സൽമാൻ വൈകിയത് മണിക്കൂറുകള്‍, ഷൂട്ടിന് നില്‍ക്കാതെ പങ്കെടുക്കാതെ അക്ഷയ് സെറ്റ് വിട്ടു; പിന്നീട് വിശദീകരണം
ബിഗ് ബോസ് 18 ഫിനാലെയിൽ അക്ഷയ് കുമാർ, സൽമാൻ ഖാൻ വൈകിയെത്തിയതിനെത്തുടർന്ന് പരിപാടി ഉപേക്ഷിച്ചു. കൃത്യസമയത്ത് എത്താത്തതിനാൽ അക്ഷയ് കുമാർ പരിപാടി ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്.

മുംബൈ: ഞായറാഴ്ച ബിഗ് ബോസ് 18 ന്‍റെ ഗ്രാൻഡ് ഫിനാലെയിൽ സൽമാൻ ഖാനും അക്ഷയ് കുമാറും ഒന്നിച്ച് വേദിയില് എത്തുമെന്നാണ് പരസ്യം ചെയ്തിരുന്നത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും റിയാലിറ്റി ഷോയുടെ വേദിയിൽ രണ്ട് താരങ്ങളും ഒരുമിച്ച് എത്തിയില്ല. ഫിനാലെ എപ്പിസോഡില്‍ അക്ഷയ് വിശിഷ്ടാതിഥിയായി എത്തേണ്ടതായിരുന്നു, എന്നാൽ റിപ്പോർട്ടുകൾ പ്രകാരം അക്ഷയ് കുമാര്‍ ഷൂട്ടിനായി എത്തിയിട്ടും സല്‍മാന്‍ ഖാന്‍ കൃത്യ സമയത്ത് എത്താത്തതിനാല്‍ അക്ഷയ് പരിപാടി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.
കൃത്യനിഷ്ഠയ്ക്ക് പേരുകേട്ട അക്ഷയ്, സൽമാനുമൊത്തുള്ള ഫിനാലയിലെ സെഗ്‌മെന്‍റ് ഷൂട്ട് ചെയ്യുന്നതിന് ഉച്ചയ്ക്ക് 2:15 ന് ഷെഡ്യൂൾ ചെയ്ത സമയത്ത് ബിഗ് ബോസ് 18 സെറ്റിൽ എത്തി. എന്നാല്‍ ഒരു മണിക്കൂറിലധികം കാത്തിരുന്നിട്ടും സല്‍മാന്‍ ഖാന്‍ എത്താതയതോടെ അക്ഷയ് സെറ്റ് വിടുകയായിരുന്നു. വൈകിട്ട് ആറരയോടെയാണ് സൽമാൻ സെറ്റിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അക്ഷയും സൽമാനും ഫോണിൽ സംസാരിക്കുകയും തമ്മില്‍ ധാരണയായ ശേഷമാണ് അക്ഷയ് സെറ്റ് വിട്ടത് എന്നാണ് വിവരം. തന്‍റെ പുതിയ ചിത്രമായ സ്കൈ ഫോര്‍സിന്‍റെ പ്രമോഷന്‍ പരിപാടിക്കാണ് അക്ഷയ് ബിഗ് ബോസ് ഫിനാലെയില്‍ പങ്കെടുക്കാന്‍ എത്തിയത്. അതേ സമയം സ്കൈ ഫോര്‍സിലെ മറ്റൊരു താരമായ വീർ പഹാരിയ ഫിനാലെ എപ്പിസോഡില്‍ പങ്കെടുത്തു.
സ്കൈ ഫോര്‍സ് പ്രമോഷനിടെ പിന്നീട് അക്ഷയ് കുമാര്‍ സംഭവം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. "ഞാൻ മറ്റൊരു കാര്യം ഏറ്റിരുന്നു അതിന് പോകാന്‍ തന്നെ വൈകി. ഞാൻ സൽമാനുമായി സംസാരിച്ചിരുന്നു, അദ്ദേഹം വ്യക്തിപരമായ ചില കാര്യങ്ങളാലാണ് വൈകിയത് എന്ന് മനസിലായി. ഏകദേശം 40 മിനിറ്റ് വൈകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പക്ഷേ എനിക്ക് ചില ഏറ്റ പരിപാടികള്‍ ഉണ്ടായിരുന്നതിനാൽ എനിക്ക് പോകേണ്ടിവന്നു." അക്ഷയ് കുമാര്‍ പറഞ്ഞു.
അതേ സമയം ഷോയില്‍ തന്നെ സല്‍മാന്‍ ഖാന്‍ ഈ കാര്യം വ്യക്തമാക്കിയിരുന്നു. എന്തായാലും ഈ വിഷയത്തില്‍ താരങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
'നിങ്ങൾക്ക് ഒരു പുതിയ കാമുകി ആയോ?': ആമിര്‍ ഖാനോട് സല്‍മാന്‍ ഖാന്‍, ഉത്തരം ഇങ്ങനെ