'റാംജിറാവ് സ്പീക്കിംഗി'ന്‍റെ റീമേക്ക് ആയിരുന്നു 2000 ല്‍ പുറത്തെത്തിയ 'ഹേര ഫേരി'
നിരവധി ഹിറ്റ് മലയാള സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് അവിടെയും ഹിറ്റ് ആക്കിയിട്ടുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍, സാംസ്കാരികമായ മാറ്റങ്ങളോടെ ഉത്തരേന്ത്യന്‍ മണ്ണിലേക്ക് മലയാള ചിത്രങ്ങള്‍ പറിച്ചുനടുന്നതില്‍ എടുത്തുപറയേണ്ട മികവ് കാട്ടിയിട്ടുണ്ട്. അതിനാല്‍ത്തന്നെ പ്രിയദര്‍ശനും അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്കും ഹിന്ദിയില്‍ വലിയ ആരാധകരുമുണ്ട്. ഒന്നിലധികം ചിത്രങ്ങള്‍ ഹിന്ദിയില്‍ പ്രിയദര്‍ശന്‍റേതായി എത്താനുണ്ട്. ഒന്ന് അക്ഷയ് കുമാര്‍ നായകനാവുന്ന ഭൂത് ബംഗ്ലയാണ്. രണ്ട് ഹേര ഫേരി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രവും. മലയാളത്തിലെ ഹിറ്റ് ചിത്രം റാംജിറാവ് സ്പീക്കിംഗിന്റെ റീമേക്ക് ആയിരുന്നു 2000 ല്‍ പുറത്തെത്തിയ ഹേര ഫേരി. രണ്ടാം ഭാഗമായ ഫിര്‍ ഹേര ഫേരി 2006 ലും പുറത്തെത്തിയിരുന്നു. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ കൂട്ടുകെട്ടിനെ സ്ക്രീനില്‍ ഒരിക്കല്‍ക്കൂടി കാണാന്‍ കൊതിച്ചിരുന്ന പ്രേക്ഷകരെ നിരാശരാക്കുന്ന ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. പരേഷ് റാവല്‍ ചിത്രത്തില്‍ ഉണ്ടാവില്ല എന്നതായിരുന്നു റിപ്പോര്‍ട്ട്. സര്‍ഗാത്മകമായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അദ്ദേഹം പിന്മാറി എന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരേഷ് റാവല്‍.
അണിയറക്കാരുമായുള്ള സര്‍ഗാത്മകമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് താന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് പരേഷ് റാവല്‍ പറയുന്നു- "സര്‍ഗാത്മകമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നല്ല ഞാന്‍ ഹേര ഫേരി 3 ല്‍ നിന്ന് പിന്മാറിയതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംവിധായകനുമായി അത്തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളൊന്നും ഇല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എനിക്ക് ഏറെ സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള സംവിധായകനാണ് പ്രിയദര്‍ശന്‍", പരേഷ് റാവല്‍ എക്സില്‍ കുറിച്ചു.
റാംജിറാവില്‍ ഇന്നസെന്‍റ് അവതരിപ്പിച്ച മാന്നാര്‍ മത്തായിക്ക് സമാനമായി ഹിന്ദി റീമേക്കില്‍ പ്രിയദര്‍ശന്‍ സൃഷ്ടിച്ച ബാബുറാവു ഗണ്‍പത്‍റാവുവിനെയാണ് ഹേര ഫേരിയില്‍ പ്രിയദര്‍ശന്‍ സൃഷ്ടിച്ചത്. 2006 ല്‍ പുറത്തെത്തിയ ഫിര്‍ ഹേര ഫേരിയുടെ സംവിധാനം നീരജ് വോറ ആയിരുന്നു. അതേസമയം 2017 മുതല്‍ റിപ്പോര്‍ട്ടുകള്‍ എത്തിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായ ഹേര ഫേരി 3. നീരജ് വോറ, ഇന്ദ്രകുമാര്‍, അനീസ് ബസ്മീ തുടങ്ങിയ സംവിധായകരുടെ പേരുകളാണ് പലപ്പോഴായി ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് കേട്ടത്. ഈ വര്‍ഷം ജനുവരിയിലാണ് ചിത്രം പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുകയെന്ന് ഉറപ്പായത്.


