തുടര്‍ച്ചയായ ദിവസങ്ങളില്‍ സംഭവിച്ച രണ്ട് പ്രിയതാരങ്ങളുടെ വിയോഗത്തിന്‍റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാലോകം. ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനുമൊപ്പമുള്ള വ്യക്തിപരമായ അനുഭവം, മലയാളത്തിലും പല താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഋഷി കപൂറിനെ അനുസ്മരിക്കുകയാണ് മലയാളത്തിലെ കുട്ടിത്താരം മീനാക്ഷി എന്ന അനുനയ അനൂപ്.

ഋഷി കപൂറിന്‍റെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് പറയുകയാണ് മീനാക്ഷി. ജീത്തു ജോസഫ് സംവിധാനം ചെയ്‍ത ബോളിവുഡ് ചിത്രം ദി ബോഡി (2019)യിലാണ് മീനാക്ഷി ഋഷി കപൂറിനൊപ്പം അഭിനയിച്ചത്. ഹിന്ദി ഭാഷ ഒട്ടും അറിയാതിരുന്ന തനിക്ക് സെറ്റില്‍ അദ്ദേഹം വേണ്ട പിന്തുണ നല്‍കിയെന്ന് പറയുന്നു മീനാക്ഷി. ഋഷി കപൂറിനൊപ്പമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാമിലൂടെ മീനാക്ഷി പങ്കുവച്ചിട്ടുണ്ട്.

"എനിക്കും മകളായി അഭിനയിയ്ക്കാനുള്ള (The Body - 2019) വലിയൊരു ഭാഗ്യം ഉണ്ടായി. ഒട്ടും ഹിന്ദി അറിയാതിരുന്ന എനിക്ക് ഒത്തിരി സ്നേഹത്തോടെയും ഏറ്റവും നല്ലൊരു സപ്പോർട്ടും ഒക്കെയായിരുന്നു അങ്കിള്.. ഒത്തിരി സങ്കടം തോന്നുന്നു.. പ്രണാമം", മീനാക്ഷി കുറിച്ചു.

ജീത്തു ജോസഫിന്‍റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ദി ബോഡി. മലയാളത്തില്‍ വന്‍ വിജയം നേടിയ ദൃശ്യം നേരത്തെ ബോളിവുഡില്‍ റീമേക്ക് ചെയ്യപ്പെട്ടെങ്കിലും സംവിധാനം ജീത്തു ആയിരുന്നില്ല. മിസ്റ്ററി ത്രില്ലര്‍ ചിത്രമായ ബോഡിയില്‍ ഋഷി കപൂറിനൊപ്പം ഇമ്രാന്‍ ഹാഷ്മി, ശോഭിത ധൂലിപാല, അനുപം ഭട്ടാചാര്യ തുടങ്ങിയവരും അഭിനയിച്ചു.