നടി ഹൻസിക മോട്‌വാനിക്കും അമ്മയ്ക്കുമെതിരെ സഹോദരന്റെ മുൻ ഭാര്യ നൽകിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. 

മുംബൈ: തനിക്കെതിരെ ക്രൂരത കാണിച്ചുവെന്ന് ആരോപിച്ച് നടി ഹൻസിക മോട്‌വാനിക്കും അമ്മ ജ്യോതി മോട്‌വാനിക്കെതിരെയും സഹോദരന്‍റെ മുന്‍ ഭാര്യ മുസ്‌കാൻ നാൻസി ജെയിംസ് നല്‍കിയ കേസില്‍ ഇട്ട എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടിയും അമ്മയും ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

2024 ഡിസംബർ 18-ന് മുംബൈയിലെ അംബോലി പോലീസ് സ്റ്റേഷനിൽ ഐപിസിയിലെ 498 എ സ്ത്രീക്കെതിരെയുള്ള ക്രൂരത, ഐപിലി 323 പരിക്കേൽപ്പിക്കൽ, 504 സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവ്വമായ അപമാനം, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം നടിക്കും അമ്മയ്ക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

സഹോദരനും ഭാര്യയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നം 2021 മുതല്‍ ഉണ്ടെന്നും 2022 ൽ പരസ്പര വിവാഹമോചന ചർച്ചയിലൂടെ പരിഹരിക്കപ്പെടുകയും ചെയ്തതിനാൽ കേസില്‍ തന്‍റെ പേര് വന്നതില്‍ താൻ ഞെട്ടിപ്പോയെന്ന് ഹൻസിക മോട്‌വാനി തന്റെ ഹർജിയിൽ പറയുന്നു.

2020 ഡിസംബറിൽ ഹൻസിക മോട്‌വാനിയുടെ സഹോദരൻ പ്രശാന്ത് മോട്‌വാനിയെ ടിവി നടിയായ മുസ്‌കാൻ നാൻസി ജെയിംസും വിവാഹം കഴിച്ചത്. 2022 ഡിസംബറിൽ ദമ്പതികൾ വേർപിരിഞ്ഞു. എന്നാല്‍ വിവാഹ ബന്ധത്തിന്‍റെ തുടക്കം മുതല്‍ ഹന്‍സികയും അമ്മയും തന്നെ പീഡിപ്പിച്ചുവെന്നാണ് മുസ്കാന്‍ ആരോപിക്കുന്നത്.

വിവാഹ ചടങ്ങുകളിലും ഹൻസിക മോട്‌വാനി സമ്മാനമായി ഫാൻസി വാച്ചുകൾ അടക്കം ആവശ്യപ്പെട്ടതായും ഉദയ്പൂരിലെ ഒരു ആഡംബര വിവാഹ വേദിക്കായി തന്റെ ഫ്ലാറ്റ് വിൽക്കാനും 20 ലക്ഷം രൂപ നൽകാനും നിർബന്ധിതയായതായും അവർ ആരോപിച്ചു. 

വിവാഹശേഷം, ഹൻസിക മോട്‌വാനി തന്റെ സഹോദരഭാര്യയുടെ ജീവിതത്തിൽ നിയന്ത്രണം ചെലുത്തി, ഭാര്യയ്‌ക്കെതിരെ തിരിയാൻ സഹോദരനെ പ്രേരിപ്പിച്ചു, മുസ്കാന്‍റെ ജീവിത രീതികള്‍ തന്നെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ അഭിനയ കരിയറില്‍ ഇടപെട്ടുവെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. 

എഫ്‌ഐആർ ഫയൽ ചെയ്തത് ദുരുദ്ദേശ്യത്തോടെയാണെന്ന് ഹൻസിക മോട്‌വാനിയുടെ ഹർജിയിൽ പറയുന്നു. എഫ്‌ഐആർ ഫയൽ ചെയ്യാനുള്ള യഥാർത്ഥ കാരണം, ഹൻസിക മോട്‌വാനി തന്റെ സഹോദരൻ പ്രശാന്തിനും മുസ്കാനും വിവാഹസമയത്ത് കടം കൊടുത്ത 27 ലക്ഷം രൂപ ആവശ്യപ്പെട്ടതിനാലാണെന്ന് പറയുന്നു. 

കഴിഞ്ഞ ഫെബ്രുവരിയില്‍ കേസില്‍ ഹന്‍സികയ്ക്കും അമ്മയ്ക്കും കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ബോംബൈ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുസ്കാന് നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു. കേസ് ജൂലൈയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. 

ബോളിവുഡിലെ ദേശസ്നേഹ സിനിമകളുടെ സംവിധായകന്‍; മനോജ് കുമാര്‍ അന്തരിച്ചു

വെറും മൂന്ന് കോടിക്ക് എടുത്ത പടം, തീയറ്ററില്‍ വന്‍ വിജയം, ചൂടന്‍ രംഗങ്ങള്‍ ഇന്നും വൈറല്‍: വീണ്ടും എത്തുന്നു!