നൃത്തത്തിനുവേണ്ടി സിനിമയെ കുറേയേറെ മാറ്റിനിര്‍ത്തിയിരിക്കുകയാണ് ഏറെക്കാലമായി ശോഭന. നൃത്ത പരിശീലനത്തിനൊപ്പം കൃഷ്‍ണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നുമുണ്ട് ഇപ്പോള്‍. ലോക്ക് ഡൗണിന്‍റെ സമയത്ത് താനും വിദ്യാര്‍ഥികളും അവരവരുടെ വീടുകളിലാണെങ്കിലും പരിശീലനം മുടക്കുന്നില്ലെന്നും കലയിലൂടെ തങ്ങള്‍ അടുപ്പം നിലനിര്‍ത്തുന്നുണ്ടെന്നും ശോഭന. തന്‍റെ യുട്യൂബ് ചാനലിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ശോഭന. ലോക്ക് ഡൗണിനിടെ വീട്ടുജോലികള്‍ക്കൊപ്പം നൃത്തം പരിശീലിക്കുന്നതിന്‍റെയാണ് വീഡിയോ. ശോഭനയ്ക്കൊപ്പം കൃഷ്‍ണയിലെ വിദ്യാര്‍ഥികളും രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എത്തുന്നുണ്ട്.

അതേസമയം ഒരിടവേളയ്ക്കു ശേഷം ശോഭന മലയാള സിനിമയിലേക്കു തിരിച്ചെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ മകള്‍ക്കൊപ്പം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ നീന എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. തീയേറ്ററുകളില്‍ വിജയം നേടിയ ചിത്രം നെറ്റ്ഫ്ളിക്സിലും എത്തുന്നുണ്ട്. നാളെയാണ് സ്ട്രീമിംഗ് ആരംഭിക്കുക.