ദൃശ്യം 3-ന്റെ ചിത്രീകരണത്തിനിടെ, മോഹൻലാൽ അയച്ച വാട്സ്ആപ്പ് ചാറ്റ് നടി എസ്തർ അനിൽ പങ്കുവച്ചു. എസ്തറിന്റെ മടിയിൽ കുരങ്ങിരിക്കുന്ന എഡിറ്റഡ് ചിത്രത്തിന് "ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്" എന്ന് മോഹൻലാൽ അടിക്കുറിപ്പ് നൽകി.
ബാലതാരമായി എത്തി മലയാള സിനിമയിൽ ശ്രദ്ധനേടിയ ആളാണ് എസ്തർ അനിൽ. ജീത്തു ജോസഫ്- മോഹൻലാൽ കോമ്പോയിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം ആയിരുന്നു എസ്തറിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിച്ചത്. മോഹൻലാലിന്റെ മകളായിട്ടായിരുന്നു താരം ദൃശ്യത്തിൽ അഭിനയിച്ചത്. നിലവിൽ ദൃശ്യം 3യുടെ ഷൂട്ടിങ്ങിലാണ് എസ്തർ. തതവസരത്തിൽ നടി പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായിരിക്കുകയാണ്.
മോഹൻലാലിന്റെ വാട്സപ്പ് ചാറ്റാണ് എസ്തർ പങ്കിട്ടിരിക്കുന്നത്. എസ്തറിന്റെ മടിയിൽ ഇരിക്കുന്ന തരത്തിൽ ഒരു കുരങ്ങനെ എഡിറ്റ് ചെയ്ത ഫോട്ടോയാണ് മോഹൻലാൽ അയച്ചിരിക്കുന്നത്. ഒപ്പം "ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്" എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. ഈ ഫോട്ടോ എസ്തർ സ്റ്റോറി ആക്കുകയും ചെയ്തു. 'ലാൽ അങ്കിളിനൊപ്പമുള്ള അതിജീവനത്തിന്റെ മറ്റൊരു ദിവസം', എന്നും എസ്തർ കുറിച്ചിട്ടുണ്ട്. 'ജോർജുകുട്ടിയുടെ ഓരോ കുസൃതികളേ', എന്ന് കുറിച്ചു കൊണ്ടാണ് ഈ സ്റ്റോറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ദൃശ്യം 2 ഇറങ്ങിയ സമയത്ത് മൂന്നാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. ദൃശ്യം 3യുടെ ക്ലൈമാക്സ് തന്റെ പക്കലുണ്ടെന്നും ജീത്തു മുൻപ് പറഞ്ഞതാണ്. പിന്നാലെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചിത്രം വരുന്നുവെന്ന് അറിക്കുകയായിരുന്നു. ഒപ്പം ഷൂട്ടിങ്ങും ആരംഭിച്ചു. ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ മൂന്നാം ഭാഗം ഭാഗം വരുമ്പോൾ എന്തൊക്കെ സസ്പെൻസ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗൺ ആയിരുന്നു ഹിന്ദി ചിത്രത്തിൽ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തമിഴില്‍ കമല്‍ഹാസന്‍ ആയിരുന്നു നായകന്‍.



