്ക് അയക്കുകയായിരുന്നു.

നടി വിഥിക ഷേരുവാണ് സമീറിന്റെ ആഗ്രഹം അല്ലുവിനെ അറിയിച്ചത്. അനാഥാലയത്തിലെ കുട്ടികൾക്കായി സീക്രട്ട് സാന്റ വീഡിയോ വിഥിക ഒരുക്കിയിരുന്നു. ഈ വീഡിയോയിൽ സമീറിനോട് ക്രിസ്മസ് സമ്മാനമായി എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ മറുപടി അല്ലുവിന്റെ ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു.

പിന്നാലെ ഡിസംബർ 17ന് വിഥിക ട്വിറ്ററിലൂടെ സമീറിന്റെ ആവശ്യം അല്ലുവിനെ അറിയിച്ചു. സമീറിന്റെ ആഗ്രഹം അറിഞ്ഞ താരം ഒട്ടും വൈകാതെ ഭാര്യ സ്നേഹയ്ക്കൊപ്പം ചേർന്ന് സമീറിനായി ഓട്ടോഗ്രാഫും അനാഥാലയത്തിലെ മുഴുവൻ കുട്ടികൾക്കും ക്രിസ്മസ് സമ്മാനവും ഒരുക്കി. 

സമ്മാനങ്ങൾ നൽകാനായി തന്റെ മകൻ അല്ലു അയാനെ അനാഥാലയത്തിലേക്ക് അയക്കുകയും ചെയ്തു. അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ഏറെ നേരം കളിയും വർത്തമാനങ്ങളും കഴിഞ്ഞാണ് അയാൻ തിരികേ പോയത്. ഇതിന്റെ വീഡിയോ വൈറലാകുകയാണ്.