സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ പറയുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും ഏറെ ശ്രദ്ധനേടി. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ബൊമ്മിയെന്നാണ് അപര്‍ണ പറഞ്ഞത്. ഇപ്പോഴിതാ അപർണയുടെഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

'സൂരറൈ പോട്രിനെ സ്വീകരിച്ചതിന് നന്ദി. ബൊമ്മി സ്വീകരിച്ചതിന് നന്ദി. ബൊമ്മി യാഥാർഥ്യമാക്കാൻ ശ്രമിച്ച എല്ലാവർക്കും നന്ദി‍‍‍',എന്നാണ് അപർണ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. പോസ്റ്റിന് പിന്നാലെ കമന്റുമായി താരങ്ങളും എത്തി. പേളി മാണി, മന്യ, അനുപമ പരമേശ്വരൻ, കല്യാണി പ്രിയദർശൻ, അശ്വതി ശ്രീകാന്ത് തുടങ്ങിയ താരങ്ങളാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്.  

നിരവധി പേരാണ് ചിത്രത്തിലെ അപർണയുടെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് ഓരോദിവസവും രം​ഗത്തെത്തുന്നത്. 
ഞാൻ ചെയ്‍ത രംഗങ്ങള്‍ ഏതെങ്കിലും സംവിധായികയെ സന്തോഷിപ്പിച്ചുണ്ടെങ്കില്‍ സൂര്യ സർ ആയിരുന്നു ഒപ്പം അഭിനയിക്കാൻ ഉണ്ടായിരുന്നത് എന്നതുകൊണ്ടാണ്. അദ്ദേഹം ഒരു നല്ല വ്യക്തിയാണ്, ഒപ്പം അഭിനയിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ആളാണ്. അങ്ങനെയാണ് എനിക്ക് മികച്ചതായി ചെയ്യാൻ കഴിഞ്ഞത്. മധുര ഭാഷയിൽ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. സഹതാരങ്ങളോടുള്ള സൂര്യ സാറിന്റെ പെരുമാറ്റം പ്രചോദനമാണ് എന്നാണ് അപര്‍ണ ബാലമുരളി നേരത്തെ പറഞ്ഞത്.