Asianet News MalayalamAsianet News Malayalam

മുണ്ടുടുത്ത് ആര്‍എക്സ് 100ല്‍ ആസിഫ് അലി; അമ്പരന്ന് നാട്ടുകാര്‍: വീഡിയോ

ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്‍റെ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ഷൂട്ടിംഗിന്‍റെ ഭാഗമായിരുന്നു ആസിഫിന്‍റെ ഈ ബൈക്ക് സഞ്ചാരം

asif ali riding rx 100 bike viral video
Author
Thiruvananthapuram, First Published Dec 29, 2020, 8:29 PM IST

മുണ്ടും ഒരു ഫുള്‍ സ്ലീവ് ഷര്‍ട്ടും വേഷം. തോളില്‍ ഒരു ക്രോസ് ബാഗ്. പഴയ ആര്‍എക്സ് 100 ബൈക്കില്‍ റോഡിലൂടെ പോകുന്ന ചെറുപ്പക്കാരനെ കണ്ടവര്‍ ഒന്ന് അമ്പരന്നു. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയതാരം ആസിഫ് അലി ആയിരുന്നു അത്. എന്നാല്‍ ആസിഫ് ബൈക്കില്‍ വെറുതെ സഞ്ചരിക്കുകയായിരുന്നില്ല, മറിച്ച് ആ യാത്ര ഒരു സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായിരുന്നു.

ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്‍റെ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ഷൂട്ടിംഗിന്‍റെ ഭാഗമായിരുന്നു ആസിഫിന്‍റെ ഈ ബൈക്ക് സഞ്ചാരം. ആസിഫിന്‍റെ ബൈക്കോടിക്കല്‍ പകര്‍ത്തിക്കൊണ്ട് മുന്നില്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്ന ക്യാമറ ക്രൂവിനെയും വീഡിയോയില്‍ കാണാം. ആസിഫ് അലിയുടെ ഒരു ഫാന്‍ പേജ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു.

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ്  സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. രജിഷ വിജയന്‍ ആണ് നായിക. നേരത്തെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രത്തില്‍ ആസിഫും രജിഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios