ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണ് മാലിക്. 

ഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ചിത്രമാണ് 'മാലിക്'. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വലിയ രീതിയിലുള്ള ചർച്ചയാണ് സിനിമയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ നടന്നത്. മാലിക്കില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. റിലീസിന് പിന്നാലെ ചിത്രത്തിലെ സകരമായ നിമിഷങ്ങൾ വിനയ് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഷെയർ ചെയ്ത നിമിഷയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

നിമിഷയുടെയും വിനയ് ഫോര്‍ട്ടിന്റെയും പിതാവിന്റെ വേഷം അവതരിപ്പിച്ച താരത്തെ തല്ലുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ അപ്പനെ തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം’ എന്നാണ് വിനയ് വീഡിയോക്ക് നല്‍കിയ ക്യാപ്ഷൻ.

ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണ് മാലിക്. മെയ് 13 എന്ന റിലീസ് തീയതിയാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അത് നടക്കാതെപോയി. കൊവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.

അതേസമയം, ആമസോണ്‍ റിലീസ് ആയതിനാല്‍ വലിയൊരു തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് നഷ്ടമായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആന്‍റോ ജോസഫ് ആണ് മാലിക്കിന്‍റെ നിര്‍മ്മാതാവ്. തിരക്കഥ, സംവിധാനം, എഡിറ്റിംഗ് മഹേഷ് നാരായണന്‍.

ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി ഫഹദ് 15 കിലോ ശരീരഭാരം കുറച്ചിരുന്നു. 2019 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രാഹകന്‍. സംഗീതം സുഷിന്‍ ശ്യാം. നൃത്തസംവിധാനം ഷോബി പോള്‍രാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജിമോന്‍ വി പി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona