മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന ആദ്യത്തെ വനിതയാണ് ദില്‍ഷ പ്രസന്നന്‍

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ എന്നും ഓര്‍ത്തിരിക്കുന്നൊരു സീസണായിരിക്കും സീസണ്‍ 4. ഷോ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ഷോയിലുണ്ടായിരുന്നവരെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും അവസാനിച്ചിട്ടില്ല. ഷോയില്‍ വച്ച് തുടങ്ങിയ ചില അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊക്കെ ചില മത്സരാര്‍ഥികള്‍ക്കിടയില്‍ ഇപ്പോഴും തുടരുന്നുണ്ട്. അത് അവരുടെ ആരാധകരും ഏറ്റുപിടിക്കാറുണ്ട്. ഇപ്പോഴിതാ ഷോയിലെ ടൈറ്റില്‍ വിജയിയായ ദില്‍ഷ പ്രസന്നന്‍ പുതുതായി പങ്കുവച്ച ക്രിസ്മസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയും വ്യത്യസ്ത അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലാണ്.

പശ്ചാത്തലം പോലെ ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങളില്‍ ദില്‍ഷ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ഗ്ലാമര്‍ സ്വഭാവം ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുന്നുണ്ട്. ബിഗ് ബോസില്‍ അച്ചടക്കമുള്ള കുട്ടി ഇമേജ് ആയിരുന്നു ദില്‍ഷയ്ക്ക് എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വസ്ത്രം എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നും മറ്റാര്‍ക്കും അതില്‍ കൈ കടത്താന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നവരുമുണ്ട്. ദില്‍ഷ ഒരു പ്രൊഫഷണല്‍ മോഡലാണെന്നും തന്റെ ജോലിയുടെ ഭാഗമായി പല തരത്തിലുള്ള വസ്ത്രവും അവര്‍ ധരിക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 

ALSO READ : ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനം; 'ക്രിസ്റ്റഫര്‍' അപ്ഡേറ്റ് പ്രഖ്യാപിച്ച് മമ്മൂട്ടി

View post on Instagram

മലയാളം ബിഗ് ബോസില്‍ കിരീടം നേടുന്ന ആദ്യത്തെ വനിതയാണ് ദില്‍ഷ പ്രസന്നന്‍. ബിഗ് ബോസിന് ശേഷം ഇപ്പോള്‍ മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ. ഏഷ്യാനെറ്റില്‍ തന്നെ സംപ്രേഷണം ചെയ്യുന്ന ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന ഷോയിലാണ് ദില്‍ഷ ഇപ്പോള്‍ പങ്കെടുക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ ആരംഭിച്ച താരം കൂടിയാണ് ദില്‍ഷ. മറ്റൊരു ബിഗ് ബോസ് താരമായ ബ്ലെസ്ലിയും പുതിയ ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ട് എന്നത് ബിഗ് ബോസ് ആരാധകരെ സംബന്ധിച്ചും താല്‍പര്യം ഉണര്‍ത്തുന്ന ഘടകമാണ്.