റെക്കോര്‍ഡ് ഫോളോവേഴ്‍സ് ഉണ്ടായിരുന്ന തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്‍ത് സിനിമാതാരം പ്രിയ പ്രകാശ് വാര്യര്‍. 7.2 മില്യണ്‍ ഫോളോവേഴ്‍സ് ആണ് പ്രിയക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രിയ വാര്യര്‍ ഒരു താല്‍ക്കാലിക ഇടവേളയാണ് എടുക്കുന്നതെന്നും പിന്നീട് തിരിച്ചെത്തുമെന്നും നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ 2019ലെത്തിയ ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെയാണ് പ്രിയ വാര്യരുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ച. ഗാനം റെക്കോര്‍ഡ് കാണികളെ നേടിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും പ്രിയ സെന്‍സേഷന്‍ ആവുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്‍സിനെ നേടിയിരുന്നു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‍സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയുമായിരുന്നു.

ALSO READ: ട്രോളിന് പ്രതികരണം മറുട്രോള്‍; യുട്യൂബര്‍ അര്‍ജ്ജുന് മറുപടിയുമായി ഫുക്രു

അഡാറ് ലവിന് ശേഷം ഹിന്ദി, തെലുങ്ക് സിനിമകളിലും പ്രിയ വാര്യര്‍ അഭിനയിച്ചിരുന്നു. ശ്രീദേവി ബംഗ്ലാവ്, ലവ് ഹാക്കേഴ്‍സ് എന്നീ ഹിന്ദി ചിത്രങ്ങളിലും ചന്ദ്രശേഖര്‍ യെലെട്ടി സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിലും പ്രിയ അഭിനയിച്ചിരുന്നു. ഒരു കന്നഡ ചിത്രവും പ്രിയ വാര്യരുടേതായി പുറത്തുവരാനുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് വിഷ്‍ണുപ്രിയ എന്നാണ്. ശ്രേയസ് മഞ്ജുവാണ് ഈ ചിത്രത്തിലെ നായകന്‍.