ധാരാളം ആരാധകരുള്ള ബോളിവുഡ് താരമാണ് ദീപിക പദുകോണ്‍.  ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രം 'ഛപാക്' തിയറ്ററുകളിലെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയകളിൽ ട്രെന്‍ഡിങ്ങായി നില്‍ക്കുകയാണ് ദീപിക. താര ജാഡയില്ലാതെ തന്റെ ആരാധകരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന വ്യക്തിത്വം കൂടിയാണ് ദീപിക. അത്തരത്തിൽ ദീപിക ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

തന്റെ കുട്ടി ആരാധകർക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റാ​ഗ്രാമിൽ ദീപിക പങ്കുവച്ചിരിക്കുന്നത്. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ ദീപികയെ കെട്ടിപിടിച്ചാണ് കുട്ടികള്‍ സ്‌നേഹം പങ്കുവെച്ചത്. കുട്ടികളെ കെട്ടിപിടിച്ചും സെല്‍ഫികളെടുത്തും ദീപികയും അവരോടൊപ്പം കൂട്ടുകൂടി. 'ജീവിതത്തിന്റെ സന്തോഷങ്ങൾ' എന്ന കുറിപ്പോടുകൂടിയാണ് ദീപിക ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

നേരത്തെ ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദീപിക രം​ഗത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ പ്രതിഷേധങ്ങളുമായി രം​ഗത്തെത്തിയത്. ഛപാക് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. എന്നാൽ, ദീപികയെ അനുകൂലിച്ചുകൊണ്ടും നിരവധി പേർ രം​ഗത്തെത്തി.

ആസിഡ് ആക്രമണത്തെ അതിജിവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ഛപാക് എന്ന സിനിമ. മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.