ഹേര ഫേരി 3 എന്ന ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് പരേഷ് റാവൽ വിശദീകരിച്ചു. 

കൊച്ചി: പ്രിയദർശന്‍റെ ഹേര ഫേരി 3 ഉപേക്ഷിക്കാനുള്ള തീരുമാനം ബോളിവുഡ് നടൻ പരേഷ് റാവൽ വെളിപ്പെടുത്തിയത് ബോളിവുഡിനെ ഞ‌െട്ടിച്ച വാര്‍ത്തയായിരുന്നു. നിർമ്മാതാക്കളുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും സംവിധായകൻ തന്റെ മനസ്സ് മാറ്റാൻ പോലും ശ്രമിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. എങ്കിലും താന്‍ ചിത്രം ഉപേക്ഷിച്ചുവെന്നാണ് നടന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ മിഡ്-ഡേയ്ക്ക് നൽകിയ സമീപകാല അഭിമുഖത്തിൽ പരേഷ് റാവല്‍ ചിത്രത്തില്‍ നിന്നും പോകുന്നത് താന്‍ തടയാൻ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തി. അക്ഷയ് കുമാറിന്‍റെ പരേഷിന്‍റെ പിന്മാറ്റത്തോടുള്ള പ്രതികരണത്തെക്കുറിച്ചും പ്രിയദർശൻ ഈ അഭിമുഖത്തില്‍ പറഞ്ഞു. 

പരസ്യ പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ആരെയും പരേഷ് ചിത്രത്തില്‍ നിന്നും പുറത്തുപോകാനുള്ള തീരുമാനം വ്യക്തിപരമായി അറിയിച്ചില്ല. ഇതില്‍ കടുത്ത വേദനയും ഞെട്ടലും ഉണ്ടായെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. പ്രഖ്യാപനത്തിന് ശേഷം, തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ടെന്നും, എന്നാൽ സിനിമയിൽ നിന്ന് പിന്മാറുന്നതിന് തന്റേതായ കാരണങ്ങളുണ്ടെന്നും വ്യക്തമാക്കി പരേഷ് പിന്നീട് തനിക്ക് സന്ദേശം അയച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ഹേര ഫേരി 3 ഉപേക്ഷിക്കരുതെന്ന് പരേഷിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നില്ലെന്ന് സംവിധായകൻ സമ്മതിച്ചു. നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാണ് എന്ന അഭ്യൂഹങ്ങളും പ്രിയദര്‍ശന്‍ അഭിസംബോധന ചെയ്തു. 

"ഞാൻ അദ്ദേഹത്തെ തടയാൻ ശ്രമിച്ചില്ല, കാരണം അദ്ദേഹം ഒരിക്കലും പ്രോജക്റ്റ് ഉപേക്ഷിക്കുകയാണെന്ന് എന്നോട് പറഞ്ഞില്ല. ഞാൻ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചപ്പോൾ, 'ദയവായി എന്നെ വിളിക്കരുത്. ഇത് എന്റെ തീരുമാനമാണ്, ഇതിന് നിങ്ങളുമായി ഒരു ബന്ധവുമില്ല' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സന്ദേശം അയച്ചു. നമ്മൾ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം എഴുതി. എന്‍റെ അറിവില്‍ അക്ഷയ് ഒരിക്കലും ആരുടെയും റോളുകൾ വെട്ടിയിട്ടില്ല. ഒരു സംവിധായകന്റെ കാഴ്ചപ്പാടിൽ അദ്ദേഹം ഇടപെടാറില്ല".

ഹേര ഫേരി 3യുടെ പ്രധാന നിര്‍മ്മാതാവ് അക്ഷയ് കുമാറാണ്. അക്ഷയ് കുമാറുമായുള്ള പ്രശ്നമാണ് ചിത്രത്തില്‍ നിന്നും പരേഷ് റാവല്‍ പിന്‍മാറാനുള്ള കാരണം എന്ന് വാര്‍ത്ത വന്നിരുന്നു. 

പരേഷിന്റെ തീരുമാനം കേട്ട് അക്ഷയ് കുമാര്‍ കരഞ്ഞ് പോയതായി പ്രിയദർശൻ വെളിപ്പെടുത്തി, “എല്ലാ കരാറുകളും ഒപ്പിട്ടു. പത്ത് ദിവസം മുമ്പ്, സുനിൽ, അക്ഷയ്, പരേഷ് എന്നിവരുടെ ഒരു രംഗവും ചിത്രീകരിച്ചു. ഹേര ഫേരി 3 ചെയ്യാൻ ഞങ്ങൾ ഏകകണ്ഠമായി സമ്മതിച്ചതിനുശേഷം മാത്രമാണ് അക്ഷയ് ഫ്രാഞ്ചൈസിയുടെ അവകാശങ്ങൾ വാങ്ങിയത്. ‘പ്രിയൻ, പരേഷ് എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്?’ എന്ന് എന്നോട് ചോദിച്ചപ്പോള്‍ അക്ഷയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. പരേഷ് പുറത്തുപോയതിനാൽ അക്ഷയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകരുത്. ആവശ്യമായ എല്ലാ നടപടികളും അദ്ദേഹം സ്വീകരിക്കേണ്ടിവരുമെന്ന് ഞാൻ മനസ്സിലാക്കുന്നു.” പ്രിയദര്‍ശന്‍ പറഞ്ഞു.