അടുത്തിടെ യുട്യൂബില്‍ ഇൻസ്റ്റന്‍റ് ഹിറ്റായ വീഡിയോകളായിരുന്നു അര്‍ജ്ജുന്‍ എന്ന യുവ യുട്യുബറുടെ ടിക് ടോക് റിയാക്ഷനുകള്‍. സ്വന്തം യുട്യൂബ് ചാനലുമായി രണ്ട് വര്‍ഷം മുന്‍പുതന്നെ അര്‍ജ്ജുന്‍ ഈ രംഗത്തുണ്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് സബ്സ്ക്രൈബേഴ്‍സിന്‍റെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും ചാനല്‍ റെക്കോര്‍ഡ് ഇട്ടത്. 'ടിക് ടോക് റോസ്റ്റിംഗ്' എന്ന പേരില്‍ ആരംഭിച്ച റിയാക്ഷന്‍ വീഡിയോകളില്‍ ചിലത് 40 ലക്ഷത്തിലധികം കാണികളെ നേടി. ടിക് ടോക്കില്‍ ഏറെ ഫോളോവേഴ്‍സുള്ള പലരും അര്‍ജ്ജുന്‍റെ 'റോസ്റ്റിംഗി'ന് വിധേയരായിരുന്നു. ബിഗ് ബോസ് താരം ഫുക്രുവും അതില്‍ ഉള്‍പ്പെടും. ഫുക്രുവിന്‍റെ ഒരു ഡാന്‍സ് വീഡിയോയ്ക്ക് അര്‍ജ്ജുന്‍ ഒരു എപ്പിസോഡില്‍ റിയാക്ഷന്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ അതിനുള്ള തന്‍റെ പ്രതികരണം ഒരു വീഡിയോയിലൂടെത്തന്നെ നല്‍കിയിരിക്കുകയാണ് ഫുക്രു.

ALSO READ: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്‍ത് പ്രിയ വാര്യര്‍

അര്‍ജ്ജുന് മറുപടി എന്ന നിലയില്‍ അര്‍ജ്ജുന്‍റെ റിയാക്ഷന്‍ വീഡിയോയുടെ മാതൃകയില്‍ ഒരു ട്രോള്‍ വീഡിയോ ഉണ്ടാക്കിയിരിക്കുകയാണ് ഫുക്രു. കൂടാതെ അര്‍ജ്ജുന്‍റെ അവതരണത്തില്‍ നെഗറ്റീവ് എന്ന് തനിക്ക് തോന്നിയ കാര്യങ്ങളും ഫുക്രു ചൂണ്ടിക്കാട്ടുന്നു. ഒരു റിയാക്ഷന്‍ വീഡിയോയില്‍ അര്‍ജ്ജുന്‍ തന്‍റെ കൈയ്യിലുള്ള പാവയോട് സംസാരിക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ മറ്റൊരാളെ ഓര്‍മ്മ വരുന്നെന്നാണ് രജിത് കുമാറിനെക്കുറിച്ച് സൂചിപ്പിച്ച് ഫുക്രുവിന്‍റെ റിയാക്ഷന്‍.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഫുക്രു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ 75 ദിവസങ്ങളില്‍ അവസാനിച്ച സീസണില്‍ അവസാനം വരെ ഫുക്രു ഉണ്ടായിരുന്നു.