ബൈക്ക് റേസിങ്ങിനോട് അഭിനിവേശമുള്ള താരമാണ് അജിത്ത് കുമാര്‍. നായകനാവുന്ന സിനിമകളില്‍ അത്തരം രംഗങ്ങള്‍ പലപ്പോഴും ഉള്‍പ്പെടുത്താറുമുണ്ട് അദ്ദേഹം. സിനിമയ്ക്ക് പുറത്തെ 'തല'യുടെ ചില റേസിംഗ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി പ്രചരിച്ചിട്ടുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന 'വലിമൈ'യുടെ ലൈക്കേഷനില്‍ നിന്നും ബൈക്ക് സ്റ്റണ്ടിംഗിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ രണ്ട് തവണ പുറത്തെത്തിയിരുന്നു. ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്കേറ്റതായ വാര്‍ത്ത ആദ്യം ഫെബ്രുവരിയിലാണ് എത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങള്‍ നിര്‍ത്തിവച്ച ചിത്രീകരണം പുനരാരംഭിച്ചതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും സമാനമായ വാര്‍ത്തയെത്തി. ബൈക്ക് സ്റ്റണ്ടിനിടെ അജിത്തിന് പരുക്കേറ്റതിനെത്തുടര്‍ന്ന് ഹൈദരാബാദില്‍ നടന്നിരുന്ന ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്നുവെന്ന്. എന്നാല്‍ ഇപ്പോഴിതാ 'വലിമൈ'യ്ക്കുവേണ്ടി അജിത്ത് ബൈക്കില്‍ ചിത്രീകരിച്ച രംഗങ്ങളുടെ ചില സ്റ്റില്ലുകള്‍ പുറത്തെത്തിയിരിക്കുകയാണ്. എത്തി ഏറെ വൈകാതെതന്നെ ട്വിറ്ററില്‍ ചിത്രം ട്രെന്‍ഡിംഗ് ആവുകയും ചെയ്തു.

 

ഒരു സൂപ്പര്‍ ബൈക്കിലിരുന്ന് അജിത്ത് വീലിംഗ് ചെയ്യിക്കുന്നതിന്‍റെ ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്. റേസിംഗ് കിറ്റ് എല്ലാം അണിഞ്ഞ് ബൈക്കോടിക്കുന്ന അജിത്തിന്‍റെ ചിത്രം വൈറല്‍ ആയതിനു പിന്നാലെ ബൈക്ക് ഏതാണെന്നും വില എന്താണെന്നുമൊക്കെയുള്ള വിവരങ്ങള്‍ ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡ് ആയ എംവി അഗൂസ്റ്റയുടെ ബ്രൂട്ടേല്‍ 800 എന്ന ബൈക്കാണ് 'വലിമൈ'യില്‍ അജിത്ത് ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ 15 ലക്ഷത്തിലേറെ വില വരുന്ന ബൈക്ക് ആണിത്.

 

നേരത്തെ ആരംഭം, വിവേകം തുടങ്ങിയ പല ചിത്രങ്ങളിലും അജിത്ത് ബൈക്ക് ചേസിംഗ് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പെര്‍ഫെക്ഷനുവേണ്ടി അത്തരം രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് അദ്ദേഹം പങ്കെടുക്കാറ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. ഒരു പൊലീസ് ത്രില്ലര്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.